Top

മനോരമ ലേഖകന്‍ ‘ഇടപെട്ടു’; ഷാഫി കത്തുനല്‍കി; ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ 50-ാം വാര്‍ഷികത്തിന് നിയമസഭയുടെ ആദരം

നിയമസഭാ സാമാജികത്വത്തില്‍ അമ്പത് വര്‍ഷം തികയ്ക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് അനുമോദനം നല്‍കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ലെന്നും വൈകിയെന്നും വിമര്‍ശനം. അവസാന ദിവസം പ്രതിപക്ഷത്ത് നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എ സ്പീക്കര്‍ക്ക് കത്തുനല്‍കിയതിന് ശേഷമാണ് അനുമോദനമുണ്ടായതെന്ന് ചൂണ്ടിക്കാട്ടി മലയാള മനോരമ ലേഖകന്‍ സുജിത്ത് നായര്‍ രംഗത്തെത്തി. 14-ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ അവസാന ദിനമാണ് വെള്ളിയാഴ്ച്ചയെന്നും ബോധപൂര്‍വമല്ലാതെ വിട്ടു പോയതാണ് എങ്കില്‍ ഈ ഒരു ദിവസം കൂടിയേ അതിനുള്ളൂവെന്നും വ്യക്തമാക്കി മനോരമ ലേഖകന്‍ ഇന്നലെ ഫേസ്ബുക്കിലൂടെ […]

22 Jan 2021 4:33 AM GMT

മനോരമ ലേഖകന്‍ ‘ഇടപെട്ടു’; ഷാഫി കത്തുനല്‍കി; ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ 50-ാം വാര്‍ഷികത്തിന് നിയമസഭയുടെ ആദരം
X

നിയമസഭാ സാമാജികത്വത്തില്‍ അമ്പത് വര്‍ഷം തികയ്ക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് അനുമോദനം നല്‍കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ലെന്നും വൈകിയെന്നും വിമര്‍ശനം. അവസാന ദിവസം പ്രതിപക്ഷത്ത് നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എ സ്പീക്കര്‍ക്ക് കത്തുനല്‍കിയതിന് ശേഷമാണ് അനുമോദനമുണ്ടായതെന്ന് ചൂണ്ടിക്കാട്ടി മലയാള മനോരമ ലേഖകന്‍ സുജിത്ത് നായര്‍ രംഗത്തെത്തി. 14-ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ അവസാന ദിനമാണ് വെള്ളിയാഴ്ച്ചയെന്നും ബോധപൂര്‍വമല്ലാതെ വിട്ടു പോയതാണ് എങ്കില്‍ ഈ ഒരു ദിവസം കൂടിയേ അതിനുള്ളൂവെന്നും വ്യക്തമാക്കി മനോരമ ലേഖകന്‍ ഇന്നലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

കേരള നിയമ സഭയില്‍ സുവര്‍ണ ജൂബിലി തികച്ച ഉമ്മന്‍ ചാണ്ടിയെ ഒടുവില്‍ ഇന്ന് സഭ ആദരിച്ചു. പ്രതിപക്ഷത്തെ ഷാഫി പറമ്പില്‍ രാവിലെ സ്പീക്കര്‍ക്ക് കത്ത് നല്‍കി. തുടര്‍ന്ന് സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുമോദന പ്രസംഗം നടത്തി. വൈകി വന്നവര്‍ക്ക് ഇന്നലത്തെ എഫ്ബി ഇടപെടല്‍ ആദ്യ കമന്റില്‍.

സുജിത് നായര്‍

സുജിത് നായരുടെ കുറിപ്പ്

“മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ സുവര്‍ണജൂബിലി തികച്ചശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണ് നടക്കുന്നത്. തുടര്‍ച്ചയായി 50 വര്‍ഷം പുതുപ്പള്ളിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വിജയം കോണ്‍ഗ്രസ് കൊണ്ടാടിയതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അദ്ദേഹത്തിന് അനുമോദനങ്ങള്‍ നേര്‍ന്നു. പക്ഷേ, കേരള നിയമസഭയില്‍ അക്കാര്യം ഇതുവരെ പരാമര്‍ശ വിധേയമായില്ല, അവിടെ ആരും അദ്ദേഹത്തെ അനുമോദിച്ചതുമില്ല. കെ എം മാണിയുടെ നിയമസഭാ സുവര്‍ണ ജൂബിലി 2017ല്‍ ഭരണപ്രതിപക്ഷങ്ങള്‍ ഒരുമിച്ചാണ് സഭയില്‍ ആഘോഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ അനുമോദിച്ചു കൊണ്ടു നടത്തിയ പ്രസംഗം അന്നു വാര്‍ത്തകളില്‍ നിറഞ്ഞു.

നല്ല മാതൃകയാണ് അതു വഴി ഭരണ പക്ഷം കാട്ടിയത്. പക്ഷേ ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ എന്തുകൊണ്ടോ അതുണ്ടായിട്ടില്ല. നാളെ( വെള്ളി) സഭ പിരിയുകയാണ്. 14-ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ അവസാന ദിനം. ബോധപൂര്‍വമല്ലാതെ വിട്ടു പോയതാണ് എങ്കില്‍ ഈ ഒരു ദിവസം കൂടിയേ അതിനുള്ളൂ. ഉമ്മന്‍ചാണ്ടിയുടെ നേട്ടം നിയമസഭയുമായി ബന്ധപ്പെട്ട ചരിത്രമാണ്. ആ ചരിത്രം നിയമസഭയിലെ നടപടി ക്രമങ്ങളുടെ രേഖകളിലും തീര്‍ച്ചയായും ഇടം പിടിക്കേണ്ടതാണ്.”

