മൗദൂദിസം ഒളിച്ചുകടത്തുന്ന പ്രച്ഛന്നവേഷക്കാരല്ല 'സുഡാനികൾ'
ഒന്നുറപ്പ്, സക്കറിയ പരാരി കൂട്ടുകെട്ട്, അടച്ചിട്ടിരുന്ന ചില വാതിലുകൾ മലയാള സിനിമാ ലോകത്തേക്ക് തുറന്ന് വെച്ചു.
16 Oct 2020 6:09 AM GMT
അഷ്റഫ് കടയ്ക്കൽ

നമ്മുടെ പ്രധാനമന്ത്രി ആയിരുന്ന വിപി സിംഗിന്റെ തൊണ്ണൂറുകളിൽ പ്രസിദ്ധീകരിച്ച ഒരഭിമുഖത്തിൽ, തനിക്ക് അന്ത:സംഘർഷങ്ങളുണ്ടാവുമ്പോൾ ഖലീൽ ജിബ്രാന്റെ 'ദി പ്രൊഫറ്റ്' ഒരു വേദപുസ്തകം പോലെ വായിക്കാറുണ്ട് എന്ന് പറഞ്ഞിരുന്നു. അത് കണ്ട ആവേശത്തിൽ വൈകാതെ പുസ്തകം വാങ്ങി അതുമായി കൊല്ലത്ത് ഡിഗ്രിക്ക് പഠിച്ചിരുന്ന കോളജിലെത്തി. അവിടെ കോമേഴ്‌സ് വിഭാഗത്തിൽ പ്രൊഫസറായിരുന്ന മതഭക്തനായ ഒരധ്യാപകൻ എന്നെ അടുത്തേക്ക് വിളിച്ചു 'പ്രവാചകൻ' എന്ന് കണ്ട് ആവേശത്തോടെ പുസ്തകം വാങ്ങി തുറന്ന് നോക്കിയിട്ട് ' താൻ ഇതൊക്കെയാണെടോ വായിക്കുന്നത്, അറിയപ്പെടുന്ന ഒരു പണ്ഡിതന്റെ മകനല്ലേ ഇയാൾ' എന്ന് ആക്രോശിച്ചു കൊണ്ട് എന്റെ മുഖത്തേക്ക് വലിച്ചൊരേറ്.
തെറിച്ചു പോയ പുസ്തകം കുനിഞ്ഞെടുത്ത് കൊണ്ട് മറ്റൊരധ്യാപകൻ, നടുക്കം വിട്ടുമാറാതെ അന്ധാളിച്ച് നിന്ന എന്റെ കയ്യിൽ തന്നിട്ട് ' സാരമില്ല സാറിന് പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്' എന്ന് പറഞ്ഞ് എന്നെ സ്റ്റാഫ് റൂമിന്റെ പുറത്തേക്ക് കൊണ്ട് വിട്ടു. ആ പുസ്തകത്തിൽ ചേർത്തിരുന്ന ചില ജിബ്രാൻ ചിത്രങ്ങളാണ് പ്രൊഫസറെ പ്രകോപിതനാക്കിയത് എന്നെനിക്ക് മനസ്സിലായി. ഹലാൽ ലവ് സ്റ്റോറി കണ്ട് തീർന്നപ്പോൾ പെട്ടെന്ന് ഓർമ്മ വന്ന് മുഖത്തേക്ക് ആഞ്ഞ് പതിച്ച ജിബ്രാന്റെ 'പ്രവാചകനെ' യാണ്.

മതത്തിന്റെ വിധിവിലക്കുകളിൽ ജീവിതം ചിട്ടപ്പെടുത്തിയിട്ടുള്ള ഒരു സമൂഹം ആധുനികതയുമായി മുഖാമുഖം വരുമ്പോൾ നേരിടുന്ന സംഘർഷങ്ങളും വെല്ലുവിളികളും പ്രമേയമാക്കി ധാരാളം സിനിമകളുണ്ട്, പ്രത്യേകിച്ചും ഇറാനിയൻ സിനിമകൾ. മുസ്ലിം പശ്ചാത്തലുള്ള ഇത്തരം സിനിമകളെ സംബന്ധിച്ചുള്ള ഫർസിൻ വഹ്ദത്തിന്റെ പഠനങ്ങൾ നല്ലൊരു വിശകലന ചട്ടക്കൂട് മുന്നോട്ട് വെയ്ക്കുന്നുണ്ട്.
കലയും സാഹിത്യവും സംഗീതവും അഭിനയവുമൊന്നും മതജീവിതത്തിന്റെ അതിരുകൾക്കപ്പുറത്ത് നിർത്തേണ്ട പൈശാചിക വൃത്തികളാണ് എന്ന നിലപാട് സ്വീകരിച്ചിട്ടില്ലാത്ത ജമാഅത്തെ ഇസ്ലാമിയെ പോലുള്ള സംഘടനയുടെ സംവിധാനത്തിനുള്ളിൽ പോലും സ്വതന്ത്രമായ കലാവിഷ്കാരം സാധ്യമല്ല എന്ന സിനിമാറ്റിക് പ്രസ്താവനയാണോ 'ഹലാൽ സ്റ്റോറി'. അതല്ല സിനിമയിലെ പ്രധാന കഥാപാത്രമായ തൗഫീഖ് സാഹിബ് പറയുന്ന പോലെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് കലാവിഷ്കാരത്തിനുള്ള പുതുവഴികൾ തേടുന്നതും മൗലിക ആവിഷ്കാരങ്ങളാണ് എന്ന സന്ദേശമാണോ സിനിമ മുന്നോട്ട് വെയ്ക്കുന്നത്.
ഈ വിഷയത്തിൽ ഭിന്ന വായനകൾ സാധ്യമാണ് എന്നാണ് ഇതിനകം പുറത്ത് വന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. എന്തായാലും ഒന്നുറപ്പ് സക്കറിയ പരാരി കൂട്ടുകെട്ട്, അടച്ചിട്ടിരുന്ന ചില വാതിലുകൾ മലയാള സിനിമാ ലോകത്തേക്ക് തുറന്ന് വെച്ചു. മൊഞ്ചത്തിയുടെ മൈലാഞ്ചിപ്പാട്ടും കസവു തട്ടവും ക്ലോസപ്പിലെ ആടറുപ്പും കോഴി ബിരിയാണിയുമാണ് മുസ്ലിം ജീവിതവും സംസ്കാരവുമെന്ന പതിവ് കാഴ്ചകളിൽ നിന്നും വീടകങ്ങളിലും ആരാധനാലയങ്ങളിലും കളിയിടങ്ങളിലും മുസ്ലിം ജീവിതം എന്ത്, എങ്ങനെയെന്ന നേർക്കാഴ്ചകളിലേക്ക് ക്യാമാറ തുറന്ന് വെച്ചു. അരപ്പട്ട കെട്ടിയ മൊട്ടത്തലയൻ മാപ്പിളയില്ലാത്ത, വെറ്റിലച്ചെല്ലം ഓരത്ത് വെച്ച് ഉമ്മറത്തേക്ക് നീട്ടിത്തുപ്പുന്ന ഉമ്മുമ്മയില്ലാത്ത മുസ്ലിം ജീവിതം പറയുന്ന മലയാള സിനിമ സാധ്യമാണ് എന്നതാണ് ഇവരുടെ സിനിമയുടെ രാഷ്ട്രീയമെന്ന് എനിക്ക് തോന്നുന്നു.

