‘അശ്വതി നമ്പ്യാര്‍ കോമയിലാണ്, കൊല്ലരുത്’; ന്യായീകരണം പൊള്ളയെന്ന് ചൂണ്ടിക്കാട്ടി ഇടവേള ബാബുവിന് വിമര്‍ശനം
ഭാവനയെ ഉദ്ദേശിച്ചല്ല ട്വന്റി 20യില്‍ നടി അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയെന്നാണ് പറയാന്‍ ശ്രമിച്ചതെന്ന അമ്മ ജനറല്‍ സെക്രട്ടറിയുടെ വാദവും തെറ്റാണെന്ന് തെളിഞ്ഞു
12 Oct 2020 9:50 AM GMT
ഫിൽമി റിപ്പോർട്ടർ

നടി ഭാവനക്കെതിരെ നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ചുകൊണ്ടുള്ള ഇടവേള ബാബുവിന്റെ പ്രസ്താവനയും വിവാദത്തില്‍. ട്വന്റി 20 എന്ന ചിത്രത്തില്‍ ഭാവനയുടെ കഥാപാത്രം മരിക്കുന്നുവെന്നും അതിനാലാണ് കഴിഞ്ഞ ദിവസം നല്കിയ അഭിമുഖത്തില്‍ ‘മരിച്ചവര്‍’ എന്ന തരത്തില്‍ പരാമര്‍ശം നടത്തിയതെന്നുമുള്ള ഇടവേള ബാബുവിന്റെ ന്യായീകരണമാണ് പാളുന്നത്. ട്വന്റി 20 എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയ ഭാവന അതിന് സമാനമായി അമ്മ ഒരുക്കുന്ന പുതിയ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായി ആയിരുന്നു ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശം.
അമ്മയുടെ ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവന ലജ്ജാകമാണെന്ന് ചൂണ്ടിക്കാട്ടി നടി പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവച്ചതോടെയായിരുന്നു ന്യായീകരണം.
എന്നാല്‍ ഭാവനയെ ഉദ്ദേശിച്ചല്ല ട്വന്റി 20യില്‍ നടി അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയെന്നാണ് പറയാന്‍ ശ്രമിച്ചതെന്ന അമ്മ ജനറല്‍ സെക്രട്ടറിയുടെ വാദവും തെറ്റാണെന്ന് തെളിഞ്ഞു. ക്രൂര ബലാത്സംഗത്തിന് ഇരയായി കോമയില്‍ കഴിയുന്ന ‘അശ്വതി നമ്പ്യാര്‍’ മരിച്ചതായി ചിത്രത്തില്‍ കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനമാണ് ഇടവേള ബാബുവിനെതിരെ ഉയരുന്നത്.
ഇപ്പോള്‍ ഭാവന അമ്മയിലില്ല, മരിച്ചുപോയവരെ ഇനി ഇപ്പോള്‍ നമുക്ക് തിരിച്ചുകൊണ്ടുവരാനാകില്ല
ഇടവേള ബാബു
പ്രസ്താവന വിവാദമാവുകയും പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തതോടെ വിഷയം വ്യാപകമായി ചര്‍ച്ചയായി. ഇതോടെ ന്യായീകരണവുമായെത്തിയ ഇടവേള ബാബുവിന്റെ പരാമര്‍ശം വീണ്ടും വാസ്തവവിരുദ്ധമാണെന്ന് തെളിയുകയായിരുന്നു.
മരിച്ചു പോയ ആളെങ്ങനെയാണ് അഭിനയിക്കുന്നത്. ട്വന്റി 20 ആദ്യ ഭാഗത്തില്‍ ഭാവന മരിച്ചുകഴിഞ്ഞു. മരിച്ചുപോയ ആളെ എങ്ങനെയാണ് തിരിച്ചു വിളിക്കുന്നത്
ഇടവേള ബാബു
പക്ഷേ ട്വന്റി 20യില്‍ ഭാവനയവതരിപ്പിക്കുന്ന പാര്‍വ്വതി നമ്പ്യാര്‍ മരിക്കുന്നില്ല; ഇതു വ്യക്തമാക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. യഥാര്‍ഥത്തില്‍ സിനിമയില്‍ ഭാവനയ്ക്ക് സംഭവിക്കുന്നത് ഇതാണ്:
ഇന്ദ്രജിത്ത് അഭിനയിച്ച വില്ലന്‍ കഥാപാത്രം ഒരു സൗന്ദര്യ മത്സരത്തിനിടെ ഡ്രസ്സിംഗ് റൂമില്‍ വച്ച് ഭാവനയുടെ കഥാപാത്രത്തെ ആക്രമിക്കുന്നു. ചെറിയ ഒരു ഡോസില്‍ തന്നെ ഒരാളെ വര്‍ഷങ്ങളോളം കോമയിലാക്കാന്‍ ശേഷിയുള്ള ഫോമാലില് എന്ന മരുന്നാണ് എന്ന വിശദീകരണത്തോടെ ഒരു മരുന്ന് ഭാവനയുടെ ശരീരത്തില്‍ കുത്തി വയ്ക്കുന്നു. ഇതിനുപിന്നാലെ ബോധം നശിക്കുന്ന ഭാവനയുടെ കഥാപാത്രത്തെ വില്ലന്മാര് ചേര്‍ന്ന് ആക്രമിക്കുന്നതാണ് രംഗം. ഇവിടേക്കെത്തുന്ന ദിലീപിന്റെയും ജയറാമിന്റെയും കഥാപാത്രങ്ങളും വില്ലന്മാരും തമ്മിലെ സംഘര്ഷരംഗത്തിനിടെ ജയറാമിന്റെ കഥാപാത്രം ഭാവനയെ കാറില്‍ കയറ്റി രക്ഷപ്പെടുത്തുന്നത് കാണാം. പിന്നീട് സിനിമയുടെ ക്ലൈമാക്സിന് തൊട്ടുമുന്നിലുള്ള രംഗങ്ങളില്‍ ഭാവനയെ കാണാന്‍ എത്തുന്ന മോഹന്‍ലാലിന്റെയും സീനുകള്‍ കാണാം. അവിടെ മമ്മൂട്ടി സഹോദരിയായ ഭാവന ചികിത്സയിലാണെന്നും കുറച്ചുവര്‍ഷത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും പറയുന്നു. ഈ രംഗങ്ങളിലെല്ലാം കോമയില്‍ കിടക്കുന്ന ഭാവനയെക്കാണാം. ഇതിനെല്ലാം മുന്‍പ് തന്നെ സിനിമയുടെ ആദ്യ ഭാഗത്തില്‍ സഹോദരി ചികിത്സയിലാണെന്നും അതിജീവിക്കുകയാണെന്നും മമ്മൂട്ടി പറയുന്നുണ്ട്.
ഇതെല്ലാം നിലനില്‍ക്കുമ്പോഴാണ് ചിത്രത്തില്‍ ഭാവന മരിച്ചെന്നും അതിനാലാണ് മരിച്ചവരെ തിരിച്ചു കൊണ്ടാവരാനാകില്ലെന്നുള്ള വിവാദ പരാമര്‍ശം നടത്തിയതുമെന്നും ഇടവേള ബാബു പറയുന്നത്. ഇതേ അഭിമുഖത്തില്‍ തന്നെ ട്വന്റി 20യുടെ രണ്ടാം ഭാഗമല്ല പുതിയ ചിത്രമെന്നും അദ്ദേഹം പറയുന്നുണ്ട്. പിന്നെ ഏത് സാഹചര്യത്തിലാണ് ആ ചിത്രത്തിലെ രംഗങ്ങള്‍ പുതിയ ചിത്രത്തെ ബാധിക്കുന്നതെന്നും ചര്‍ച്ചകള്‍ തുടരുകയാണ്. ഇതെല്ലാം ഇടവേള ബാബുവിന്റെ ന്യായീകരണത്തിന് എതിരായി നിലനില്ക്കുന്നു.