Top

ഇന്ത്യക്കാർക്ക് ഇഷ്ടം ഹാർലി തന്നെ; 1000 സിസി മോട്ടോർസെെക്കിളിൽ വൻ കുതിപ്പുമായി അമേരിക്കൻ കമ്പനി

ബജറ്റിനനുസരിച്ച് യുക്തിപൂർവം വാഹനങ്ങൾ തെരഞ്ഞെടുക്കുന്ന ഇന്ത്യക്കാരുടെ മാർക്കറ്റ് കയ്യടക്കാൻ 500 സിസിക്ക് താഴെയുള്ള മോട്ടോർസെെക്കിളുകൾ അവതരിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്

17 May 2022 5:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യക്കാർക്ക് ഇഷ്ടം ഹാർലി തന്നെ; 1000 സിസി മോട്ടോർസെെക്കിളിൽ വൻ കുതിപ്പുമായി അമേരിക്കൻ കമ്പനി
X

ഇന്ത്യക്കാരായ വാഹനപ്രേമികളുടെ മനം കവർന്ന് അമേരിക്കൻ വാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ. 1000 സിസി വാഹനങ്ങളുടെ സെ​ഗ്മന്റുകളിലാണ് ഹാർലി ഇന്ത്യൻ മാർക്കറ്റിൽ ശക്തമായ സാന്നിധ്യമാകുന്നത്. എന്നാൽ നിശ്ചലമായ വിൽപനയും, കർശനമായ എമിഷൻ മാനദണ്ഡങ്ങളും, കൊവിഡ് മഹാമാരിയും ഹാർലിയെ പിടിച്ചുലച്ചിരുന്നു. കടക്കെണിയിലേക്ക് നീങ്ങുന്നു എന്നു പോലും വിലയിരുത്തപ്പെടുന്ന സമയത്താണ് ഈ കുതിപ്പ് എന്നതും വാഹന ലോകത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്.

2009 മുതൽ തന്നെ ഹാർലിക്ക് ഇന്ത്യയിൽ മാന്യമായ ആരാധകവൃന്തമുണ്ട്. ഇത് വർധിപ്പിക്കാനായി ഇന്ത്യയിലെ ഇരുചക്ര വാഹന ഭീമന്മാരായ ഹീറോ മോട്ടോ കോർപ്പുമായി ഹാർലി കെെകോർത്തിരുന്നു. ഈ വ്യവസായ ചങ്ങാത്തവും കമ്പനിക്ക് 1000 സിസി വാഹനങ്ങളുടെ വിൽപനയിൽ ​ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ.



സൊസെെറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബെെൽ മാനുഫാക്ചറേഴ്സ് (SIAM) ഇന്ത്യയിൽ വിൽപന നടത്തുന്ന പ്രീമിയം മോട്ടാർസെെക്കിളുകളുടെ എണ്ണം മൂന്നക്കത്തിലാണ് പരി​ഗണിക്കുക. കൊവിഡ് പ്രതിസന്ധിക്കിടയിലും ഹാർലി ഇന്ത്യയിൽ 601 മോട്ടോർസെെക്കിളുകൾ വിൽപന നടത്തിയെന്നാണ് കണക്കുകൾ. ഇതിൽ വലിയൊരു ഭാഗവും (531 യൂണിറ്റുകൾ) പാൻ അമേരിക്ക 1250 സ്പെഷ്യൽ പോലുള്ള 1000 സിസിക്ക് മുകളിലുള്ള വാഹനങ്ങളാണെന്നും കാണാം. 2021 ന്റെ ആദ്യ പാദത്തിൽ 206 വാഹനങ്ങളുമായി 26 ശതമാനം വളർച്ച മാത്രമുണ്ടായിരുന്ന കമ്പനി ഈ വർഷത്തെ ആദ്യ പാദത്തിൽ 37 ശതമാനമായി ഉയർന്നിട്ടുണ്ട്.



പ്രീമിയം വാഹനങ്ങളിൽ ഹാർലിയുടെ എതിരാളികളായ ട്രയംഫ് 336 യൂണിറ്റുകളും, കാവസാക്കി 283 വാഹനങ്ങളും, ഹോണ്ട കേവലം 71 യൂണിറ്റുകളുമാണ് ഇന്ത്യയിൽ ഇതേസമയം വിൽപന നടത്തിയിരിക്കുന്നത്. ഹീറോ മോട്ടോ കോർപ്പുമായുള്ള പങ്കാളിത്തത്തോടെ ഹാർലിക്ക് ഇന്ത്യയിൽ നിലവിൽ പ്രീമിയം വാഹനങ്ങളുടേതായി 13 ഡിലർഷിപ്പുകളാണുള്ളത്. അതേസമയം പാൻ അമേരിക്ക 1250 സ്പെഷ്യലാണ് ഹാർലിക്ക് വിപണി പിടിച്ചുകൊടുത്തതെന്നും വിലയിരുത്തുന്നു.



ഹാർലി അടുത്തിടെ 2022 നെെറ്റ്സ്റ്റർ അവതരിപ്പിച്ചിരുന്നു. 975 സിസിയിൽ മാക്സ് വി ട്വിൻ എഞ്ചിനുകളിലെത്തിയ വാഹനം അധികം വെെകാതെ ഇന്ത്യൻ വിപണിയിലെത്തും. ബജറ്റിനനുസരിച്ച് യുക്തിപൂർവം വാഹനങ്ങൾ തെരഞ്ഞെടുക്കുന്ന ഇന്ത്യക്കാരുടെ മാർക്കറ്റ് കയ്യടക്കാൻ 500 സിസിക്ക് താഴെയുള്ള മോട്ടോർസെെക്കിളുകൾ അവതരിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഇതിന്റെ ആദ്യ ചുവടെന്നോണം ഹാർലി ഡേവിഡ്സൺ സ്പോർട്സ്റ്റർ എസ് കമ്പനി അവതരിപ്പിച്ചിരുന്നു.

Story Highlights: Indians like Harley much; American Manufacturers dominates Indian market of 1000cc segment

Next Story