‘അവസാനമായി കാണാന്‍ കെഞ്ചി, അനുവദിച്ചില്ല, ഇംഗ്ലീഷ് മനസിലാകില്ലെന്ന് പറഞ്ഞ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാണിച്ചില്ല’, മനീഷയുടെ കുടുംബം മാധ്യമങ്ങളോട്
കഴിഞ്ഞ രണ്ട് ദിവസങ്ങളായി തങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നും സദാ പൊലീസ് തങ്ങളെ നീരീക്ഷിക്കുകയായിരുന്നുവെന്നും കുടുംബം മാധ്യമങ്ങളോട് വിശദീകരിച്ചു.

സവര്‍ണ്ണജാതിക്കാര്‍ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മനീഷയുടെ കുടുംബത്തിന് ദിവസങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ അവസരം ലഭിച്ചു. മാധ്യമങ്ങള്‍ക്ക് ഹാത്രസില്‍ പ്രവേശിക്കാന്‍ പ്രദേശത്തെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് ദേശീയ മാധ്യമങ്ങള്‍ക്ക് മനീഷയുടെ കുടുംബവുമായി കൂടിക്കാഴ്ച്ച നടത്താനായത്. പെണ്‍കുട്ടിയുടെ മൃതദേഹം അവസാനമായി ഒന്നു കാണാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസിനേയും അധികൃതരേയും നിരവധി തവണ സമീപിച്ചിട്ടും അതിനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടതായി മനീഷയുടെ കുടുംബം ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ആരുടെ മൃതദേഹമാണ് അന്ന് ദഹിപ്പിച്ചതെന്ന് പോലും തങ്ങള്‍ക്കറിയില്ലെന്ന് കുടുംബം മാധ്യമങ്ങളോടായിപ്പറഞ്ഞു.
‘ആരുടെ മൃതദേഹമാണ് അന്നേ ദിവസം ദഹിപ്പിച്ചത്? അതെങ്കിലും ഞങ്ങള്‍ക്കറിയണം. ആ മൃതദേഹം എന്റെ സഹോദരിയുടേയാണെങ്കില് എന്തിനാണ് അവരങ്ങനെ ദഹിപ്പിച്ചത്? അവസാനമായി അവളെ ഒന്ന് കാണാനുള്ള അനുമതിയ്ക്കായി ഞങ്ങളെല്ലാവരും പൊലീസിനോടും അധികൃതരോടും അപേക്ഷിച്ചു. ഒടുവില്‍ ഞങ്ങള്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ക്ക് ഇംഗ്ലീഷ് അറിയില്ല, അതൊന്നും മനസിലാകില്ല എന്ന മറുപടിയാണ് ഞങ്ങള്‍ക്ക് കിട്ടിയത്’. മനീഷയുടെ സഹോദരന് എഎന്‍ഐയോട് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി തങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നും സദാ പൊലീസ് തങ്ങളെ നീരീക്ഷിക്കുകയായിരുന്നുവെന്നും കുടുംബം മാധ്യമങ്ങളോട് വിശദീകരിച്ചു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് സംഘം പ്രദേശത്തെത്തി ഗ്രാമവാസികളോട് സംസാരിച്ചതായും അവര്‍ വെളിപ്പെടുത്തി. വീട്ടില്‍ തങ്ങള്‍ക്ക് അല്‍പ്പം സ്വകാര്യത ആവശ്യമുമെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും അവര്‍ അത് ചെവിക്കൊണ്ടില്ല എന്നും മനീഷയുടെ സഹോദരന് പറഞ്ഞു.
അതേസമയം മനീഷയുടെ കുടുംബവുമായി കൂടിക്കാഴ്ച്ച നടത്താന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കെസി വോണുബോപാലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സംഘം ഹാത്രസിലേക്കുള്ള യാത്രയിലാണ്.