Top

ആശാപ്രവര്‍ത്തകര്‍ക്ക് ആശ്വാസമേകി സംസ്ഥാന ബജറ്റ്; അലവന്‍സില്‍ 1000 രൂപയുടെ വര്‍ധനവ്

കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ തുച്ഛമായ അലവന്‍സില്‍ പ്രവര്‍ത്തിച്ച ആശാ പ്രവര്‍ത്തകര്‍ക്ക് 1000 രൂപയുടെ വര്‍ദ്ധനവാണ് ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

15 Jan 2021 1:45 AM GMT

ആശാപ്രവര്‍ത്തകര്‍ക്ക് ആശ്വാസമേകി സംസ്ഥാന ബജറ്റ്; അലവന്‍സില്‍ 1000 രൂപയുടെ വര്‍ധനവ്
X

ആശാപ്രവര്‍ത്തകരുടെ അലവന്‍സില്‍ വര്‍ധന പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ തുച്ഛമായ അലവന്‍സില്‍ പ്രവര്‍ത്തിച്ച ആശാ പ്രവര്‍ത്തകര്‍ക്ക് 1000 രൂപയുടെ വര്‍ദ്ധനവാണ് ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും ധനമന്ത്രി സഭയില്‍ ഉന്നയിച്ചു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉച്ചയ്ക്ക് ശേഷവും ഒപി, ലാബ്, ഫാര്‍മസി എന്നിവ പ്രവര്‍ത്തന സജ്ജമാകും. 221 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കും. കാരുണ്യ വെല്‍ഫയര്‍ ഫണ്ട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി, മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 25 കോടിയും പ്രഖ്യാപിച്ചു. കൊച്ചി ക്യാന്‍സര്‍ സെന്റര്‍ 2021-22 ല്‍ പൂര്‍ത്തീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലൂടെ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 41.5 ലക്ഷം കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ കിടത്തി ചികിത്സാ ആനുകൂല്യം സര്‍ക്കാര്‍ നല്‍കും. കഴിഞ്ഞ രണ്ട് വര്‍ഷം 16.2 ലക്ഷം കുടുംബങ്ങള്‍ ആരോഗ്യ പരിരക്ഷ നല്‍കി. 941 കോടി രൂപ ചെലവഴിച്ച് 190 സര്‍ക്കാര്‍ ആശുപത്രികളും 372 സ്വകാര്യ ആശുപത്രികളും ഈ പദ്ധതിക്ക് കീഴില്‍ എംപാനല്‍ ചെയതിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ബദല്‍ ലോകം ഏറ്റെടുത്തെന്ന് ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. കൊവിഡാനന്തര കാലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ ബജറ്റിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും നമ്മുടെ കൊവിഡ് പ്രതിരോധം മൂലം മരണ നിരക്ക് കുറയ്ക്കാനായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Next Story