Top

അസദുദ്ദീന്‍ ഒവൈസിയുടെ വളര്‍ച്ച; ഹിന്ദുത്വ രാഷ്ട്രീയം കാത്തിരുന്ന സുവര്‍ണനിമിഷം

20 Nov 2020 6:36 AM GMT
യോഗേന്ദ്ര യാദവ്

അസദുദ്ദീന്‍ ഒവൈസിയുടെ വളര്‍ച്ച; ഹിന്ദുത്വ രാഷ്ട്രീയം കാത്തിരുന്ന സുവര്‍ണനിമിഷം
X

അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുള്‍ മുസ്ലിമീന്‍, അല്ലെങ്കില്‍ എഐഎംഐഎമ്മിന്റെ ഉയര്‍ച്ച എന്നെ ആശങ്കപ്പെടുത്തുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിനുശേഷമുള്ള ഒരു ടിവി ചര്‍ച്ചയില്‍ ഞാനിത് പറഞ്ഞപ്പോള്‍ എനിക്കെതിരെ പതിവ് അമ്പുകള്‍ പാഞ്ഞെത്തി, ഇത്തവണ മുസ്ലിം പക്ഷത്ത് നിന്നാണെന്നു മാത്രം. ഞാനൊരു ക്ലോസറ്റ് സംഘിയാണെന്നും തീര്‍ച്ചയായും ഒരു ഇസ്ലാമോഫോബ് ആണെന്നുമായിരുന്നു ആരോപണം. ഈ പ്രതികരണങ്ങളോടെ എനിക്കൊന്ന് ബോധ്യപ്പെടുകയായിരുന്നു, എഐഎംഐഎമ്മിന്റെ ഉയര്‍ച്ചയില്‍ നാമെന്തുകൊണ്ട് ആശങ്കപ്പെടണമെന്ന്.

അസ്ഥാനത്തെ ആശങ്കകള്‍

എനിക്ക് മുന്നോട്ടുവെയ്ക്കാനുള്ള കാരണങ്ങള്‍ 'മതേതര ബ്രിഗേഡിന്' പറയാനുള്ളവയില്‍ നിന്ന് വ്യത്യസ്തമാണ്. ബിഹാറിലെ 'മതേതര വോട്ടുകള്‍' വിഭജിച്ച് മഹാഗഡ്ബന്ധന്റെ പരാജയം ഉറപ്പാക്കിയതില്‍ ഞാന്‍ എഐഐഎമ്മിനെ കുറ്റപ്പെടുത്തുന്നില്ല. അതിനുള്ള ആദ്യത്തെ കാരണം ആ ആരോപണം സത്യമല്ല എന്നതുതന്നെയാണ്.

ബിഹാറിന്റെ വടക്കുകിഴക്കന്‍ കോണുകളിലെ മുസ്ലിം ആധിപത്യമുള്ള മേഖലകളില്‍ നിന്ന് എഐഐഎന് അഞ്ച് സീറ്റുകള്‍ നേടാനായിരിക്കാം. എന്നാല്‍, അവര്‍ മത്സരിച്ച അതേ മേഖലയില്‍ തന്നെയുള്ള ശേഷിക്കുന്ന സീറ്റുകളില്‍ മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥികളുടെ വോട്ട് വിഭജിക്കപ്പെട്ടില്ല. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിന്റെ കണക്കുപ്രകാരം ബിഹാറിലെ മുസ്ലിം വോട്ടുകളില്‍ 76 ശതമാനവും വോട്ടുചെയ്തത് മഹാഗഡ്ബന്ധന്റെ വിജയത്തിനായാണ്. അത് തെളിയിക്കുന്നത് എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ മുസ്ലിംങ്ങള്‍ തന്ത്രപരമായി വോട്ട് ചെയ്തു എന്നു തന്നെയാണ്.

