കോണ്‍ഗ്രസ് മത്സരിക്കുക 95 സീറ്റുകളില്‍; അധികസീറ്റുകളില്‍ രണ്ടെണ്ണം ലീഗിനും; ഫോര്‍വേഡ് ബ്ലോക്കിനും സീറ്റ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 95ഓളം സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യത. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും എല്‍ജെഡിയും യുഡിഎഫ് വിട്ടതോടെയാണ് കോണ്‍ഗ്രസ് അധികസീറ്റുകളില്‍ മത്സരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞതവണ 87 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അധികസീറ്റുകളില്‍ മുസ്ലീം ലീഗിന് രണ്ടും സിഎംപിക്ക് ഒരു സീറ്റും അധികം നല്‍കും. മുന്നണിപ്രവേശനം നടത്തിയ ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റും നല്‍കാനാണ് തീരുമാനം.
അതേസമയം, ജോസ് കെ മാണി മുന്നണി വിട്ടെങ്കിലും കഴിഞ്ഞതവണത്തെ 15 സീറ്റുകളിലും പിജെ ജോസഫ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇവയില്‍ ചിലയിടങ്ങളില്‍ സീറ്റുകള്‍ വച്ചുമാറാനും സാധ്യതയുണ്ട്. ജോസഫ് എം പുതുശേരിയുടെ തിരുവല്ല കോണ്‍ഗ്രസ് ഏറ്റെടുത്ത് റാന്നി കേരളാ കോണ്‍ഗ്രസിന് നല്‍കും. പേരാമ്പ്ര ലീഗിന് കൈമാറി, തിരുവമ്പാടി ചോദിക്കാനും പിജെ ജോസഫ് വിഭാഗം ആലോചിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടിക ഫെബ്രുവരി പകുതിയോടെ പ്രഖ്യാപിക്കാനാണ് തീരുമാനം. അടുത്തയാഴ്ച തന്നെ സ്ഥാനാര്‍ഥിനിര്‍ണയ പ്രക്രിയ തുടങ്ങും. ഭൂരിപക്ഷം സ്ഥാനാര്‍ഥികളും പുതുമുഖങ്ങളാവണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ഥിനിര്‍ണയം. യുവത്വത്തിന് പ്രാധാന്യം നല്കി കഴിവും കാര്യശേഷിയുമുള്ള മുതിര്‍ന്നവരും മത്സരിക്കണമെന്നാണ് രാഹുല്‍ സംസ്ഥാനനേതൃത്വത്തിന് നല്കിയ നിര്‍ദേശം.