Top

എയ്സിന് ഇലക്ട്രിക് വേരിയന്റുമായി ടാറ്റ; 39,000 യൂണിറ്റുകളുടെ വിതരണ ധാരണാപത്രം ഒപ്പുവെച്ച് കമ്പനി

ഇതോടെ വാണിജ്യ വാഹനങ്ങളിൽ ആദ്യമായി ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ വാഹന നിർമാതാക്കളായി ടാറ്റ മാറി

5 May 2022 9:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എയ്സിന് ഇലക്ട്രിക് വേരിയന്റുമായി ടാറ്റ; 39,000 യൂണിറ്റുകളുടെ വിതരണ ധാരണാപത്രം ഒപ്പുവെച്ച് കമ്പനി
X

ന്യൂഡൽഹി: എയ്സ് ഇ.വിയിലൂടെ വാണിജ്യ ആവശ്യങ്ങൾക്കായുള്ള വാഹനങ്ങളിൽ ഇലക്ട്രിക് വേരിയന്റ് അവതരിപ്പിച്ച് ടാറ്റ. ഇതോടെ വാണിജ്യ വാഹനങ്ങളിൽ ആദ്യമായി ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ വാഹന നിർമാതാക്കളായി ടാറ്റ മാറി. വ്യവസായ ഭീമന്മാരായ ആമസോൺ, ബി​ഗ്ബാസ്ക്കറ്റ്, ഫ്ലിപ്കാർട്ട് തുടങ്ങിയവരുടെ ആവശ്യങ്ങൾ പരി​ഗണിച്ചും സഹകരിച്ചുമാണ് ടാറ്റ വാഹനം വികസിപ്പിച്ചിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ ടാറ്റ എയ്സ് ഇ.വി മുൻ പതിപ്പായ എയ്സ് എച്ച്.ടി പ്ലസിനോട് സാമ്യം തോന്നിക്കും. എന്നാൽ ഇലക്ട്രിക് വേരിയന്റാണെന്ന് തിരിച്ചറിയിക്കുന്ന ബാഡ്ജ് വാഹനത്തിന്റെ മുന്നിലും ഇരുവശങ്ങളിലുമുണ്ട്. ബാറ്ററി ഘടിപ്പിച്ചിട്ടുള്ള വാഹനത്തിന്റെ അടിഭാ​ഗത്തെ കവറിലും ഇലക്ട്രിക് വേരിയന്റാണെന്ന് വിളിച്ചുപറയുന്ന ​ഗ്രാഫിക്സുണ്ട്.

വാഹനത്തിൽ രണ്ട് കാബ് സീറ്റുകളാണുള്ളത്. സെൻട്രൽ മോണ്ടഡ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് കീഴിലായി ഇൻഫോടെെൻമെന്റ് ഡിസ്പ്ലേയുണ്ട്. ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് യു.എസ്.ബി, ഓക്സ് കണക്റ്റിവിറ്റി എന്നിവക്കുള്ള സൗകര്യവും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. വെെദ്യുതീകരിച്ച പവർ ട്രെയിൻ ഘടിപ്പിച്ചിട്ടുള്ള വാഹനത്തിന് 208 ക്യുബിക് ഫീറ്റ് കാർ​ഗോ സ്പെയ്സുണ്ട്. വാഹനത്തിന് 600കിലോ​ഗ്രാം പേലോഡ് ഭാരം വഹിക്കാനാവുമെന്ന് കമ്പനി ഉറപ്പുനൽകുന്നു.

21.3 കിലോ വാട്ട് അവർ ശേഷിയുള്ളതാണ് വാഹനത്തിന്റെ ബാറ്ററി. ഒറ്റ ചാർജിങ്ങിൽ 154 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും. വേ​ഗത്തിൽ ചാർജ് നിറക്കുവാനായി ടാറ്റ രണ്ട് ചാർജിങ് പോർട്ടുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറിനുള്ളിൽ തന്നെ 10 ൽ നിന്ന് 80 ശതമാനം ചാർജെത്തിക്കാൻ ഇതിന് കഴിയും. എന്നാൽ ഇത് വീടുകളിൽ ഉപയോ​ഗിക്കുന്ന സാധാരണ ചാർജറുകൾ വഴി ഏഴു മുതൽ എട്ട് മണിക്കൂർ വരെ നീണ്ടേക്കാം.

ആമസോൺ, ബി​ഗ്ബാസ്ക്കറ്റ്, സിറ്റി ലിങ്ക്, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് പോകാനുള്ള ധാരണപത്രം ഒപ്പിട്ടതായി ടാറ്റ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 39,000 ഇ.വി വാഹന യൂണിറ്റുകൾ വിതരണത്തിനൊരുങ്ങുകയാണെന്നും കമ്പനി വെളിപ്പെടുത്തി.

Story Highlights: tata becomes the first indian manufacturer built electric varient in commercial vehicle through ace ev

Next Story