അതിലും പ്രധാനപ്പെട്ട ഒന്നുണ്ട്, അഥവാ വോട്ട് വിഭജനം ഉണ്ടായി എന്നുതന്നെ കരുതിയാലും അതിലെന്താണ് തെറ്റ്? ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും അവരുടെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം എതിരാളിയില്‍ കെട്ടിവച്ചൊഴിയാനാവില്ല. ഈ വോട്ടുവിഭജന ടാഗ് എല്ലാ പുതിയ പാര്‍ട്ടികള്‍ക്കുമേലും പ്രയോഗിക്കപ്പെടുന്നതാണ്. 2013 ലെ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് മേലുണ്ടായ ആരോപണവും ഇതുതന്നെയായിരുന്നു. ബിജെപിയെ നേരിടുകയെന്നത് തത്വപരമായ ഉത്തരവാദിത്ത്വമായി ഏറ്റെടുക്കേണ്ടവരും എന്നാല്‍ അതില്‍ പരാജയപ്പെടുന്നവരുമായ പാര്‍ട്ടികള്‍ അവരുടെ രക്ഷയ്ക്കായി മറ്റെല്ലാവരും എത്തണമെന്ന് പ്രതീക്ഷിക്കുന്നതുതന്നെ ഒരു തരത്തില്‍ തമാശയാണ്. എന്തുതന്നെയായാലും, എല്ലാ മുസ്ലീംങ്ങളും ഒരൊറ്റ കൂട്ടമായി വോട്ടുചെയ്യണമെന്ന ആശയം എല്ലാ ഹിന്ദുക്കളെയും ഒരു വോട്ട് ബാങ്കില്‍ ഒന്നിപ്പിക്കാനുള്ള ശ്രമംപോലെ ആഴത്തില്‍ വിയോജിപ്പുണ്ടാക്കേണ്ടതാണ്. ആരോഗ്യകരമായ ഒരു ജനാധിപത്യത്തില്‍, വോട്ടര്‍മാര്‍ അവരുടെ അഭിപ്രായങ്ങളുടെയും വിലയിരുത്തലുകളുടേയും അടിസ്ഥാനത്തിലാണ് പാര്‍ട്ടികളെ തിരഞ്ഞെടുക്കേണ്ടത്, അല്ലാതെ അവരുടെ ജനനം എന്ന ആകസ്മികതയെ അടിസ്ഥാനമാക്കിയല്ല. മുസ്ലിം വോട്ട് വിഭജിക്കപ്പെടുകയാണങ്കില്‍, അതുകാണിക്കുന്നത് അവര്‍ക്ക് തെരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുന്നു എന്നാണ്. അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

സംശയാസ്പദമായ ഭൂതകാലം, സാമുദായിക വര്‍ത്തമാനം

എഐഎംഐഎം ഒരു വിനാശകരമായ രാഷ്ട്രീയ സംഘടനയാണെന്നല്ല എന്റെ ആശങ്ക. ഹൈദരാബാദ് ആസ്ഥാനമായുള്ള ആ പാര്‍ട്ടിയോട് ഇന്നുയര്‍ന്നുവരുന്ന പ്രത്യേക വിദ്വേഷത്തിന്റെ ഭൂരിഭാഗവുമുണ്ടാകുന്നത് ടിവി സ്‌ക്രീനില്‍ അസദുദ്ദീന്‍ ഒവൈസിയുണ്ടാക്കുന്ന പ്രഭാവമാണ്.
അദ്ദേഹം വാചാലനും നര്‍മ്മബോധമുള്ളവനുമാണ്. കൂടാതെ തന്റെ പ്രഹരങ്ങള്‍ പിന്‍വലിക്കാത്ത പ്രകൃതക്കാരനും.
അതിനാല്‍, രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നവര്‍ക്ക് അദ്ദേഹത്തിന്റെ പാര്‍ട്ടി ഒരു അനായാസ ലക്ഷ്യമാണ്.

