‘ജയിലിൽ ആകാൻ കാരണമായതും ഒരു സിനിമ പുറത്തിറങ്ങാനും കാരണം ഒരു സിനിമ’; ഒരു ചതിയുടെ കഥയുമായി അശോകൻ

ഒരു തെറ്റിധാരണ മൂലം ഖത്തർ ജയിലിൽ കിടക്കേണ്ടി വന്ന അനുഭവത്തെക്കുറിച്ച നടൻ അശോകൻ. തന്റെ യൂട്യൂബ് ചാനൽ ആയ ആക്ടർ അശോകനിലൂടെയാണ് താരം ഒരു ചതിയുടെ കഥ എന്ന പേരിൽ ജയിലിൽ കിടന്ന അനുഭവം പങ്കുവെച്ചത്.

‘1998 ൽ ഒരു സുഹൃത്തിനെ സന്ദർശിക്കാനായി ഞാൻ ഖത്തറിൽ പോയി. അദേഹത്തൊപ്പം ഒരു ഹോട്ടലിൽ പോയി ഡിന്നർ കഴിച്ചതിനു ശേഷം ഹോട്ടലിലേക്ക് തിരിച്ചു ചെന്നപ്പോൾ മുറി തുറക്കാൻ സാധിക്കുന്നില്ല. എത്ര തന്നെ ശ്രമിച്ചിട്ടും അത് തുറക്കാൻ സാധിച്ചില്ല. പെട്ടെന്ന് എവിടെ നിന്നോ കുറച്ച് അറബികൾ വന്നു മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറന്നു. അവര്‍ മുറി മുഴുവന്‍ പരിശോധിച്ചു. എന്റെ ബാഗും അലമാരയുമെല്ലാം വിശദമായി തിരഞ്ഞു. ഞങ്ങള്‍ വല്ലാതെ ഭയന്നുപോയി.

ഒരു മണിക്കൂറിനു ശേഷം ഞങ്ങളെ അവരുടെ കാറിൽ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അപ്പോഴാണ് മനസിലായത് അവർ സി ഐ ഡിമാരാണെന്ന്. സി ഐ ഡി എന്ന് പറയുമ്പോൾ പൊതുവെ സിനിമകൾ ഓർമ്മവരും. പക്ഷെ ആദ്യമായി ഭയക്കുന്ന അവസ്ഥ ഉണ്ടായി. എന്റെ സുഹൃത്തിനെ അതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിക്കൊണ്ടുപോയി. തിരിച്ചുവന്നപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് മുഴുവൻ അടി കൊണ്ട പാടുകൾ ആയിരുന്നു. അതിനു ശേഷം ഞങ്ങളെ ഒരു സെല്ലിൽ കൊണ്ടെയിട്ടു. അവിടെ ചില പാകിസ്താനി തടവുകാർ ഉണ്ടായിരുന്നു. ജീവിതം അവസാനിച്ചെന്നാണ് ഞാൻ കരുതിയത്.

രാവിലെ സ്പോൺസർ എത്തി. അങ്ങനെയാണ് ഞാൻ ഒരു സിനിമ നടനാണെന്ന് അവർക്ക് മനസിലായത്. വരക്കാകെ അറിയാവുന്ന സിനിമ നടന്മാരെന്നാൽ അമിതാഭ് ബച്ചനും കമൽ ഹാസനും മാത്രമാണ്. അവരെ അറിയാമോ എന്ന് ചോദിച്ചപ്പോൾ അറിയാമെന്നു പറഞ്ഞു.

പിന്നീടാണ് സംഭവം മനസ്സിലായത്. പദ്മരാജൻ ഒരുക്കിയ സീസൺ എന്ന ചിത്രത്തിലെ സ്റ്റീൽസ് ആരോ കട്ട് ചെയ്തു അയച്ചിരിക്കുകയാണ്. ഞാൻ ഒരു ഡ്രഗ് അഡിക്ട് ആണെന്ന് കരുതിയാണ് അവർ എന്നെ അറസ്റ് ചെയ്തത്. എന്റെ സുഹൃത്തിന്റെ ശത്രുക്കൾ ആരോ പാര വെച്ചതാണ്.

അങ്ങനെ അറസ്റ്റിൽ ആകാൻ ഒരു സിനിമ കാരണമായി. ഒടുവിൽ പുറത്തിറങ്ങാനും കാരണമായത് ഒരു സിനിമ തന്നെ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത അനന്തരം എന്ന ചിത്രത്തിലെ വാർത്തകൾ അവിടെ ഒരു പാത്രത്തിൽ ഉണ്ടായിരുന്നു. ഒപ്പം എന്റെ ചിത്രങ്ങളും. ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്നതായിരുന്നു വാർത്ത. അതുകണ്ടതിനു ശേഷമാണ് അവരെന്നെ പുറത്തുവിട്ടത്’, അശോകൻ പറഞ്ഞു.

അശോകൻ പങ്കുവെച്ച വീഡിയോയുടെ പൂർണരൂപം

Latest News