
അയോധ്യയിലെ രാമജന്മഭൂമി കോംപ്ലക്സ് വിപുലീകരിക്കാന്‍ വിശാല പദ്ധതികളുമായി ശ്രീരാമ ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ്. ഇതിന്റെ ഭാഗമായി രാമഭൂമിയ്ക്ക് തൊട്ടടുത്തുള്ള 676.85 ചതുരശ്ര മീറ്റര്‍ ഭൂമികൂടി ട്രസ്റ്റ് വാങ്ങി. ഒരുകോടി രൂപയ്ക്കാണ് പുതിയ ഭൂമികൈമാറ്റം നടന്നത്. 70 ഏക്കര്‍ ഉണ്ടായിരുന്ന രാമജന്മഭൂമി കോംപ്ലക്സ് 107 ഏക്കറായി വിപുലീകരിക്കാനാണ് ട്രസ്റ്റിന്റെ പദ്ധതി.
ബിജെപി എംഎല്‍എ ഐപി തിവാരിയുടേയും ആര്‍എസ്എസ് അയോധ്യ പ്രചാരക് ഡോ അനില്‍ മിശ്രയുടേയും സാന്നിധ്യത്തിലാണ് ഭൂമിക്കൈമാറ്റം നടന്നത്. ഇന്നലെ വൈകീട്ട് സ്ഥലത്തിന്റെ രജിസ്ട്രേഷന് പൂര്‍ത്തിയായതായി ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. രാമജന്മഭൂമിയെ രാജ്യത്തെ പ്രധാന തീര്‍ഥാടനകേന്ദ്രമാക്കി മാറ്റുന്നതിനുള്ള മറ്റ് തടസങ്ങള്‍ ഒഴിവാക്കാനാണ് തൊട്ടടുത്തുള്ള കൂടുതല്‍ ഭൂമി വാങ്ങുന്നതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ ഭൂമികൂടി ചേരുമ്പോഴുള്ള 107 ഏക്കറില്‍ അഞ്ച് ഏക്കര്‍ ഭൂമിയില്‍ ക്ഷേത്രം പണിയാനാണ് ട്രസ്റ്റിന്റെ പദ്ധതി. ബാക്കിയുള്ള സ്ഥലത്ത് അനുബന്ധ കെട്ടിടങ്ങളും തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കാനാണ് തീരുമാനം. ഈ സ്ഥലത്ത് മ്യൂസിയം, വായനശാല, യജ്ഞശാല, ഫോട്ടോ ഗാലറി എന്നിവ ഒരുക്കും. കോംപ്ലക്സിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ തൊട്ടടുത്തുള്ള വീട്ടുകാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞതായും ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കി.
44 ദിവസങ്ങള്‍ കൊണ്ട് രാമക്ഷേത്രനിര്‍മ്മാണത്തിനായി ക്ഷേത്രട്രസ്റ്റ് 2100 കോടി രൂപ സമാഹരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 2500 കോടി രൂപയില്‍ കുറയാതെ പണം സമാഹരിക്കാന്‍ കഴിയുമെന്നാണ് ട്രസ്റ്റിന്റെ കണക്കുകൂട്ടല്‍. ശ്രീറാം ജന്മഭൂമി മന്ദിര്‍ നിധി സമര്‍പന്‍ അഭിയാന് എന്ന പ്രചരണപരിപാടി ജനുവരി 15 മുതലാണ് ധനസമാഹരണ യജ്ഞം ആരംഭിച്ചത്. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന രാമഭക്തരില്‍ നിന്നും സംഭാവന സ്വീകരിക്കാന്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് കഴിഞ്ഞതായും ട്രസ്റ്റ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.