Top

അബ്ദുള്ളകുട്ടിയ്ക്ക് നേരെ മലപ്പുറത്ത് ആക്രമണം; ന്യൂനപക്ഷനേതാവിന് അംഗീകാരം ലഭിച്ചതിലെ അസഹിഷ്ണുതയാകാമെന്ന് കെ സുരേന്ദ്രന്‍;ബിജെപി പ്രതിഷേധം

പൊന്നാനിയില്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിച്ച തന്നെ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചെന്നും പിന്നീട് തന്റെ വാഹനത്തെ പിന്തുടര്‍ന്ന് ഒരു ലോറി എത്തുകയും പിന്നില്‍ വന്നിടിക്കുകയയിരുന്നുവെന്നാണ് അബ്ദുള്ളക്കുട്ടിയുടെ പരാതി.

8 Oct 2020 7:58 PM GMT

അബ്ദുള്ളകുട്ടിയ്ക്ക് നേരെ മലപ്പുറത്ത് ആക്രമണം;  ന്യൂനപക്ഷനേതാവിന് അംഗീകാരം ലഭിച്ചതിലെ അസഹിഷ്ണുതയാകാമെന്ന് കെ സുരേന്ദ്രന്‍;ബിജെപി പ്രതിഷേധം
X

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ള കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി പരാതി. മലപ്പുറത്ത് വെച്ച് തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും താന്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിന്റെ പിറകില്‍ രണ്ട്തവണ ലോറി കൊണ്ടിടിച്ചെന്നും അബദുള്ളകുട്ടി പറഞ്ഞു. മലപ്പുറം രണ്ടത്താണിയിലായിരുന്നു സംഭവം. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി ബിജെപി സംസ്ഥാനഅധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

പൊലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നെങ്കിലും ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനോ അവരെ അറസ്റ്റ് ചെയ്യാനോ ഇതുവരെ തയ്യാറായിട്ടില്ലെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാനത്തെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ബിജെപി ഇന്ന് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ പ്രഖ്യാപിച്ചു.

ആരാണ് ഇത് ചെയ്തതെന്നോ എന്താണ് അതിന് പിന്നിനുള്ള ലക്ഷ്യമെന്നോ ഇതുവരെ വ്യക്തത വന്നിട്ടില്ല. ന്യൂനപക്ഷ സമുദായത്തിലെ ഒരു നേതാവിന് വലിയ രീതിയിലുള്ള അംഗീകാരം ലഭിച്ചതില്‍ ചില അധമശക്തികള്‍ക്ക് തോന്നുന്ന അസഹിഷ്ണുതയാകാം അക്രമത്തിന് പിന്നിലെന്ന് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചു. പൊന്നാനിയില്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിച്ച തന്നെ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചെന്നും പിന്നീട് തന്റെ വാഹനത്തെ പിന്തുടര്‍ന്ന് ഒരു ലോറി എത്തുകയും പിന്നില്‍ വന്നിടിക്കുകയയിരുന്നുവെന്നാണ് അബ്ദുള്ളക്കുട്ടിയുടെ പരാതി. പാര്‍ട്ടി ഒറ്റക്കെട്ടായി അബ്ദുള്ളക്കുട്ടിയ്‌ക്കൊപ്പം നില്‍ക്കുമെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Next Story