ഒരു ഘട്ടത്തിൽ ജമാഅത്തിന്റെ വിദ്യാർഥി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നത് കൊണ്ട് മൗദൂദിസം ഒളിച്ചു കടത്തുന്ന പ്രച്ചന്ന വേഷക്കാരാണ് 'സുഡാനി' കൾ എന്ന വിമർശനം കഴമ്പില്ലാത്തതാണ് എന്നതിനുള്ള തെളിവ് കൂടിയാണ് 'ലവ് സ്റ്റോറി'. ഇവരുടെ രണ്ട് സിനിമയിലെയും മുസ്ലിം സ്ത്രീകൾക്ക് ശബ്ദവും മുഖവുമുണ്ട് എന്നതും ഒരു രാഷ്ട്രീയ സന്ദേശമാണ്.
ക്ലാസിക് അംശങ്ങളുടെ അടയാളമുണ്ടായിരുന്ന 'സുഡാനി' ആവിഷ്കരിച്ച സിനിമാ പ്രവർത്തകർക്ക് പുതിയൊരു സിനിമ എന്നും വെല്ലുവിളി തന്നെയായിരിക്കും. ആ ഭാരം ഇറക്കി വെച്ച് മാത്രമെ ഹലാൽ സ്റ്റോറി ആസ്വദിക്കാനാവുകയുള്ളു. തികച്ചും വ്യത്യസ്തമായ ഭൂമികയിൽ പണിത രണ്ട് ശില്പങ്ങളെന്ന മുൻധാരണയോടെ സിനിമ കണ്ടില്ലെങ്കിൽ ചിലരെങ്കിലും നിരാശപ്പെടും. ട്രോളിന്റെ സിനിമാറ്റിക് ഭാഷ്യം എത്ര സുന്ദരവും ആസ്വാദ്യവുമാണെന്ന് തിരിച്ചറിയണമെങ്കിൽ ജമാഅത്ത് കുടുംബങ്ങളെയും പ്രസ്ഥാനത്തെയും അടുത്തറിയുക കൂടി വേണം. 'പ്രസ്ഥാനിക പ്രവർത്തക'രുടെ പദാവലികളും ശരീര ഭാഷയും സംഘടനാ വിധേയത്വവും ഇത്ര സൂക്ഷമമായി ആ വിഷ്കരിക്കണമെങ്കിൽ നല്ല നിരീക്ഷണ പാടവവും അനുഭവജ്ഞാനവുമുള്ളവർക്കേ സാധിക്കുകയുള്ളു. സിനിമാ ചർച്ച ഉപസംഹരിച്ച് കൊണ്ട് ഉദ്ബോധനം നിർവഹിച്ച 'സാഹിബ് ' മാത്രം മതി അതിനുള്ള സാക്ഷ്യം.
സിനിമയെ പ്രസ്ഥാന പരിസരത്ത് തളച്ചത് കൊണ്ട് സാർവ്വലൗകികമാകേണ്ടിയിരുന്ന ഒരു പ്രമേയത്തെ പരിമിതപ്പെടുത്തിയോ ഈ ചിത്രം എന്ന ഒരു സന്ദേഹം സിനിമ അവസാനിക്കുമ്പോൾ മനസിൽ തുടി കൊട്ടുന്നുണ്ടായിരുന്നു.
(എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമായ അഷ്‌റഫ് കടക്കൽ കേരള സർവകലാശാല ഇസ്‌ലാമിക് ഹിസ്റ്ററി ഡിപ്പാർമെൻറ് അധ്യാപകനാണ്.)