Top

‘മാധ്യമപ്രവര്‍ത്തകയുടേത് അനാവശ്യ പരാമര്‍ശങ്ങള്‍, നടപടി സ്വീകരിച്ചു’; ഖേദം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്

ബംഗാളിലെ അക്രമം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് വിളിച്ചുപറഞ്ഞ കോട്ടയം സ്വദേശിനിയോട് ഈ വാര്‍ത്ത കൊടുക്കാന്‍ സൗകര്യമില്ലെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

7 May 2021 3:33 AM GMT

‘മാധ്യമപ്രവര്‍ത്തകയുടേത് അനാവശ്യ പരാമര്‍ശങ്ങള്‍, നടപടി സ്വീകരിച്ചു’; ഖേദം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്
X

ചാനല്‍ ഓഫീസിലേക്ക് വിളിച്ച വ്യക്തിയോട് മാധ്യമപ്രവര്‍ത്തക അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തത്തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്. തെരഞ്ഞെടുപ്പിനുശേഷം ബംഗാളിലുണ്ടായ അക്രമസംഭവങ്ങള്‍ മതിയായ പ്രാധാന്യത്തോടെ നല്‍കുന്നില്ലെന്ന് പറഞ്ഞ് ചാനലിലേക്ക് വിളിച്ചയാളോട് മാധ്യമപ്രവര്‍ത്തക പ്രകോപനപരമായി സംസാരിച്ചത് വിവാദമായിരുന്നു. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട് വ്യാപകമായി ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് മാപ്പുപറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രതികരണം അപക്വമായിരുന്നെന്നും അനാവശ്യമായിരുന്നെന്നും പറഞ്ഞ് തള്ളിയ ഏഷ്യാനെറ്റ്, ഈ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

ബംഗാളിലെ അക്രമം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് വിളിച്ചുപറഞ്ഞ കോട്ടയം സ്വദേശിനിയോട് ഈ വാര്‍ത്ത കൊടുക്കാന്‍ സൗകര്യമില്ലെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പിന്നാലെ ചാനലിനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ ആര്‍എസ്എസ് അനുകൂല പ്രൊഫൈലുകളില്‍ നിന്നുള്‍പ്പെടെ കടുത്ത സൈബര്‍ ആക്രമണമുണ്ടായി. പ്രകോപനപരമായി സംസാരിക്കുന്നതിനിടെ ബംഗാളിലുള്ളവര്‍ ഇന്ത്യയിലല്ല, അവര്‍ പാക്കിസ്ഥാനിലാണെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞത് കൂടി ചൂണ്ടിയാണ് ആക്ഷേപങ്ങള്‍.

പ്രചരിക്കുന്ന ഓഡിയോ സന്ദേശം ചുവടെ

വിളിച്ച സംഘിണിയുടെ കിളിപോയത് കണ്ടോ … ?നല്ല രസാണ് ..😆😆😆

Posted by Purushothaman K Periya on Thursday, May 6, 2021

വിവാദം കനത്തതോടെ വിശദീകരണവുമായി മാധ്യമപ്രവര്‍ത്തക രംഗത്തെത്തി. കൊവിഡ് ഗുരുതരാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെ തന്റെ നിയന്ത്രണം വിട്ട് പോകുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ബംഗാള്‍ അക്രമം റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് സമാനമായ നിരവധി ഫോണ്‍കോളുകള്‍ ചാനല്‍ ഓഫീസിലേക്ക് വന്നിരുന്നുവെന്നും ഒടുവില്‍ നിയന്ത്രണം വിടുകടയായിരുന്നുവെന്നാണ് വിശദീകരണം. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പ്രതികരണമെന്നും നിര്‍വ്യാജം ഖേദിക്കുന്നുവെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.

സംഭവത്തില്‍ ഏഷ്യാനെറ്റിന്റെ പ്രതികരണം:

അറിയിപ്പ്:

ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് ടെലിഫോണില്‍ വിളിച്ച വ്യക്തിയോട് സംസാരിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രതികരണത്തില്‍ അനാവശ്യവും അപക്വവും ആയ പരാമര്‍ശങ്ങള്‍ കടന്നു കൂടിയതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. തെറ്റ് പറ്റിയ വ്യക്തിക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രേക്ഷകരോടുള്ള പെരുമാറ്റത്തില്‍ ഇത്തരം വീഴ്ചകള്‍ വരുത്തുന്നതിനോട് ഒട്ടും വിട്ടുവീഴ്ച പുലര്‍ത്താത്ത ഞങ്ങളുടെ സ്ഥാപനത്തില്‍ നിന്ന്, ഒരു കാരണവശാലും ഇത് ആവര്‍ത്തിക്കില്ലെന്ന്, ഞങ്ങള്‍ക്ക് ഒപ്പം എന്നും നിന്നിട്ടുള്ള പ്രിയ പ്രേക്ഷക സമൂഹത്തിന് ഉറപ്പ് നല്‍കുന്നു.

എഡിറ്റർ

Next Story

Popular Stories