ഫോര്‍ഡ് ഏറ്റെടുക്കാന്‍ എംജി മോട്ടോര്‍സ്
ഔദ്യോഗിക വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല.
26 Sep 2021 5:03 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യയിലെ പ്രവര്‍ത്തനം നഷ്ടത്തില്‍ തുടരുന്നത് കണക്കിലെടുത്ത് കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യ വിടുന്നുവെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഗുജറാത്തിലേയും തമിഴ്നാട്ടിലേയും പ്ലാന്റുകളിലെ വാഹനം നിര്‍മാണം 2022 അവസാനത്തോടെ നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഫോര്‍ഡിന്റെ പ്ലാന്റുകള്‍ ഏറ്റെടുക്കാന്‍ എം.ജി. മോട്ടോഴ്സ് സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഗുജറാത്തിലെ ഹാലോലിലാണ് എം.ജി. മോട്ടോഴ്സിന്റെ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ പ്ലാന്റുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് എം.ജി മോട്ടോഴ്സും ഫോര്‍ഡും പ്രാഥമിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇത് സംബന്ധിച്ച് ഇരു കമ്പനികളും ഔദ്യോഗിക വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല.
കൊറോണ ഒന്നാം തരംഗത്തിന് ശേഷം വാഹന വില്‍പ്പന ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് നിര്‍മാണം വര്‍ധിപ്പിക്കുന്നതിനായി ഫോര്‍ഡിന്റെ വാഹന നിര്‍മാണശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നിര്‍മിക്കുന്നത് എം.ജി പരിഗണിച്ചിരുന്നു.
അതേസമയം, പുതിയ സാഹചര്യത്തില്‍ ഇരു കമ്പനികളും വാഹനം നിര്‍മിക്കുന്നതും പ്ലാന്റ് ഏറ്റെടുക്കുന്നതും സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.