എഐഎംഐഎമ്മിന് സംശയാസ്പദമായ ഒരു ഭൂതകാലമുണ്ടെന്ന് നിസംശയം പറയാം. 1927 ല്‍ അന്നത്തെ ഹൈദരാബാദ് ഭരണാധികാരിയായിരുന്ന നിസാമിന്റെ അനുഗ്രഹത്തോടെ രൂപീകരിക്കപ്പെട്ട പാര്‍ട്ടി മുസ്ലിം രാജ്യമെന്ന ആവശ്യത്തില്‍ മുസ്ലിം ലീഗിനെ പിന്തുണച്ചവരാണ്. ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നത് തടയാന്‍ സൈന്യത്തിനെതിരെ പോരാടിയ സായുധ സേനയായ റസാക്കറുമായി അവരുടെ ഭൂതകാലത്തിന് ബന്ധമുണ്ടെന്നതാണ് അത് കൂടുതല്‍ മോശമാക്കുന്നത്. എന്നാല്‍ എംഐഎം ഇന്ത്യയുടെ യാഥാര്‍ത്ഥ്യം അംഗീകരിച്ച് എഐഎംഐഎം ആയി മാറുകയും നേതൃത്വം ഒവൈസി കുടുംബത്തിലേക്ക് കൈമാറപ്പെടുകയും ചെയ്തതോടെ, ജനാധിപത്യത്തിന്റെ നാല് മതിലുകള്‍ക്കുള്ളലേക്കായി അവരുടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍. എങ്കിലും ഹൈദരാബാദിന്റെ പിന്നാമ്പുറങ്ങളില്‍ ശക്തമായ ആയുധ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നുവെന്ന ആരോപണം പാര്‍ട്ടിയെ, പ്രത്യേകിച്ച് ഒവൈസികളെ പിന്തുടര്‍ന്നു. ഇക്കാര്യത്തില്‍, മുംബൈയിലെ ശിവസേനയില്‍ നിന്ന് വ്യത്യസ്തരല്ല എഐഎംഐഎം.

റസാക്കര്‍സ്‌

എഐഎംഐഎം ഒരു സാമുദായിക സംഘടനയാണ്. മുസ്ലിം രാഷ്ട്രീയത്തിന്റെ ഒരു ബ്രാന്‍ഡാണവര്‍. മുസ്ലിംങ്ങള്‍ക്കായി മുസ്ലിംങ്ങളില്‍ നിന്ന് രൂപപ്പെട്ട ഒന്ന്. എന്നാല്‍ ഉറപ്പായും അത്തരം അസ്ഥിത്വം വഹിക്കുന്ന ഏക പാര്‍ട്ടിയല്ല അവര്‍. സിഖുകാര്‍ക്കായി സിഖുകാര്‍ രൂപീകരിച്ച ശിരോമണി അകാലിദളോ കേരളത്തിലെ മുസ്ലിം ലീഗോ ഉത്തര്‍പ്രദേശിലെ മില്ലി കൗണ്‍സിലോ നോക്കൂ, അല്ലെങ്കില്‍ പേരില്‍ ഒരു സമുദായത്തിന്റെ പേരേന്താത്ത എന്നാല്‍ ഒരു സമുദായത്തിന്റെ രാഷ്ട്രീയ താത്പര്യം പ്രകടിപ്പിക്കുന്ന അസമിലെ എഐയുഡിഎഫോ കേരളത്തില്‍ പല കഷ്ണങ്ങളായി ചിതറിക്കിടക്കുന്ന കേരള കോണ്‍ഗ്രസോ എന്തിന് കൂട്ടത്തിലെ വമ്പനായ ബിജെപിയെതന്നെ എടുക്കൂ. ഇന്ത്യയില്‍ സാമുദായിക പാര്‍ട്ടികളുടെ ബാഹുല്യം തിരിച്ചറിയാം. വോട്ടിനായി ജാതി-സാമുദായിക വികാരങ്ങളെ ഉപയോഗിക്കുന്നു എന്ന കാരണത്താല്‍ അവര്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങല്‍ നടത്തുന്നവരാണ്. എന്നാല്‍ ആ നിയമങ്ങളെല്ലാം കടലാസുകളില്‍ മാത്രം നിലനില്‍ക്കുന്നവയാണ്. അത്തരം പാര്‍ട്ടികളെ ഒറ്റയടിക്ക് റദ്ദാക്കുകയല്ല പരിഹാരം. അവരെ നേരിടേണ്ടത് രാഷ്ട്രീയത്തിലൂടെ തന്നെയാണ്. അവിടെ ഏതുപ്രകാരമാണെങ്കിലും എഐഎംഐഎമ്മിനെ മാത്രം അവരുടെ സാമുദായിക രാഷ്ട്രീയ സ്വഭാവത്തെ അടിസ്ഥാനമാക്കി എടുത്തുകാട്ടുന്നത് കപടനാട്യമാകും.

