Top

അസം തെരഞ്ഞെടുപ്പ് ഇത്തവണ ബിജെപിയെ വെള്ളംകുടിപ്പിക്കുന്നു; എഐയുഡിഎഫും കോണ്‍ഗ്രസും ഒന്നിച്ചെത്തുമ്പോള്‍ മാറിയ സമവാക്യത്തില്‍ കാരണങ്ങളേറെ, എളുപ്പമല്ല

ന്യൂഡല്‍ഹി: മാര്‍ച്ച് 27തോടെ ആരംഭിക്കുന്ന നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണപ്രദേശത്തേക്കും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രധാന വെല്ലുവിളിയാവുന്നത് നാലില്‍ നിലവില്‍ ഭരണം കൈയ്യിലുള്ള ഏക സംസ്ഥാനമായ അസമിലായേക്കും. കേരളത്തിലും പശ്ചിമബബംഗാളിലും പുതുച്ചേരിയിലും സര്‍ക്കാരുകള്‍ക്കെതിരെയുള്ള നീക്കമാണ് ബിജെപി നടത്തുന്നതെങ്കിലും അസമില്‍ ഭരണം നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് കിണഞ്ഞ് പരിശ്രമിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍നിന്നും 2016ല്‍ അസം പിടിച്ചെടുത്തതുപോലെയാവില്ല ഇത്തവണ. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട് തെരഞ്ഞെടുപ്പിലേക്കടുക്കുന്ന അസമില്‍ ബിജെപിയുടെ അടിത്തറ ഏറക്കുറെ ഇളകിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. […]

17 March 2021 1:23 AM GMT

അസം തെരഞ്ഞെടുപ്പ് ഇത്തവണ ബിജെപിയെ വെള്ളംകുടിപ്പിക്കുന്നു; എഐയുഡിഎഫും കോണ്‍ഗ്രസും ഒന്നിച്ചെത്തുമ്പോള്‍ മാറിയ സമവാക്യത്തില്‍ കാരണങ്ങളേറെ, എളുപ്പമല്ല
X

ന്യൂഡല്‍ഹി: മാര്‍ച്ച് 27തോടെ ആരംഭിക്കുന്ന നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണപ്രദേശത്തേക്കും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രധാന വെല്ലുവിളിയാവുന്നത് നാലില്‍ നിലവില്‍ ഭരണം കൈയ്യിലുള്ള ഏക സംസ്ഥാനമായ അസമിലായേക്കും. കേരളത്തിലും പശ്ചിമബബംഗാളിലും പുതുച്ചേരിയിലും സര്‍ക്കാരുകള്‍ക്കെതിരെയുള്ള നീക്കമാണ് ബിജെപി നടത്തുന്നതെങ്കിലും അസമില്‍ ഭരണം നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് കിണഞ്ഞ് പരിശ്രമിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍നിന്നും 2016ല്‍ അസം പിടിച്ചെടുത്തതുപോലെയാവില്ല ഇത്തവണ.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട് തെരഞ്ഞെടുപ്പിലേക്കടുക്കുന്ന അസമില്‍ ബിജെപിയുടെ അടിത്തറ ഏറക്കുറെ ഇളകിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. സഖ്യത്തില്‍നിന്നും ഘടകകക്ഷികള്‍ ഇടറിപ്പോയതാണ് ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി. 2016ല്‍ എജിപിയും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും ബിജെപിക്കൊപ്പം നിന്നായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. 126 അംഗ നിയമസഭയില്‍ ബിജെപി 60 ഉം എജിപി 14ഉം ബിപിഎഫ് 12 ഉം സീറ്റുകള്‍ നേടിയായിരുന്നു സഖ്യം ഭരണത്തിലേറിയത്.

മറുവശത്ത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ വിജയം 26 ഇടത്തൊതുങ്ങി. മൗലാന ബദ്രുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള എഐയുഡിഎഫ് ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. ഇവര്‍ 13 സീറ്റില്‍ വിജയിക്കുകയും ചെയ്തു.

ഈ തെരഞ്ഞെടുപ്പ് എത്തിയപ്പോഴേക്കും അസമിലെ ഈ സമവാക്യങ്ങളെല്ലാം മാറിമറിഞ്ഞു. കോണ്‍ഗ്രസും എഐയുഡിഎഫും ചേര്‍ന്ന് മഹാസഖ്യം രൂപീകരിച്ചു. എന്‍ഡിഎ സഖ്യം വിട്ടെത്തിയ ബിപിഎഫ് മഹാസഖ്യത്തോടൊപ്പം ചേര്‍ന്നു. എജിപിമാത്രമാണ് ഇതില്‍ ഇപ്പോഴും ബിജെപിക്കൊപ്പമുള്ളത്.

