ഇഞ്ചോടിഞ്ച്, അവസാന മിനിറ്റുകളിലേക്ക് നീണ്ട ആവേശപ്പോര്; എടികെ-ഗോവ മത്സരം സമനിലയില്‍

ഐഎസ്എല്ലിലെ ശക്തരായ എഫ്സി ഗോവ-എടികെ മോഹന്‍ ബഗാന് മത്സരം സമനിലയില്‍. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയതോടെയാണ് മത്സരം സമനിലയില്‍ കലാശിച്ചത്. എടികെ മോഹന്‍ ബഗാന് വേണ്ടി എഡു ഗാര്‍ഷ്യയും ഗോവയ്ക്ക് വേണ്ടി ഇഷാന് പണ്ഡിതയുമാണ് ഗോള്‍ നേടിയത്. ലീഗിലെ രണ്ടാം സ്ഥാനക്കാരാണ് എടികെ. 19 പോയിന്റുമായി തൊട്ടുപിന്നില്‍ ഗോവയുമുണ്ട്. 21 പോയിന്റാണ് എടികെയുടെ സമ്പാദ്യം.
തീപാറുന്ന ഫുട്ബോളിനാണ് ഫറ്റോര്‍ഡയിലെ മൈതാനം ഇന്ന് സാക്ഷിയായത്. ആദ്യ പകുതിയില്‍ മികച്ച പോരാട്ട വീര്യമാണ് ഇരു ടീമുകളും പുറത്തെടുത്തത്. 4-2-3-1 ഫോര്‍മേഷനില്‍ ഗോവയും 3-5-2 ശൈലിയില്‍ എടികെയും കളിക്കിറങ്ങി. എടികെയുടെ സൂപ്പര്‍ താരം റോയ് കൃഷ്ണയെ കൃത്യമായ ഗോവന്‍ പ്രതിരോധ നിരയ്ക്ക് തളച്ചിടാന്‍ കഴിഞ്ഞതാണ് മത്സരത്തില്‍ നിര്‍ണായകമായത്. ഗോളിലേക്ക് എത്തിക്കാവുന്ന മുന്നേറ്റങ്ങളിലേക്ക് ഇരു ടീമുകളും ആദ്യ പകുതിയില്‍ നടത്താന്‍ സാധിച്ചില്ല.
എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. 75-ാം മിനിറ്റില്‍ സ്പാനിഷ് മിഡ് ഫീല്‍ഡര്‍ എഡു ഗാര്‍ഷ്യ എടുത്ത മിന്നും ഫ്രീക്കിക്ക് ഗോവ പോസ്റ്റിലേക്ക് തുളച്ചു കയറി. ലീഗിലെ ഏറ്റവും മികച്ച സെറ്റ് പീസ് ഗോളിലൊന്നായിരുന്നു ഗാര്‍ഷ്യയുടെ ബൂട്ടില്‍ നിന്ന് പിറന്നത്. ഗോള്‍ വീണതോടെ ഗോവ ഉണര്‍ന്നു കളിച്ചു. 85-ാം മിനിറ്റില്‍ സൂപ്പര്‍ സബ് ഇഷാന് പണ്ഡിതയിലൂടെ എഫ്സി ഗോവ സമനില പിടിച്ചു. റീബൗണ്ടില്‍ നിന്നായിരുന്നു ഗോള്‍. ആദ്യ മത്സരത്തില്‍ എടികെ ഒരു ഗോളിന് ഗോവയെ കീഴടക്കിയിരുന്നു.