യഥാര്‍ഥ പ്രശ്‌നം

എഐഎംഐഎമ്മല്ല അവര്‍ പ്രതിനിധീകരിക്കുന്ന ആശയമാണ് യഥാര്‍ഥ പ്രശ്‌നം. ഇന്നുവരെ മുസ്ലിംങ്ങളിലുണ്ടായിരുന്ന എല്ലാ ആശങ്കകളെയും കൂടുതല്‍ മോശമാക്കാന്‍ ഇന്ധനം പകരുന്ന എന്തെല്ലാമുണ്ടോ അതെല്ലാം നരേന്ദ്രമോദിയുടെ വാഴ്ചയ്ക്കുകീഴില്‍ ഉണ്ടായി കഴിഞ്ഞു. അവര്‍ക്ക് അവരുടെ സ്വന്തം രാജ്യത്ത് രണ്ടാംതരം പൗരന്മാരായി താഴ്ത്തപ്പെട്ടിരിക്കുന്നതായി അനുഭവപ്പെടുന്നു. അതിലും ഭീകരമായ പലതും വരാനിരിക്കുന്നു എന്നവര്‍ ഭയപ്പെടുകയും ചെയ്യുന്നു. ഭീതിയും ഉത്കണ്ഠയും നിറഞ്ഞ ഈ കാലാവസ്ഥ അസാദുദ്ദീന്‍ ഒവൈസിയ്ക്ക് തന്റെ പ്രവര്‍ത്തനമണ്ഡലം വികസിപ്പിക്കാന്‍ ഉതകുന്ന എറ്റവും മികച്ച കാലാവസ്ഥയാണ്. പരമ്പരാഗത മുസ്ലിം നേതാക്കളില്‍ നിന്ന് വിഭിന്നമായി അദ്ദേഹത്തിന് ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യത്തെക്കുറിച്ചറിയാം. അതേസമയം സാമ്പ്രദായികമായ മതേതരത്വ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായി മുസ്ലിം താത്പര്യങ്ങലെക്കുറിച്ച് തുറന്നടിക്കാനുമറിയാം. രാമക്ഷേത്രതര്‍ക്കത്തില്‍ സുപ്രിംകോടതി ഏറെക്കുറെ വിചിത്രമെന്ന് പറയാവുന്ന വിധി പ്രഖ്യാപിച്ചപ്പോള്‍ മുസ്ലിം വിഭാഗത്തിന്റെ സ്പഷ്ടമായ സ്വരമായതും ഒവൈസിയാണ്. തനിക്ക് പറയേണ്ടത് നിയമവിരുദ്ധമാകാതെ താനാഗ്രഹിക്കുന്ന രീതിയില്‍ പറയാന്‍ അദ്ദേഹത്തിനറിയാം. ടെലിവിഷന്റെ സ്വാധീനമദ്ദേഹം മനസിലാക്കുന്നു. അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതില്‍ കഴമ്പില്ല. ഒവൈസിയെപ്പോലെ സമര്‍ത്ഥനായ ഒരു വ്യവസായി വോട്ടുകമ്പോളത്തിലെ എല്ലാ അവസരങ്ങളില്‍ നിന്നും മുഴുവന്‍ ലാഭമുണ്ടാക്കുമെന്നത് ഉറപ്പാണ്.

