കെഎം ഷാജി അഴീക്കോട് വിടുമോ? നെല്ലിക്കുന്ന് വിട്ടാല്‍ കാസര്‍ഗോഡ് പരിഗണനയില്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെഎം ഷാജിയെ അഴീക്കോടിന് പകരം കാസര്‍ഗോഡ് മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കുമെന്ന് സൂചന. കാസര്‍ഗോഡ് നിന്ന് രണ്ടുതവണ വിജയിച്ച എന്‍എ നെല്ലിക്കുന്ന് ഇത്തവണ മഞ്ചേശ്വരത്തേക്ക് മാറിയാലാണ് കെഎം ഷാജി, യുഡിഎഫ് കുത്തകയായ കാസര്‍ഗോഡ് നിന്ന് മത്സരിക്കുക.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 8607 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എന്‍എ നെല്ലിക്കുന്ന് നിയമസഭയിലെത്തിയത്. ഇത്തവണ വിജയിച്ചാല്‍, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രി സ്ഥാനവും നെല്ലിക്കുന്നിനെ കാത്തിരിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്. ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള കാസര്‍ഗോഡ് സ്ഥാനാര്‍ഥിയാകുമെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നുണ്ട്.

ഇതിനിടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യവുമായി അനുകൂലികള്‍ രംഗത്തെത്തിയിട്ടുണ്ട്. 148 കേസുകളാണ് കമറുദ്ദീനെതിരെ നിലനില്‍ക്കുന്നത്. എന്നാല്‍ കൂടുതല്‍ കേസുകളില്‍ ജാമ്യം ലഭിക്കുന്നതോടെ ഉടന്‍ പുറത്തിറങ്ങാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. തോടെ മഞ്ചേശ്വരത്ത് കമറുദ്ദീനെ തന്നെ മത്സരിപ്പിക്കണമെന്ന് ആവശ്യവും ശക്തമാണ്. കമറുദ്ദീനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകരും രംഗത്തുണ്ട്.

കണ്ണൂരില്‍ സിറ്റിങ് സീറ്റായ അഴീക്കോട് മാത്രം പോരെന്ന ആവശ്യവും ലീഗിനുണ്ട്. തളിപ്പറമ്പ്, കൂത്തുപറമ്പ് സീറ്റുകള്‍ക്കൂടി ആവശ്യപ്പെടാനാണ് ലീഗ് തീരുമാനം.

Latest News