Top

‘അവള്‍ അപ്പടിതാന്‍’, സില്‍ക്ക് സ്മിതയുടെ തമിഴ് ബയോപിക്ക് ഒരുങ്ങുന്നു

പരാജയപ്പെട്ട ആ താരത്തിന് തിരശ്ശീലയ്ക്ക് പിന്നില്‍ നേരിടേണ്ടി വന്നതും മുതലെടുപ്പുകള്‍ മാത്രമാണെന്നായിരുന്നു പ്രിയപ്പെട്ടവരുടെ വെളിപ്പെടുത്തല്‍.

3 Oct 2020 6:16 AM GMT

‘അവള്‍ അപ്പടിതാന്‍’, സില്‍ക്ക് സ്മിതയുടെ തമിഴ് ബയോപിക്ക് ഒരുങ്ങുന്നു
X

തന്റെ 16 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ഇന്ത്യയിലാകെ തരംഗമായി മാറിയ സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും ചലചിത്രമാകുന്നു. കെ എസ് മണികണ്ഠന്‍ തമിഴിലൊരുക്കുന്ന ‘അവള്‍ അപ്പടിതാന്‍’ എന്ന ചിത്രത്തിലുടെയാണ് സില്‍ക്ക് സ്മിതയുടെ ജീവിതം തിരശ്ശീലയിലെത്തുന്നത്. 2011 ല്‍ സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡ് ചിത്രം ഡേര്‍ട്ടി പിക്ച്ചറിന് ശേഷം സില്‍ക്ക് സ്മിതയുടെ കഥ പറയുന്ന ആദ്യത്തെ സൗത്ത് ഇന്ത്യന്‍ ചിത്രമാണ് ‘അവള്‍ അപ്പടിതാന്‍’. സൗത്ത് ഇന്ത്യയേയും ബോളിവുഡിനേയും തന്റെ ശരീര സൗന്ദര്യവും ഭാവഭേഭങ്ങളും കൊണ്ട് ആരാധകരാക്കി പെട്ടന്നൊരു ദിവസം നിഗൂഢത ബാക്കിയാക്കി മറഞ്ഞ സില്‍ക്ക് സ്മിതയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ അവതരിപ്പിക്കുന്ന ആഴത്തിലുള്ള അവതരണമായിരിക്കും ചിത്രമെന്ന് സംവിധായകന്‍ പറഞ്ഞു.

ഗായത്രി ഫിലിംസിന്റെ ചിത്ര ലക്ഷ്മണനും മുരളി സിനി ആര്‍ട്ട്‌സിന്റെ എച്ച് മുരളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം നവംബറില്‍ ചിത്രീകരണമാരംഭിക്കുമെന്നാണ് സൂചന.

കണ്ണുകള്‍ കൊണ്ട് അനേകം കഥ പറയാനുള്ള കഴിവാണ് സില്‍ക്കിന്റ വിജയം. അവള്‍ വച്ചുപോയ സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് ഇന്നും സമാനതകള്‍ കണ്ടെത്താനായിട്ടില്ല. സില്‍ക്ക് സ്മിതയുടെ കഥാപാത്രത്തോട് നീതി പുലര്‍ത്താനാകുന്ന ഒരാളെ ആ വേഷത്തിലേക്ക് തേടുകയാണ്, സംവിധായകന്‍ കെ എസ് മണികണ്ഠന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ആന്ധ്രാപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലേക്ക് വന്ന സില്‍ക്ക് സ്മിത തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകള്‍ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ 450 ലധികം ചിത്രങ്ങള്‍ ചെയ്തു. 1996 സെപ്റ്റംബര്‍ 23 ന് ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ സില്‍ക്ക് സ്മിതയെ കണ്ടെത്തി. വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലമാണ് ആത്മഹത്യ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Next Story