കടന്നല്‍ക്കൂട്ടത്തിന്റെ റെയ്ഡ്; തേനീച്ചകള്‍ പ്രതിരോധിക്കുന്നത് ചാണകം ഉപയോഗിച്ച്; പഠനം പുറത്ത്

തേനീച്ചകളുടെ ജീവിതരീതിയെക്കുറിച്ച് പുതിയ പഠനം. വിയറ്റ്‌നാമിലെ തേനീച്ചകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. കടന്നല്‍ കൂട്ടം തങ്ങളുടെ കൂട് ആക്രമിക്കാതിരിക്കാനായി തേനീച്ചകള്‍ പ്രയോഗിക്കുന്ന തന്ത്രമാണ് ഈ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കോഴിക്കാഷ്ടവും, ചാണകവും ഉപയോഗിച്ച് കൂടുകള്‍ക്ക് പ്രതിരോധം സൃഷ്ടിച്ചാണ് തേനീച്ചകള്‍ കടന്നലുകളെ അകറ്റുന്നത്. ചില അവസരങ്ങളില്‍ മനുഷ്യരുടെ മൂത്രം ഉപയോഗിച്ച് വരെ തേനീച്ചകള്‍ പ്രതിരോധം സൃഷ്ടിക്കുന്നെന്നാണ് പഠനത്തില്‍ പറയുന്നത്. പ്ലോസ് വണ്‍ എന്ന ജേര്‍ണലില്‍ വന്ന പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

വിയറ്റ്‌നാമിലെ ഒരു തേനീച്ച വളര്‍ത്തുകാരന്‍ തേനീച്ചക്കൂടുകളുടെ കവാടത്തില്‍ കറുത്ത പാടുകളില്‍ സംശയം പ്രകടിപ്പിച്ചതോടാണ് ഗവേഷകര്‍ പഠനം നടത്തിയത്. തേനീച്ചകള്‍ പ്രധാനമായും ഏഷ്യന്‍ തേനീച്ചകളിലാണ് വിസര്‍ജ്യ വസ്തുക്കള്‍ ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

തങ്ങളുടെ കോളനിയെ സംരക്ഷിക്കുന്നതിനായി വിവിധ വിദ്യകള്‍ തേനീച്ചകള്‍ പ്രയോഗിക്കാറുണ്ട്. എന്നാല്‍ വിസര്‍ജ്യവസ്തുക്കള്‍ പ്രതിരോധത്തിന് ഉപയോഗിക്കുന്നെന്ന് ആദ്യമായാണ് കണ്ടുപിടിക്കുന്നത്.

തേനീച്ചക്കോളനിയില്‍ റാണി ഈച്ചക്കും തേന്‍ ശേഖരിക്കുന്ന തൊഴിലാളികളായ ഈച്ചകള്‍ക്കും പുറമെ പാറാവുകാരായ ഈച്ചകള്‍, , കൂടിനും കുഞ്ഞുങ്ങള്‍ക്കും കാവല്‍ നില്‍ക്കുന്ന ഈച്ചകള്‍, റാണിയെ സംരക്ഷിക്കുന്ന ഈച്ചകള്‍, കൂടിന്റെ ഉള്ളിലെ ചൂടുനിയന്ത്രിക്കുന്ന ഈച്ചകള്‍ തുടങ്ങി വിവിധതരം ഈച്ചകളുണ്ട്. ഇവയില്‍ പലതുമാണ് പൊതുവെ പ്രതിരോധ സംവിധാനം തീര്‍ക്കാറ്.

Latest News