ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ച് എങ്ങനെ കുളത്തില്‍ ചാടി?, കേരളത്തില്‍ സംഭവിക്കുന്നത് എന്ത്?
''ഗൂഗിള്‍ വഴികള്‍ എപ്പോഴും സുരക്ഷിത വഴികള്‍ അല്ല.''
19 May 2022 3:15 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. ഗൂഗിള്‍ മാപ്പ് കാണിക്കുന്ന വഴികള്‍ എപ്പോഴും സുരക്ഷിതമായിരിക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. ഗൂഗിള്‍ മാപ്പ് നോക്കി പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്നത് മണ്‍സൂണ്‍ കാലങ്ങളില്‍ അപകടം സൃഷ്ടിക്കുമെന്നും എംവിഡി മുന്നറിയിപ്പ് നല്കി.
മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത് ഇങ്ങനെ: ഗൂഗിള്‍ വഴികള്‍ എപ്പോഴും സുരക്ഷിത വഴികള്‍ അല്ല.
ആധുനികകാലത്ത് ഡ്രൈവിംഗിന് വളരെ സഹായകരമായ ഒരു ആപ്ലിക്കേഷന്‍ ആണ് ഗൂഗിള്‍ മാപ്പ് എന്നാല്‍ ചിലപ്പോഴെങ്കിലും മാപ്പ് നോക്കി പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്നത് അപകടം സൃഷ്ടിക്കുന്നതാണ്, പ്രത്യേകിച്ച് മണ്‍സൂണ്‍ കാലങ്ങളില്‍.
ട്രാഫിക് കുറവുള്ള റോഡുകളെ മാപ്പിന്റെ അല്‍ഗോരിതം എളുപ്പം എത്തുന്ന (Fastest route) വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമായി കൊള്ളണമെന്നില്ല.
തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങള്‍ നിറഞ്ഞ നിരത്തുകളിലും തിരക്ക് കുറവുള്ളതിനാല്‍ ഗൂഗിളിന്റെ അല്‍ഗോരിതം നമ്മെ അതിലേ നയിച്ചേക്കാം. എന്നാല്‍ നമ്മളെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചു കൊള്ളണമെന്നില്ല, മാത്രവുമല്ല പലപ്പോഴും GPS സിഗ്നല്‍ നഷ്ടപ്പെട്ട് രാത്രികാലങ്ങളില്‍ ചിലപ്പോള്‍ ഊരാക്കുടുക്കിലും പെടാം.
ചില വിദേശ രാജ്യങ്ങളില്‍ Snowfall സംഭവിച്ചേക്കാവുന്ന ഇടങ്ങളില്‍ GPS ഉപയോഗിക്കുന്നതില്‍ നിയന്ത്രണ മുന്നറിയിപ്പ് നല്‍കുന്നത് അതു കൊണ്ടാണ്.
സഞ്ചാരികള്‍ കൂടുതല്‍ തിരയുന്ന റിസോര്‍ട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിള്‍ ലൊക്കേഷനില്‍ മന:പൂര്‍വ്വമോ അല്ലാെതയൊ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തില്‍ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട ഒന്നാണ്.
അപകട സാദ്ധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീര്‍ത്തും അപരിചിതമായ വിജനമായ റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം. സിഗ്നല്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ ആദ്യമെ റൂട്ട് ഡൗണ്‍ലോഡ് ചെയ്തിടുന്നതും നല്ലതാണ്.
- TAGS:
- Google Map
- Kerala
- MVD