മുസ്ലിംങ്ങളുടെ 'തന്നത്താന്‍ രാഷ്ട്രീയത്തിന്' ഒരൊറ്റ പോക്കറ്റിനപ്പുറം വിജയം കാണാന്‍ സാധിച്ച ഇന്നുവരെയുള്ളതില്‍ വെച്ച്‌ ഏറ്റവും മികച്ച ഉദാഹരണമാണ് എംഐഎം. ബിഹാറിലെ അവരുടെ വിജയത്തെ കേവലം പുതുമഴയില്‍ പോട്ടിമുളച്ച ഒന്നായി കാണാനാകില്ല. ഹൈദരാബാദില്‍ നിന്ന് അവരുടെ രാഷ്ട്രീയം കയറ്റിയയ്ക്കുന്നിനായി കുറച്ചധികം കാലമായി അവര്‍ അധ്വാനിക്കുന്നുണ്ട്. ബിഹാറിലേതുപോലെ ഒരു മൂന്നാം സഖ്യമുണ്ടാക്കി ചുവടുറപ്പിക്കാനുള്ള ഒവൈസിയുടെ പരീക്ഷണം വിജയകരമായി തുടരുകയായിരുന്നു. മഹാരാഷ്ട്രയില്‍ പ്രകാശ് അംബേദ്കറുടെ ബഹുജന്‍ വഞ്ചിത് അഗാഡിയോടൊപ്പം ചേര്‍ന്ന് 2019 നിയമസഭാതെരഞ്ഞെടുപ്പ് നേരിട്ടതും അത്തരമൊരു പരീക്ഷണമായിരുന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദ് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ അവര്‍ നേടിയ ശ്രദ്ധേയമായ വിജയവും അതിന്റെ ഫലമാണ്. വരാനിരിക്കുന്ന യുപി, പശ്ചിമ ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പുകളിലും എഐഎംഐഎമ്മില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാവുന്നതാണ്‌.