ജനങ്ങള്‍ക്കിടയില്‍ സവിശേഷവും അപൂര്‍വ്വവുമായ ഒരു ലഹരിയോടെ ജീവിക്കുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തന ശൈലി ഒരു പാഠപുസ്തകം പോലെ പഠനാര്‍ഹമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുമോദനത്തിടെ നിയമസഭയില്‍ പറഞ്ഞു.

ജനപ്രാതിനിധ്യത്തിന്റെ അര നൂറ്റാണ്ട് പിന്നിടുമ്പോഴും മടുപ്പില്ലാതെ പൊതുജീവിതത്തില്‍ വിസ്മയം തീര്‍ക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് സഭയുടെ അഭിവാദനങ്ങള്‍, അനുമോദനങ്ങള്‍ അറിയിക്കുന്നു.

പി ശ്രീരാമകൃഷ്ണന്‍

പാര്‍ലമെന്ററി ജനാധിപത്യത്തിലെ അപൂര്‍വ്വ നേട്ടമാണ് ഉമ്മന്‍ ചാണ്ടി സ്വന്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി പറഞ്ഞത്

”ബഹുമാനപ്പെട്ട ശ്രീ ഉമ്മന്‍ ചാണ്ടിയ്ക്ക് അനുമോദനങ്ങള്‍ അങ്ങയുടെ (സ്പീക്കറുടെ) വികാരത്തിനൊപ്പം ചേര്‍ന്ന് അറിയിക്കട്ടെ. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ കടന്നുവന്ന അദ്ദേഹം 1970ലെ നാലാം കേരള നിയമസഭയിലാണ് ആദ്യമായി അംഗമാകുന്നത്. ആ സഭയില്‍ ഞാനും അംഗമായിരുന്നു. അതിന് ശേഷം 11 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നും അദ്ദേഹം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇത് അപൂര്‍വ്വമാണ്. യശ ശരീരനായ ശ്രീ കെ എം മാണിയേയും ഇതുപോലുള്ള ഒരു അവസരത്തില്‍ ഈ സഭയില്‍ വെച്ച് അനുമോദിക്കാന്‍ അവസരം ലഭിച്ചിരുന്നു. 14-ാം നിയമസഭ രണ്ട് അംഗങ്ങളുടെ സേവനത്തിന്റെ സുവര്‍ണജൂബിലിയ്ക്ക് സാക്ഷ്യം വഹിച്ചു എന്നത് അപൂര്‍വ്വമായ നേട്ടമാണ്. ശ്രീ ഉമ്മന്‍ ചാണ്ടിയ്ക്ക് തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ പ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും രണ്ട് തവണ കേരള മുഖ്യമന്ത്രിയായും ഒരു തവണ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുള്ള വിപുലമായ പാര്‍ലമെന്ററി പ്രവര്‍ത്തന പാരമ്പര്യമുണ്ട്. ജനങ്ങളുടെ അംഗീകാരം നേടി പൊതുരംഗത്ത് കര്‍മ്മനിരതനായ ശ്രീ ഉമ്മന്‍ ചാണ്ടിയ്ക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും ജനങ്ങള്‍ക്കായുള്ള ഇടപെടലുകളും തുടര്‍ന്നും നടത്താനുള്ള പൂര്‍ണ ആരോഗ്യമുണ്ടാകട്ടെ എന്ന് ആശംസിക്കുകയാണ്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തിന്റെ വിസ്മയമാണെന്ന് ആദരിച്ചക്കല്‍ ചടങ്ങിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എപ്പോഴും ജനങ്ങളോടൊപ്പം നീങ്ങുകയും ജനങ്ങള്‍ക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന അനിതരസാധാരണമായ പ്രവര്‍ത്തന ശൈലിയുടെ ഉടമയാണ് അദ്ദേഹം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തുറ്റ മുഖമാണ് ഉമ്മന്‍ ചാണ്ടി. കെഎസ്യു പ്രവര്‍ത്തകനായി കേരള രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന അദ്ദേഹം, പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും സഹപ്രവര്‍ത്തകരുടേയും ജനങ്ങളുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റിയിട്ടുള്ള വ്യക്തിത്വത്തിന് ഉടമയാണ്.”

1970ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് അദ്ദേഹം പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്. അന്ന് മുതല്‍ ഇന്ന് വരെ ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് കെഎം മാണിയെ പോലെ 50 വര്‍ഷം അദ്ദേഹം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെ അദ്ദേഹത്തി ന്റെ മുന്നില്‍ വന്നിട്ടുള്ള എല്ലാ ആവലാതികളും പരിഹരിച്ചിട്ടുള്ള വ്യക്തി. ഇനിയും കേരള രാഷ്ട്രീയത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതൃത്വം നല്‍കാന്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് സാധിക്കട്ടെ എന്നും നിയമസഭയില്‍ സംസാരിക്കവെ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories