‘കറുപ്പിനെ കളിയാക്കിയില്ല, ഒരു ചാനലിൽ നിന്നും ഔട്ടായി’; അസീസ് നെടുമങ്ങാട്

കറുപ്പ് നിറത്തെ വിമർശിയ്ക്കാത്തത് കൊണ്ട് ഒരു ചാനലിലെ പ്രോഗ്രാമിൽ നിന്നും പുറത്തായെന്ന് നടൻ അസീസ് നെടുമങ്ങാട്. പലപ്പോഴും നിറത്തെ പരിഹസിച്ചുകൊണ്ടുള്ള സംഭാഷണങ്ങൾ ചാനലിലെ കോമഡി പരിപാടികളിൽ ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ ഞാൻ ഒഴിവാക്കപ്പെടും .എനിക്ക് പകരം ആയിരം പേരെ അവർക്ക് അഭിനയിക്കുവാനായി കിട്ടും. എന്നാൽ ഒരിക്കൽ അത്തരം സംഭാഷണം പറയുവാൻ വിസമ്മതിച്ചു. അങ്ങനെ ഒരു പ്രമുഖ ചാനലിൽ നിന്നും ഞാൻ പുറത്തതായി, അദ്ദേഹം റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു.

ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയെ പരിഹസിച്ചുകൊണ്ടുള്ള കോമഡി പരിപാടികൾ ഇപ്പോൾ ആരും ചെയ്യാറില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. സിനിമയിൽ അഭിനയിച്ച്‌ കാശ് കിട്ടാത്ത ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഞാൻ ധരിച്ച വസ്ത്രങ്ങൾ പോലും തിരികെ കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്.

നടൻ മമ്മൂട്ടി ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സിനിമയിലേയ്ക്ക് തന്നെ കൊണ്ട് വന്നത് നടൻ മമ്മൂട്ടി ആണെന്നും അസീസ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന പ്രീമിയർ പദ്മിനിയെന്ന വെബ് സീരീസിന്റെ സംവിധായകനും അദേഹത്തൊപ്പം റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിൽ പങ്കെടുത്തു. പ്രീമിയർ പദ്മിനിയിലെ അസീസ് നെടുമങ്ങാടിന്റെ പ്രകടനം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

സാമൂഹ്യ പ്രസക്തമായ വിഷയങ്ങൾ ഹാസ്യത്തിന്റെ ചേരുവയോടെ അവതരിപ്പിക്കുന്ന വെബ് സീരീസാണ് പ്രീമിയർ പദ്മിനി. ലോക്ക്ഡൗൺ സമയത്ത് നിർമ്മിച്ച വെബ് സീരീസിന്റെ മിക്ക എപ്പിസോഡുകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അസീസ് അവതരിപ്പിച്ചത്. രാഷ്ട്രീയം പ്രമേയമാക്കിയുള്ള എപ്പിസോഡുകളും പ്രീമിയർ പദ്മിനിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ രാഷ്ട്രീയം മനസ്സിലാകേണ്ടവർക്ക് മനസ്സിലായിട്ടുണ്ടാകുമെന്നു അസീസ് നെടുമങ്ങാട് പറഞ്ഞു.

സൗഹൃദ കൂട്ടായ്മയിൽ നിന്നുമാണ് പ്രീമിയർ പദ്മിനി വെബ് സീരീസ് ഉണ്ടായതെന്ന് സംവിധായകൻ അനൂപ് ബാഹുലേയൻ പറഞ്ഞു. തിരക്കഥയുടെ സഹായമില്ലാതെ സ്പോട്ട് കോമഡിയായിരുന്നു പരീക്ഷിച്ചത്. പ്രേക്ഷകർ സീരീസ് ഏറ്റടുത്തതിൽ സന്തോഷമുണ്ട്. ഇനിയുള്ള എപ്പിസോഡുകളിൽ തീർത്തും വ്യത്യസ്തയുള്ള വിഷയങ്ങളായിരിക്കും അവതരിപ്പിക്കുകയെന്ന് അനൂപ് ബാഹുലേയൻ പറഞ്ഞു.

Latest News