
കള്ളപ്പണക്കേസിലും ശബ്ദരേഖ ചോര്‍ന്ന കേസിലും സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നു. ജയില്‍ ഉദ്ദ്യോഗസ്ഥരില്ലാതെ ചോദ്യം ചെയ്യാനുള്ള അനുമതി ആവശ്യപ്പെട്ടുകൊണ്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു. ഇതിന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി ഇഡി ജയിലില്‍ എത്തിയത്.
ജയിലില്‍ നിന്നും സ്വപ്നയുടെ ശബ്ദരേഖ ചോര്‍ന്നതില്‍ ക്രൈംബ്രാഞ്ച് സംഘം എത്തി സ്വപ്നയെ നേരത്തെ ചോദ്യം ചെയ്തു. ഇഡി തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ സ്വപ്ന തന്റെ ശബ്ദരേഖയില്‍ പറഞ്ഞിരുന്നു. പൊലീസ് ഉദ്ദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്താലാണ് സ്വപ്ന ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് തുടങ്ങിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇഡി സ്വപ്നയെ ജയിലിലെത്തി ചോദ്യം ചെയ്യുന്നത്.
അതേസമയം കസ്റ്റംസിന് നല്കിയ രഹസ്യമൊഴിയില്‍ സ്വപ്ന നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ഏറെ ഗൗരവമുള്ളതായിരുന്നു. കള്ളക്കടത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന വിവരങ്ങളായിരുന്നു സ്വപ്ന നല്‍കിയിരുന്നത്. ഇത് സംബന്ധിച്ചും ഇഡി സ്വപ്നയോട് കൂടുതല്‍ വിശദീകരണം തേടും എന്നാണ് സൂചന.
സ്വപ്നയുടെ ശബ്ദരേഖ പുത്ത് വന്നതിന് പിന്നാലെ ഇഡിക്ക് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നല്കാന് ഇഡി പ്രേരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഇഡിക്കെതിരെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജയില്‍ ഉദ്ദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാതെ സ്വപ്നയെ ചോദ്യം ചെയ്യണം എന്ന ആവശ്യവുമായി ഇഡി എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയ്ക്ക് യാതൊരു വിധത്തിലുമുള്ള മാനസീക സംഘര്‍ഷം ഉണ്ടാവരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കോടതി നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് ്നുമതി നല്‍കിയിരിക്കുന്നത്.