
കര്‍ണ്ണാടക ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പയുടെ വര്‍ഗീയ പരാമര്‍ശത്തെ “വിദ്വേഷകരം” എന്ന് വിശേഷിപ്പിച്ച് അസദുദ്ദീൻ ഒവൈസി. കർണ്ണാടക മന്ത്രിയുടെ ഈ പരാമർശം വെറുപ്പുളവാക്കുന്നതും ലജ്ജാകരവുമാണ്, എന്നാൽ അതിൽ അതിശയിക്കാനൊന്നുമില്ല എന്ന് അഭിപ്രായപ്പെട്ട ഒവൈസി ഇത്തരമൊരു പ്രത്യയശാസ്ത്രം ഭരണഘടനയുമായി പൊരുത്തപ്പെടുന്നില്ല എന്നും പറഞ്ഞു.
മുസ്ലീങ്ങൾക്ക് മത്സരിക്കാൻ ബിജെപി ടിക്കറ്റ് നൽകില്ലെന്നുള്ള കര്‍ണ്ണാടക മന്ത്രിയുടെ വിവാദമായ പ്രസ്താവനക്ക് തൊട്ടുപിന്നാലെ ആണ് എഐഎംഐഎം നേതാവിന്റെ മറുപടി. ഏത് ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ക്കും മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കുമെന്നും എന്നാല്‍ മുസ്ലിങ്ങള്‍ക്ക് ഒരിക്കലും ടിക്കറ്റ് നല്‍കില്ലെന്നുമായിരുന്നു ബിജെപി നേതാവും കര്‍ണാടക മന്ത്രിയുമായ കെഎസ് ഈശ്വരപ്പയുടെ പരാമര്‍ശം.
‘ഒരു സമുദായത്തിന് മാത്രമേ രാഷ്ട്രീയ അധികാരത്തിനുള്ള അവകാശമുള്ളൂവെന്നും മറ്റുള്ളവരെല്ലാം പാദസേവ ചെയ്യേണ്ടവരാണെന്നും ഹിന്ദുത്വ വിശ്വസിക്കുന്നു. സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം, നീതി എന്നിവയെക്കുറിച്ച് സംസാരിക്കുന്ന നമ്മുടെ ഭരണഘടനക്ക് ഈ പ്രത്യയശാസ്ത്രവുമായി ചേർന്ന് പോകാനാകില്ല’, ഒവൈസി പിന്നാലെ ട്വീറ്റ് ചെയ്തു.
ഹൈദരാബാദിലെ മുൻസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച അമിത് ഷാ നടത്തിയ റോഡ്ഷോയിലും, ഹൈദരാബാദിനെ നവാബ്-നിസാം സംസ്കാരത്തിൽ നിന്ന് ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നു. കൂടാതെ ഒവൈസിയുടെ ശക്തികേന്ദ്രമായ ഓൾഡ് സിറ്റിയെ ‘ഭാഗ്യനഗർ’ എന്ന് പുനർനാമകരണം ചെയ്യുമെന്ന് യോഗി ആദിത്യനാഥും പ്രഖ്യാപിച്ചിരുന്നു.
ഒവൈസിയെ ‘ജിന്ന’ എന്ന് വിളിച്ചാണ് കർണാടക എംപി തേജസ്വി സൂര്യയും തെലങ്കാന ബിജെപി നേതാവ് ബന്ദി സഞ്ജയിയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഹൈദരാബാദിന്റെ മേയർ സ്ഥാനം ബിജെപിക്ക് ലഭിച്ചാൽ റോഹിംഗ്യകളെയും പാകിസ്ഥാനികളെയും ഒഴിവാക്കുമെന്നും ഇരുവരും ഭീഷണിപ്പെടുത്തി.
എന്നാൽ പാർട്ടിയിൽ ഉയർന്ന പദവി വഹിക്കുന്ന വ്യക്തികളെയെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറക്കിയതിനെ കളിയാക്കി കൊണ്ട് “ഇനി ഡോണൾഡ് ട്രംപ് മാത്രമേ അവശേഷിക്കുന്നുള്ളൂ ” എന്നാണ് ഒവൈസി പ്രതികരിച്ചത്.