വിഭജനാനന്തര ഇന്ത്യയിലെ മുസ്‌ലിംങ്ങള്‍ സ്വീകരിച്ച രാഷ്ട്രീയത്തില്‍ നിന്നുള്ള പൂര്‍ണ്ണമായ വ്യതിചലനമാണിത്. മലബാര്‍, ഹൈദരാബാദ് തുടങ്ങിയ ചെറിയ പോക്കറ്റുകളില്‍ ഒഴികെ മുസ്‌ലിംങ്ങള്‍ മുസ്‌ലിം പാര്‍ട്ടികളിലും മുസ്‌ലിം നേതാക്കളിലും രാഷ്ട്രീയ വിശ്വാസം അര്‍പ്പിച്ചിട്ടില്ല. പകരം, ജവഹര്‍ലാല്‍ നെഹ്‌റു, വി പി സിംഗ്, മുലായം സിംഗ് യാദവ് തുടങ്ങിയ നേതാക്കളിലേക്കാണ് അവര്‍ ഉറ്റുനോക്കിയത്. ഭൂരിപക്ഷ സമുദായത്തിന്റെയും വിശ്വാസം കൈയ്യിലുണ്ടായിരുന്ന 'മതേതര' പാര്‍ട്ടികള്‍ക്ക് അവര്‍ വോട്ട് ചെയ്തു. കോണ്‍ഗ്രസിന്റെ 'മതേതര' രാഷ്ട്രീയ ബ്രാന്‍ഡിങ്ങിലും സമാജ്‌വാദി, രാഷ്ട്രീയ ജനതാദള്‍ എന്നിവരുടെ രാഷ്ട്രീയത്തിലും മുസ്‌ലിംങ്ങള്‍ ക്ഷീണിതരാണന്ന് എഐഎംഐഎമ്മിന്റ ഉയര്‍ച്ച വ്യക്തമാക്കുന്നു. ഒരു വോട്ട് ബാങ്കായി, ബന്ദികളായി ഉപയോഗിക്കപ്പെടുന്നതില്‍ അവര്‍ക്ക് അമര്‍ഷമുണ്ട്. ഇത്തരത്തിലുള്ള 'മതേതര' രാഷ്ട്രീയം അവരുടെ ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിച്ചില്ല. മുസ്ലിംങ്ങളെന്ന നിലയിലെ അവരുടെ പരാതികള്‍ പരിഗണിക്കപ്പെട്ടുമില്ല. ഇന്ത്യന്‍ മുസ്ലീമിന്റെ ധര്‍മ്മസങ്കടം അമേരിക്കന്‍ കറുത്തവര്‍ഗക്കാര്‍ക്ക് സാമാനമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി തങ്ങള്‍ക്ക് കറുത്ത വോട്ടുകള്‍ ലഭിക്കാത്തതിനാല്‍ അവര്‍ അവരെ ശ്രദ്ധിക്കുന്നില്ല, കറുത്ത വോട്ടുകള്‍ ഉറപ്പായതിനാല്‍ ഡെമോക്രാറ്റുകള്‍ അവരെ പരിഗണിക്കുന്നുമില്ല. എഐഎംഐഎം അവര്‍ക്ക് ഒരു വേദി നല്‍കുന്നു: അവര്‍ക്ക് തുല്യ പൗരന്മാരാകാന്‍ കഴിയുന്നില്ലെങ്കില്‍, കുറഞ്ഞത് മുസ്‌ലിംങ്ങളായി ഇരിക്കാം. ഇതൊരു പരിഹാരമല്ല, പക്ഷേ അങ്ങനെയൊന്ന് പോലെ തോന്നുക്കുന്നതാണ്.

ദേശീയ തലത്തിലേക്കുള്ള മുസ്ലിംങ്ങളുടെ 'തന്നത്താന്‍ രാഷ്ട്രീയത്തിന്റെ' വളര്‍ച്ച ഹിന്ദു ഭൂരിപക്ഷ രാഷ്ട്രീയം കാത്തിരുന്ന ഏറ്റവും യോജിച്ച പങ്കാളിയാണ്. ഇത് നിലവില്‍ ഹിന്ദു- മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അകലത്തിന് പാലമാകാവുന്ന രാഷ്ട്രീയ പ്രോത്സാഹനത്തിന്റെ ഇരുഭാഗത്തുനിന്നുമുളള അഭാവത്തെയാണ് കാണിക്കുന്നത്‌. ബിജെപിയെ വീണ്ടും വോട്ടുചെയ്ത് അധികാരത്തിലെത്തിക്കുന്നതുവഴി രാജ്യത്തെ ഹിന്ദു ഭൂരിപക്ഷം മതേതരത്വ രാഷ്ട്രീയത്തെ പൂര്‍ണ്ണമായി തള്ളിയിരിക്കുകയാണ്. ന്യൂനപക്ഷങ്ങളും ഇതേ രീതീയിലത് നിരര്‍ഥകമാണെന്ന് കരുതുകയാണെങ്കില്‍ അത് ഭരണഘടനയില്‍ രേഖപ്പെടുത്തിയിരിക്കുന്ന മതേതര ഇന്ത്യയെന്ന ആശയത്തിന്റെ അന്ത്യമാണ്. പരിവര്‍ത്തനത്തിലൂടെ മതേതര രാഷ്ട്രീയം അതിനോട് പ്രതികരിക്കേണ്ടിയിരിക്കുന്നു. അതിനായി അധികസമയം ശേഷിക്കുന്നുമില്ല.

യോഗേന്ദ്ര യാദവ്‌ ദി പ്രിന്റില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. വിവര്‍ത്തനം: അനുപമ ശ്രീദേവി

Next Story

Popular Stories