2016ലെ വോട്ടിങ് ശതമാനം വെച്ച് താരതമ്യപ്പെടുത്തിയാല്‍, ബിജെപിയുടേത് 29.51 ഉം എജിപിയുടേത് 8.14ഉം ബിപിഎഫിന്റേത് 3.94 ശതമാനവുമാണ്. അതായത്, ഇവരൊരുമിച്ച് നേടിയത് ആകെ വോട്ടിങിന്റെ 41.49 ശതമാനം.

കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനം 30.96 ഉം എഐയുഡിഎഫിന്റേത് 13.05 ഉം ആയിരുന്നു.

ബിപിഎഫ് മഹാസഖ്യത്തോട് ചേരുന്ന സാഹചര്യത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ വോട്ടിങ് ശതമാനം 37.65 ശതമാനമായി ചുരുങ്ങും. മഹാസഖ്യത്തിന്റേതാവട്ടെ, ബിപിഎഫ് എത്തുന്നതോടെ 47.95 ശതമാനമാവുകയും ചെയ്യും. പത്ത് ശതമാനത്തോളത്തിന്റെ വ്യത്യാസമാണ് 2016ലെ കണക്കുവെച്ച് ഇപ്പോഴത്തെ നില താരതമ്യം ചെയ്യുമ്പോഴുള്ളത്.

മഹാസഖ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട രണ്ട് നേട്ടമാണ് ഇത്തവണയുള്ളത്. ഒന്ന്, സംസ്ഥാനത്തിന്റെ 35 ശതമാനത്തോളം മുസ്ലിം വോട്ടുകള്‍ സമാഹരിക്കാന്‍ എഐയുഡിഎഫിനാവും. മഹാസഖ്യത്തിന് വേണ്ടി ഈ 35 ശതമാനം വോട്ടുകള്‍ നേടുമെന്ന് ബദ്രുദ്ദീന്‍ അജ്മല്‍ കഴിഞ്ഞ ദിവസം ഉറപ്പിച്ച് പറഞ്ഞിരുന്നു. ബറാക് താഴ്വരയിലുള്ള ബംഗ്ലാദേശി കുടിയേറ്റക്കാരായ മുസ്ലിം വിഭാഗത്തിന്റെ വോട്ടുകള്‍ നേടാനാവുമെന്നാണ് മഹാസഖ്യം പ്രതീക്ഷ വെക്കുന്നത്. അസമിന്റെ ചില മേഖലകളില്‍നിന്നും ഛിന്നഭിന്നമായിപ്പോയ ഹിന്ദു വോട്ടുകളിലേക്കും സഖ്യം നോട്ടമിടുന്നുണ്ട്.

രണ്ടാമതായി, കേന്ദ്രത്തിന്റെ പൗരത്വ നിയമം സാധാരണക്കാരായ അസം നിവാസികളുടെ മനസില്‍ ഉണ്ടായ ഭയത്തെയും സംശയത്തെയും കേന്ദ്രീകരിച്ചുള്ള പരിശ്രമമാണ്. കഴിഞ്ഞ തവണ ബിജെപിക്ക് ഇവര്‍ നല്‍കിയ പിന്തുണയാണ് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ക്ക് തിരിച്ചടിയായത്. പൗരത്വ നിയമത്തിനെതിരെ അസമില്‍ നടന്ന വലിയ പ്രക്ഷോഭങ്ങളും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും സാധാരണ ജനങ്ങള്‍ക്കിടയില്‍ ബിജെപിയുടെ പ്രതിഛായ ശിഥിലമാക്കുന്നതിലേക്ക് കാരണമായിട്ടുണ്ട്. ജനങ്ങളുടെ പൗരത്വവും നിലനില്‍പ്പും ഉറപ്പാക്കുന്നതില്‍ ബിജെപിക്ക് വന്ന വീഴ്ച വലിയ ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അതേസമയം, ആദ്യഘട്ടത്തില്‍ നിയമത്തിനെതിരെ പ്രതിഷേധിച്ച ചില ഗ്രൂപ്പുകള്‍ ബിജെപിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. എന്നിരുന്നാല്‍ക്കൂടിയും, ബിജെപി വിരുദ്ധ വികാരമുള്ള ചെറിയ ചെറിയ രാഷ്ട്രീയ പാര്‍ട്ടികള്‍ അസമില്‍ രൂപം കൊള്ളുകയും പിന്നീട് ഇവര്‍ മഹാസഖ്യത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. എജെപി. റെയ്‌ജോര്‍ ദള്‍ തുടങ്ങിയവ ഇത്തരത്തില്‍ മഹാസഖ്യത്തിനോടൊപ്പം നില്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികളാണ്. ഇവയോടെല്ലാം മല്ലടിച്ച് വേണം ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട് അധികാരം പിടിച്ചുനിര്‍ത്താന്‍. ഇവതന്നെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് വളമാവുന്നതും.

Next Story