
മൂവാറ്റുപുഴ: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലരവയസ്സുകാരി അതീവ ഗുരുതരാവസ്ഥയിൽ. മെഡിക്കൽ കോളെജിലെ കുട്ടികളുടെ ആശുപത്രിയിൽ വിദഗ്ധ പരിശോധനക്കായി പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് പെൺകുട്ടി വിധേയയായിട്ടുണ്ടാകാം എന്ന് ലക്ഷണങ്ങൾ സൂചിപ്പിക്കുന്നതായി സംശയിക്കുന്നു. മൂവാറ്റുപുഴയിൽ വാടകക്ക് താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബാംഗമാണ് ഈ നാലരവയസ്സുകാരി.
പെൺകുഞ്ഞിന്റെ കൂടെ പിതാവിന്റെ സഹോദരനും ഭാര്യയുമാണു ഉളളതെന്നാണു പ്രാഥമിക വിവരം. കുറ്റകൃത്യത്തെ കുറിച്ച് തങ്ങൾക്കൊന്നും അറിയില്ലെന്നാണ് ഇരുവരും പറയുന്നത്. രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയുമാണ് ദമ്പതികൾക്ക് ഒപ്പമുള്ളത്. പീഡനത്തിന് ഇരയായതായി സംശയിക്കുന്ന കുട്ടി പിതാവിന്റെ സഹോദരന്റെ ആദ്യ ഭാര്യയുടെ കുട്ടിയാണെന്നും ഇവർ ഗുജറാത്ത് സ്വദേശികളാണെന്നും നാട്ടുകാർ പറയുന്നു. മൂവാറ്റുപുഴയിലെ പെരുമറ്റത്താണ് പെൺകുഞ്ഞിന്റെ കുടുംബം വാടകക്ക് താമസിക്കുന്നത്.
കടുത്ത വയറുവേദനയോടെ ആണ് കുട്ടിയെ കഴിഞ്ഞ വ്യാഴാഴ്ച മൂവാറ്റുപുഴയിലെ നെടുംചാലിൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് സന്നദ്ധ സംഘടനയുടെ ഇടപെടലോടു കൂടിയാണ് കുട്ടിയെ മൂവാറ്റുപുഴ മെഡിക്കൽ സെന്ററിലേക്ക് മാറ്റിയത്. മൂത്രതടസ്സം ഉണ്ടെന്നാണ് രക്ഷിതാക്കൾ പറഞ്ഞതെങ്കിലും വിശദമായ പരിശോധനയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ആയിരുന്നു.
പിന്നീട് സർജറി വിഭാഗം നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും പരുക്കും സ്കാനിങ്ങിൽ കുഞ്ഞിന്റെ കുടൽ പൊട്ടിയതായും കണ്ടെത്തുക ആയിരുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിന് കുഞ്ഞ് ഇരയായതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞതോടെ ആശുപത്രി അധികൃതർ ഞായറാഴ്ച പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ കുടുംബത്തിലെ മറ്റൊരു പെൺകുട്ടിയും വയറു വേദനയും മറ്റ് ആരോഗ്യ പ്രശ്നങ്ങളാലും വൈദ്യപരിശോധനക്ക് വിധേയയാകുന്നുണ്ട്.
വിവരം കൈമാറി 3 ദിവസം പിന്നിട്ടിട്ടും കേസ് അന്വേഷിക്കാൻ മൂവാറ്റുപുഴ പൊലീസ് തയാറായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ ഇതേക്കുറിച്ചു വിവരം ലഭിച്ച ഉടൻ അന്വേഷണം ആരംഭിച്ചിരുന്നു എന്നാണ് മുവാറ്റുപുഴ സി ഐ ഗോപകുമാർ റിപ്പോർട്ടർ ടി വിയോട് പറഞ്ഞത്.
കുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്തതായും ഇവരിൽ നിന്ന് പീഡനം സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല എന്നും കുട്ടിയുടെ മൊഴി ലഭിച്ചാലുടൻ നടപടികൾ ആരംഭിക്കുമെന്നും സി ഐ ഗോപകുമാർ സൂചിപ്പിക്കുന്നു. ഇന്ന് കുട്ടിയുടെ മൊഴി എടുക്കുമെന്നും കുടുതൽ വിവരങ്ങൾ ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു.