Top

അസമില്‍ കോണ്‍ഗ്രസ്- എഐയുഡിഎഫ് സഖ്യത്തെ ബിജെപി ഭയക്കണം; എന്ത് കൊണ്ട്?

ന്യൂദല്‍ഹി: നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്ര ഭരണ പ്രദേശത്തേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ മാര്‍ച്ച് 27ന് ആരംഭിക്കുകയാണ്. ഇവയില്‍ അസമില്‍ മാത്രമാണ് ബിജെപിക്ക് അധികാരമുള്ളത്. ബംഗാളിലും പുതുച്ചേരിയിലും അധികാരം നേടുകയും കേരളത്തില്‍ പ്രകടനം മെച്ചപ്പെടുത്തുക എന്നതുമാണ് ബിജെപിയുടെ ലക്ഷ്യം. അസമില്‍ മാത്രമാണ് അധികാരം കൈവിടാതിരിക്കുക എന്ന ബാധ്യതയുള്ളത്. 2016ല്‍ പതിനഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് വിരാമമിട്ടു കൊണ്ട് നേടിയെടുത്ത അധികാരം നിലനിര്‍ത്തുക എന്നത് ബിജെപിക്ക് അത്ര എളുപ്പമുള്ളകാര്യമല്ല. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ മാറ്റം വന്നിരിക്കുന്നു. […]

17 March 2021 4:52 AM GMT

അസമില്‍ കോണ്‍ഗ്രസ്- എഐയുഡിഎഫ് സഖ്യത്തെ ബിജെപി ഭയക്കണം; എന്ത് കൊണ്ട്?
X

ന്യൂദല്‍ഹി: നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്ര ഭരണ പ്രദേശത്തേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ മാര്‍ച്ച് 27ന് ആരംഭിക്കുകയാണ്. ഇവയില്‍ അസമില്‍ മാത്രമാണ് ബിജെപിക്ക് അധികാരമുള്ളത്. ബംഗാളിലും പുതുച്ചേരിയിലും അധികാരം നേടുകയും കേരളത്തില്‍ പ്രകടനം മെച്ചപ്പെടുത്തുക എന്നതുമാണ് ബിജെപിയുടെ ലക്ഷ്യം. അസമില്‍ മാത്രമാണ് അധികാരം കൈവിടാതിരിക്കുക എന്ന ബാധ്യതയുള്ളത്.

2016ല്‍ പതിനഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് വിരാമമിട്ടു കൊണ്ട് നേടിയെടുത്ത അധികാരം നിലനിര്‍ത്തുക എന്നത് ബിജെപിക്ക് അത്ര എളുപ്പമുള്ളകാര്യമല്ല. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ മാറ്റം വന്നിരിക്കുന്നു.

ബിജെപിയും അസം ഗണ പരിഷത്തും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും ചേര്‍ന്നാണ് അന്ന് സഖ്യം രൂപീകരിച്ചത്. 126 അംഗ സഭയില്‍ ബിജെപി 60 സീറ്റും എജിപി 14 സീറ്റും ബിപിഎഫ് 12 സീറ്റും നേടിയിരുന്നു.

അപ്പുറത്ത് കോണ്‍ഗ്രസ് 26 സീറ്റുകളിലാണ് വിജയിച്ചത്. മൗലാന ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫ് ഒറ്റക്ക് മത്സരിക്കുകയും 13 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു.

ഇത്തവണ സഖ്യസംവിധാനങ്ങളില്‍ ഏറെ മാറ്റം വന്നിരിക്കുന്നു. ബിജെപിയും എജിപിയും ഒരുമിച്ച് മത്സരിക്കുന്നു. ബിപിഎഫ് ബിജെപി സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസ് സഖ്യത്തോടൊപ്പം ചേര്‍ന്ന് മത്സരിക്കുന്നു.

2016ല്‍ ബിജെപി 29.51% വോട്ടും എജിപി 8.14% വോട്ടും ബിപിഎഫ് 3.94% വോട്ടും നേടി. എല്ലാവരും ചേര്‍ന്ന് 41.49% വോട്ടാണ് നേടിയത്.

അപ്പുറത്ത് കോണ്‍ഗ്രസ് 30.96% വോട്ടും എഐയുഡിഎഫ് 13.05 വോട്ടും നേടി. നിലവിലെ സാഹചര്യത്തില്‍ ബിപിഎഫ് മഹാസഖ്യത്തോടൊപ്പം ചേരുമ്പോള്‍ ബിജെപി സഖ്യത്തിന്റെ ആകെ വോട്ട് ശതമാനം 37.65%ലേക്ക് മാറും. മഹാസഖ്യത്തിന്റെത് 47.95%ത്തിലേക്ക് മാറും. പത്ത് ശതമാനത്തോളം വോട്ടിന്റെ വ്യത്യാസം.

ബിജെപിക്ക് പരാജയപ്പെടുത്താന്‍ കഴിയാത്ത ഒന്നായാണ് മഹാസഖ്യം കണക്കുകളില്‍ നിറയുന്നത്. യഥാര്‍ത്ഥത്തില്‍ കാണുന്നത് പോലെ അത്ര എളുപ്പമായിരിക്കുകയുമില്ല പോരാട്ടം.

മഹാസഖ്യത്തിന് രണ്ട് അനുകൂല ഘടകങ്ങളുണ്ട് പ്രധാനമായും. ഒന്ന്, സംസ്ഥാനത്തെ ജനസംഖ്യയുടെ 35% വരുന്ന മുസ്‌ലിം ജനവിഭാഗത്തെ പ്രതിനീധികരിക്കുന്നു എന്ന് അവകാശപ്പെടുന്ന എഐയുഡിഎഫ് സഖ്യത്തോടൊപ്പമുണ്ട് എന്നതാണത്. കഴിഞ്ഞ വാരത്തില്‍ ബദ്ദറുദ്ദീന്‍ അജ്മല്‍ തന്നെ ഇക്കാര്യം പറയുകയും ചെയ്തു. തനിക്ക് മഹാസഖ്യത്തിന് അനുകൂലമായി 35% വോട്ടുകള്‍ മാറ്റാന്‍ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്.

രണ്ടാമത്, പൗരത്വ നിയമം അസമിലെ സാധാരണ ജനങ്ങളുടെ ഉള്ളില്‍ വലിയ സംശയങ്ങളാണ് ഉയര്‍ത്തിയത്. നേരത്തെ ബിജെപിക്ക് വോട്ട് ചെയ്തവരായിരുന്നു അവര്‍. വലിയ പ്രതിഷേധങ്ങളാണ് പൗരത്വ നിയമത്തിനെതിരെ അസമില്‍ നടന്നത്.

അതേ സമയം പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം നിരവധി ചെറിയ പാര്‍ട്ടികള്‍ക്ക് രൂപം കൊടുത്തിരുന്നു. അവര്‍ ബിജെപി വിരുദ്ധ വോട്ടുകളെ വിഭജിച്ചേക്കാം.

Next Story