
രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാരുടെയും ആത്മാർത്ഥത കണ്ടറിഞ്ഞു വോട്ടു ചെയ്യണമെന്ന് അസം ജനതയോട് അഭ്യർത്ഥിച്ച് പ്രിയങ്ക ഗാന്ധി. അസം ബിശ്വനാഥിലെ തേയില തൊഴിലാളികളുമായി സംസാരിക്കവെ ആണ് പ്രിയങ്ക ഇങ്ങനെ പരാമർശിച്ചത്. തോട്ടം മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാത്തതിലും വാഗ്ദാനങ്ങൾ നിറവേറ്റാത്തതിലും ബിജെപിയെ രൂക്ഷമായി വിമർശിക്കുകയായിരുന്നു പ്രിയങ്ക.
അസമിലെ തൊഴിലില്ലായ്മയെ പറ്റി പരാമർശിച്ചു കൊണ്ട്, രണ്ടര ദശലക്ഷം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത ബിജെപിക്ക് 80,000 അവസരങ്ങൾ പോലും നൽകാൻ കഴിഞ്ഞില്ലെന്നും പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി. “തെരഞ്ഞെടുപ്പ് സമയത്ത് നിങ്ങളുടെ മുൻപിൽ വന്ന് വാഗ്ദാനങ്ങൾ നൽകുന്ന നേതാക്കളെയും രാഷ്ട്രീയക്കാരെയും നിങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്. അവരിലെ സത്യം നിങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ, നിങ്ങളുടെ ഭാവി മാറ്റാൻ നിങ്ങൾക്ക് കഴിയില്ല,” പ്രിയങ്ക പറഞ്ഞു.
പശ്ചിമ ബംഗാൾ, അസം, കേരളം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് പല രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി മമത ബാനർജിയുമായി ആർജെഡി നേതാവ് തേജസ്വി യാദവ് കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാളിലെ എല്ലാ മതേതര പാർട്ടികളെയും ഒന്നിപ്പിക്കുക എന്നതും പശ്ചിമ ബംഗാളിലെ ബിജെപിയുടെ വളർച്ച തടയുകയെന്നതാണ് തന്റെയും പാർട്ടിയുടെയും പ്രാഥമിക ലക്ഷ്യമെന്നും തേജസ്വി യാദവ് പറഞ്ഞു.