ചുട്ടപ്പം പോലെ വിറ്റുപോയി വാഹനങ്ങൾ; ഹാർലിയുടെ ഇലക്ട്രിക് മോട്ടോർസെെക്കിളിന് ഇഷ്ടക്കാർ ഏറെ
ഈ സെഗ്മെന്റിൽ ഇവക്ക് മറ്റ് എതിരാളികളില്ലെന്നതും ശുഭസൂചന
12 May 2022 2:31 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വിൽപനക്കെത്തി 18 മിനിറ്റിനുള്ളിൽ ചുട്ടപ്പം പോലെ വിറ്റുപോയി ഹാർലി ഡേവിഡ്സണിന്റെ ഇലക്ട്രിക് മോട്ടോർസെെക്കിൾ. അമേരിക്കൻ മോട്ടോർ വാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സണിന്റെ സബ് ബ്രാന്റായ ലെെവ് വയർ പുറത്തിറക്കിയ എസ് 2 ഡെൽ മാറിനാണ് അമേരിക്കൻ വിപണിയിൽ ആവശ്യക്കാർ വർധിച്ചത്. 100 മോഡലുകളായി പരിമിതപ്പെടുത്തി വിപണിയിൽ പരിചയപ്പെടുത്തിയ വാഹനമാണ് ഹാർലിയുടെ എസ് 2 ഡെൽ മാർ. ലോഞ്ച് എഡിഷന് 17,699 യുഎസ് ഡോളറിനായിരുന്നു വില നിർണയിച്ചിരുന്നത്. ഇത് ഇന്ത്യൻ കറൻസിയിൽ 13.67 ലക്ഷത്തോളം വരും.
ഒറ്റനോട്ടത്തിൽ എസ് 2 ഡെൽ മാറിന് ഫ്ലാറ്റ് ട്രാക്കർ ഡിസെെനാണുള്ളത്. ഹാർലിയുടെ തന്നെ മറ്റു മോട്ടോർസെെക്കിളുകളെ അപേക്ഷിച്ച് കുറവ് ബോഡി പാനലുകളാണ് ഇവക്കുള്ളത്. മെലിഞ്ഞ ഫ്യുവൽ ടാങ്കിലേക്ക് നീളുന്ന ഒറ്റ സീറ്റുള്ള നിർമിതിയും വാഹനപ്രേമികളെ ആകർഷിക്കുന്നുണ്ട്. ജാസ്പർ ഗ്രേ, കോമറ്റ് ഇൻഡിഗോ എന്നീ രണ്ട് എക്സ്ക്ലൂസീവ് നിറങ്ങളിലായിരുന്നു ഹാർലി ലോഞ്ച് എഡിഷൻ അവതരിപ്പിച്ചത്.
മുന്നറിയിപ്പുകളില്ലാതെ ഫ്ലാറ്റ് ട്രാക്കറിൽ എത്തിയ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത വാരിയെല്ലുകൾക്ക് സമാനമായ ബാറ്ററി കെയ്സുകളാണ്. ഓവൽ മാതൃകയിലുള്ള എച്ച് ഡി ഫാറ്റ് ബോബ് ഹെഡ്ലെെറ്റും, ഹാൻഡിൽ ബാറിന് അറ്റത്തുള്ള റിയർ വ്യൂ മിററുകളും, വൃത്താകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകളുമെല്ലാം എസ് 2 ഡെൽ മാറിന് വേറിട്ട റെട്രോ ഫ്യൂച്ചറിസ്റ്റിക് ഭാവം നൽകുന്നുമുണ്ട്.
ലെെവ് വെയറിന്റെ പ്രൊപ്പറേറ്ററി ബാറ്ററിയും തനത് സാങ്കേതിക വിദ്യയുമാണ് എസ് 2 ഡെൽ മാറിൽ കമ്പനി എത്തിച്ചിരിക്കുന്നത്. 80 പിഎസ് ഹോഴ്സ് പവറിലെത്തുന്ന വാഹനത്തിന് പൂജ്യത്തിൽ നിന്ന് നൂറിലേക്കെത്താൻ 3.5 സെക്കന്റുകളോ അതിൽ താഴെയോ മാത്രമാണ് ആവശ്യം. നഗരത്തിൽ 160 കിലോമീറ്റർ വേഗതയാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നാൽ എലക്ട്രിക് ഡ്രെെവ് ട്രെയിൻ, ബാറ്ററി പാക്ക് തുടങ്ങിയ സാങ്കേതിക വിശദാംശങ്ങളെക്കുറിച്ച് കമ്പനി പുറത്തു വിട്ടിട്ടില്ല.
ഹാർലിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടാർസെെക്കിളിന് കാത്തിരിക്കുന്നവരും ഏറെയാണ്. എസ് 2 ഡെൽ മാറിന്റെ സ്റ്റാൻഡേർഡ് പതിപ്പ് 15,000 യുഎസ് ഡോളറിന് എത്തിക്കാനും കമ്പനിക്ക് ആലോചനയുണ്ട്. നികുതികൾ പരിഗണിക്കാതെ ഇന്ത്യൻ വിപണിയിൽ 11.58 ലക്ഷം രൂപക്കെത്തുമെന്ന് കരുതുന്ന ഈ വാഹനം ശരാശരി ഉപഭോക്താവിന് താങ്ങാനാവുന്ന മോഡലാകുമെന്നും വിലയിരുത്തുന്നു. മാത്രമല്ല, ഈ സെഗ്മെന്റിൽ ഇവക്ക് മറ്റ് എതിരാളികളില്ലെന്നും ശുഭസൂചനയാണ്.
Story Highlights: Sold out in minutes; Harley electric motorcycle S2 Del Mar hits the American market