റോയല്‍ കാറോടുന്നത് ചീസിലും വൈനിലും; ചാള്‍സ് രാജകുമാരന്റെ വാശിയില്‍ ആസ്റ്റന്‍ മാര്ട്ടിന് മുട്ടുകുത്തിയപ്പോള്‍
2018-ല്‍ ഹാരി രാജകുമാരന്റെയും മേഗന് മാര്‍ക്കിളിന്റെയും വിവാഹത്തിന് ജാഗ്വാര്‍ ഇ-ടൈപ്പിന്റെ ഇലക്ട്രിക് എഞ്ചിന് അവതരപ്പിച്ചത് മറ്റൊരു ഉദാഹരണം
17 Oct 2021 4:39 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചാള്‍സ് രാജകുമാരന് അദ്ദേഹത്തിന്റെ 21-ാം ജന്മദിനത്തില് എലിസബത്ത് രാജ്ഞി സമ്മാനിച്ച നീല 1970 ആസ്റ്റണ്‍ മാര്ട്ടിന് ഡിബി6 എംകെഐഐ റോയല്‍ ഗാരേജിലെ വിന്റേജ് വോളാന്റേ കളക്ഷനുകളിലെ തിളക്കമേറിയ അംഗമാണ്. എന്നാല്‍ ഈ വാഹനത്തിന്റെ ഇന്ധനം വൈറ്റ് വൈനും ചീസുമാണെന്ന് അറിയുമായിരുന്നോ. ചീസ് നിര്‍മ്മാണ പ്രക്രിയയില്‍ ബാക്കി വരുന്ന ഉത്പാദന മാലിന്യവും രാജ്യത്ത് മിച്ചം വരുന്ന വൈറ്റ് വൈനുമാണ് ചാള്‍സ് രാജകുമാരന്റെ വാഹനത്തിന്റെ ഇന്ധനം. ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ ചാള്‍സ് രാജകുമാരന് തന്നെയാണ് ഇക്കാര്യങ്ങള്‍ വെൡപ്പെടുത്തല്‍ നടത്തിയത്.
പ്രകൃതി സ്നേഹിയും കാലാവസ്ഥ വ്യതിയാനത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന ചാള്‍സ് രാജകുമാരന്റെ വാശിയില്‍ ആസ്റ്റന്‍ മാര്ട്ടിന് എഞ്ചിനീയര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചാണ് റോയല്‍ കാറിനെ ഇക്കോ ഫ്രണ്ട്ലിയാക്കിയത്. പെട്രോളിന് പകരം പ്രകൃതി സൗഹൃദമായ മറ്റൊരു ഇന്ധനം വേണമെന്ന ആവശ്യത്തെ ആദ്യം ഒഴിവുകഴിവുകള്‍ പറഞ്ഞ് നിരസിക്കാനായിരുന്നു കമ്പനിയുടെ ശ്രമം. എന്നാല്‍ അങ്ങനെയല്ലാതെ വാഹനം ഗാരേജില്‍ നിന്ന് പുറത്തിറക്കില്ലെന്ന ചാള്‍സ് രാജകുമാരന്റെ വാശിക്ക് മുന്നില്‍ ഒടുവിലവര്‍ക്ക് മുട്ടുമടക്കേണ്ടി വരികയായിരുന്നു.
ഇതാദ്യമായല്ല രാജ കുടുംബം തങ്ങളുടെ വിന്റേജ് കാറുകളില്‍ പരമ്പരാഗത ഇന്ധനം ഉപേക്ഷിച്ച് മോഡിഫിക്കേഷന് അവതരിപ്പിക്കുന്നത്. 2018-ല്‍ ഹാരി രാജകുമാരന്റെയും മേഗന് മാര്‍ക്കിളിന്റെയും വിവാഹത്തിന് ജാഗ്വാര്‍ ഇ-ടൈപ്പിന്റെ ഇലക്ട്രിക് എഞ്ചിന് അവതരപ്പിച്ചത് മറ്റൊരു ഉദാഹരണം. ഉടമ ആഗ്രഹിക്കുന്ന പക്ഷം പഴയ മാതൃകയിലേക്ക് തിരിച്ചുപോകാനാകുന്ന വിധത്തിലായിരുന്നു വാഹനം മോഡിഫിക്കേഷന് നടത്തിയത്.