Top

‘ബിജെപിയ്ക്ക് നിരാശ, ഇച്ഛാഭംഗം, അതാണവര്‍ വൈര്യാഗ്യം തീര്‍ക്കാന്‍ എന്‍ഐഎയേയും ഇഡിയേയും ഉപയോഗിക്കുന്നത്’: മെഹ്ബൂബ മുഫ്തി

ഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ്, എന്‍ഐഎ പോലുള്ള അന്വേഷണ ഏജന്‍സികളെ ബിജെപി ഉപയോഗിക്കുകയാണെന്നും ഇത് അവരുടെ നിരാശയും ഇച്ഛാഭംഗവുമാണ് സൂചിപ്പിക്കുന്നതെന്നും മുഫ്തി പറഞ്ഞു.

20 Dec 2020 12:45 AM GMT

‘ബിജെപിയ്ക്ക് നിരാശ, ഇച്ഛാഭംഗം, അതാണവര്‍ വൈര്യാഗ്യം തീര്‍ക്കാന്‍ എന്‍ഐഎയേയും ഇഡിയേയും ഉപയോഗിക്കുന്നത്’: മെഹ്ബൂബ മുഫ്തി
X

ക്രിക്കറ്റ് അസോസിയേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സംഭവത്തില്‍ പ്രതികരണവുമായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തി. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ്, എന്‍ഐഎ പോലുള്ള അന്വേഷണ ഏജന്‍സികളെ ബിജെപി ഉപയോഗിക്കുകയാണെന്നും ഇത് അവരുടെ നിരാശയും ഇച്ഛാഭംഗവുമാണ് സൂചിപ്പിക്കുന്നതെന്നും മുഫ്തി പറഞ്ഞു.

ഇന്നലെയാണ് കേസുമായി ബന്ധപ്പെട്ട് ഫറൂഖ് അബ്ദുള്ളയുടെ 12 കോടിയുടെ ആസ്തി ഇഡി കണ്ടുകെട്ടിയത്. ജമ്മു കശ്മീരിലെ പീപ്പിള്‍സ് അലൈന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ സഖ്യത്തില്‍ കശ്മീര്‍ ജനത തൃപ്തരാണെന്നും അതില്‍ നിരാശരായ ബിജെപി വൈരാഗ്യം തീര്‍ക്കുകയാണെന്നും മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

ഫറൂഖ് അബ്ദുള്ളയുടെ മൂന്ന് വീടുകളും വ്യവസായ ആവശ്യത്തിനുള്ള മറ്റ് സ്വത്തുക്കളും ഉള്‍പ്പെടെയുള്ളവയാണ് ഇഡി കണ്ടുകെട്ടിയത്. കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ രണ്ട് തവണ ഇഡി അബ്ദുള്ളയെ ചോദ്യം ചെയ്തിരുന്നു. രേഖകളില്‍ 11.86 കോടി എന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും കണ്ടുകെട്ടിയ വസ്തുവകകള്‍ക്ക് വിപണിയില്‍ ഏകദേശം 60 മുതല്‍ 70 കോടി രൂപവരെ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഈ സ്വത്തുവകകളൊന്നും തട്ടിപ്പിലൂടെ സമ്പാദിച്ചതല്ലെന്നും ഇവയില്‍ പലതും പരമ്പരാഗതമായി കൈവന്ന സ്വത്തുക്കളാണെന്നുമാണ് ഫറൂഖ് അബ്ദുള്ള വിശദീകരിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫെറന്‍സ് നേതാക്കള്‍ പറഞ്ഞു.

യാതൊരു അടിസ്ഥാനവുമില്ലാതെ കെട്ടിച്ചമയ്ക്കപ്പെട്ട ഈ കേസിനെതിരെ കോടതിയെ സമീപിക്കുമെന്നായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ മകന്‍ ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. ഈ കണ്ടുകെട്ടല്‍ കോടതിയില്‍ ഒരു കാരണവശാലും നിലനില്‍ക്കില്ലെന്നും അദ്ദേഹം ഒരു ട്വീറ്റിലൂടെ സൂചിപ്പിച്ചു. മാധ്യമങ്ങള്‍ക്ക് നേരെയും അദ്ദേഹം ട്വീറ്റിലൂടെ വിമര്‍ശനമുന്നയിച്ചു. കണ്ടുകെട്ടല്‍ നടപടികളെക്കുറിച്ച് അച്ഛന് ഒദ്യോഗികമായി നോട്ടീസ് വരുന്നതിനുമുന്‍പേ കണ്ടുകെട്ടലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നുതുടങ്ങിയെന്നും ഇതില്‍ തനിക്ക് അത്ഭുതമൊന്നുമില്ലെന്നും ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു.

Next Story