'ആ വാഹനം എനിക്ക് തരൂ, പകരം ഒരു ബൊലേറോ തരാം'; കുഞ്ഞന്‍ ജീപ്പിന് ആനന്ദ് മഹീന്ദ്രയുടെ 'എക്സ്ചേഞ്ച് ഓഫര്‍'
23 Dec 2021 2:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിര്‍മാണത്തിന് ഉപയോഗിച്ചത് പാഴ് വസ്തുക്കള്‍, സ്റ്റാര്‍ട്ട് ചെയ്യാന്‍ കിക്കര്‍. കുഞ്ഞന്‍ ജീപ്പിന് മുന്നിലെ ഗ്രില്ല് തെളിയിക്കുന്നുണ്ട് ഈ വാഹനം നിര്‍മിച്ചയാള്‍ക്ക് വാഹനങ്ങളോടുള്ള ഇഷ്ടം. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയുടെ വാക്കുകളാണ് ഇത്. മഹാരാഷ്ട്രയിലെ ദേവരാഷ്ട്ര ഗ്രാമത്തില്‍ നിന്നുള്ള ദത്താത്രയ ലോഹര്‍ എന്നയാളുടെ കരവിരുതാണ് ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധ പിടിച്ച് പറ്റിയത്. പാഴ്വസ്തുക്കള് ഉപയോഗിച്ച് തന്റെ മകന്റെ ആഗ്രഹപ്രകാരമായിരുന്നു ദത്താത്രയ ലോഹര്‍ കുഞ്ഞന്‍ ജീപ്പ് നിര്‍മിച്ചത്.
എന്നാല്‍ ജീപ്പ് ശ്രദ്ധയില്‍പെട്ട മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയുടെ പ്രതികരണമാണ് വാഹനത്തെ ചര്‍ച്ചാവിഷയം ആക്കുന്നത്. 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഉള്‍പ്പെടെ പങ്കുവച്ചാണ് ആനന്ദ് മഹീന്ദ്ര തന്റെ അഭിനന്ദനം പങ്കുവച്ചത്.
'കൃത്യമായി നിയന്ത്രണങ്ങളൊന്നും പാലിച്ചുള്ളവയല്ല ഈ വാഹനം. പക്ഷെ, നമുക്ക് ചുറ്റിലുമുള്ള ആളുകളുടെ കഴിവുകള്‍ വളരെ വലുതാണ്. ഇതിന്റെ മുന്നിലെ ഗ്രില്ല് തെളിയിക്കുന്നുണ്ട് ഈ വാഹനം നിര്‍മിച്ചയാളിന് വാഹനങ്ങളോടുള്ള ഇഷ്ടം്,'എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. വാഹന നിര്‍മാണ മേഖലയില്‍ പ്രചോദനമായേക്കാവുന്ന മികച്ച സൃഷ്ടിയാണിത്. ഈ കുഞ്ഞന്‍ വാഹനം തനിക്ക് തന്നാല്‍ 'ബൊലേറോ' പകരം തരാമെന്ന ഓഫറും ആനന്ദ് മഹീന്ദ്ര നല്കുന്നു. വാഹനം മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ പ്രദര്‍ശിപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.
60,000 രൂപ ചെലവിലാണ് ഈ വാഹനം കുഞ്ഞന്‍ ജീപ്പ് നിര്‍മിച്ചിട്ടുള്ളതെന്നാണ് വിവരം. കാലപ്പഴക്കത്തെ തുടര്‍ന്ന് ഉപേക്ഷിച്ച കാറിന്റെ പാര്‍ട്സുകളും മറ്റുമാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ബൈക്കുകളില്‍ നല്‍കിയിരിക്കുന്നത് പോലെ ക്വിക്കര്‍ ഉപയോഗിച്ചാണ് ഈ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യുന്നത്. രണ്ട് സീറ്റുകളിലായി നാല് പേര്‍ക്കും കുഞ്ഞന്‍ ജീപ്പില്‍ യാത്ര ചെയ്യാന്‍ സാധിക്കും.