Top

അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍, ആഡംബര സൗകര്യങ്ങള്‍; പ്രധാനമന്ത്രിയുടെ പുതിയ മെഴ്‌സിഡസ്-മെയ്‌ബാക്ക് എസ് 650 ഗാർഡിന്റെ പ്രത്യേകതകള്‍

മണിക്കൂറിൽ 160 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

28 Dec 2021 3:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍, ആഡംബര സൗകര്യങ്ങള്‍; പ്രധാനമന്ത്രിയുടെ പുതിയ മെഴ്‌സിഡസ്-മെയ്‌ബാക്ക് എസ് 650 ഗാർഡിന്റെ പ്രത്യേകതകള്‍
X

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ആഡംബര സൗകര്യങ്ങളുമായി പ്രധാനമന്ത്രിയുടെ പുതിയ വാഹനം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ സ്വീകരിക്കാൻ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലേക്ക് പ്രധാനമന്ത്രി വന്നിറങ്ങിയത് 12 കോടി വിലമതിക്കുന്ന തന്റെ മെഴ്‌സിഡസ്-മെയ്‌ബാക്ക് എസ് 650 ഗാർഡിലാണ്. ഇന്ന് വിപണിയിലുള്ള വാഹനങ്ങളില്‍ ഏറ്റവും അധികം സുരക്ഷ വാഗ്ദാനം ചെയ്യുന്ന വാഹനത്തിന് വിആർ10 ലെവല്‍ സെക്യൂരിറ്റിയാണുള്ളത്.

നവീകരിച്ച ജനലുകളും ബോഡിയുമുള്ള വാഹനത്തിന് വെടിയുണ്ടകളെ നേരിടാനും ഇന്‍ -ബില്‍ട്ട് AK-47 റൈഫിളുകളിൽ നിന്ന് പ്രത്യാക്രമണം നടത്താനും കഴിയും. രണ്ട് മീറ്റർ ദൂര പരിധിയിലുണ്ടാകുന്ന 15 കിലോഗ്രാം വരെ ടിഎൻടി സ്ഫോടനത്തില്‍ നിന്ന് യാത്രികനെ സംരക്ഷിക്കാനും വാഹനത്തിന് സാധിക്കും. എക്‌സ്‌പ്ലോസീവ് റെസിസ്റ്റന്റ് വെഹിക്കിൾ (ഇആർവി) 2010 റേറ്റിംഗാണ് വാഹനത്തിനുള്ളത്.


നേരിട്ടുള്ള സ്‌ഫോടനത്തിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി വാഹനത്തിന്റെ അടിവശത്തും കനത്ത സുരക്ഷാ കവചമാണ് ഒരുക്കിയിരിക്കുന്നത്. ഗ്യാസ് ചേംബർ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ വാഹനത്തിനകത്ത് പ്രത്യേക എയർ സപ്ലൈയും സാധ്യമാകുന്ന രീതിയിലാണ് വാഹനത്തിന്റെ രൂപകല്‍പ്പന. പ്രത്യേക റൺ-ഫ്ലാറ്റ് ടയറുകളുള്ളതിനാല്‍ പഞ്ചറായാലും മറ്റ് കേടുപാടുകളുണ്ടായാലും വാഹനത്തിന്റെ മുന്നോട്ടുപോക്ക് തടസപ്പെടില്ല.

6.0 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിനാണ് വാഹനത്തിന്റേത്. മണിക്കൂറിൽ 160 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. സീറ്റ് മസാജറുകളുള്‍പ്പടെ ആഡംബര ഇന്റീരിയറാണ് വാഹനത്തിന്റേത്. കൂടുതല്‍ ലെഗ്റൂമിനായി മോഡിഫിക്കേഷനില്‍ സീറ്റുകള്‍ പുനസ്ഥാപിച്ചിട്ടുണ്ട്. ഒരുപോലെയുള്ള രണ്ട് വാഹനങ്ങളാണ് ഇത്തരത്തില്‍ തയ്യാറാക്കിയിട്ടുള്ളത്. ഒന്ന് യാത്രയ്ക്കായി ഉപയോഗിക്കുമ്പോള്‍ അടുത്ത വാഹനം അക്രമികളെ തെറ്റിദ്ധരിപ്പിക്കാനായി ഡിക്കോയ് ആയാണ് ഉപയോഗിക്കുക. രണ്ട് വാഹനത്തിനും 12 കോടി വീതമാണ് വില.


സാധാരണ രാഷ്ട്ര തലവന്‍മാർക്ക് ആയുള്ള ഒരു പുതിയ വാഹനങ്ങള്‍ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്. മോഡിഫിക്കേഷനിലടക്കം എസ്പിജിയുടെ ഇടപെടലുകളുണ്ടാകും.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബുള്ളറ്റ് പ്രൂഫ് മഹീന്ദ്ര സ്‌കോർപ്പിയോ ആയിരുന്നു പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ വാഹനം. 2014-ൽ പ്രധാനമന്ത്രി പദത്തിലെത്തിയതിന് ശേഷം ബിഎംഡബ്ല്യു 7 സീരീസ് ഹൈ-സെക്യൂരിറ്റി എഡിഷനിലേക്ക് മാറി. തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ലാൻഡ് റോവർ റേഞ്ച് റോവർ വോഗും, ടൊയോട്ട ലാൻഡ് ക്രൂയിസറുമായിരുന്നു അദ്ദേഹവുമായി സഞ്ചരിച്ചിരുന്നത്.Next Story