Top

പെട്രോള്‍ വില നൂറുകടന്നതിന് മോദിയെ അഭിനന്ദിച്ച് ബിജെപി മന്ത്രി; ‘സോളാറിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനുള്ള ബുദ്ധിപൂര്‍വ്വമായ നീക്കം’

ആഗോളതലത്തില്‍ത്തന്നെ എണ്ണവിലയുടെ നിയന്ത്രണത്തിന് ഇന്ത്യയ്ക്ക് പ്രധാനപങ്ക് വഹിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

19 Feb 2021 3:02 AM GMT

പെട്രോള്‍ വില നൂറുകടന്നതിന് മോദിയെ അഭിനന്ദിച്ച് ബിജെപി മന്ത്രി; ‘സോളാറിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനുള്ള ബുദ്ധിപൂര്‍വ്വമായ നീക്കം’
X

രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും പെട്രോള്‍ വില സെഞ്ച്വറിയിലേക്കുയര്‍ന്നതിന് പിന്നാലെ വില വര്‍ദ്ധിപ്പിച്ച നരേന്ദ്രമോദിയ്ക്ക് അഭിനന്ദനവുമായി ബിജെപി മന്ത്രി. മധ്യപ്രദേശ് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയായ വിശ്വാസ് സാരംഗാണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രിയെ പ്രസംസിച്ചത്. ഇന്ധനവില ഉയര്‍ത്തിക്കൊണ്ടുള്ള ഈ നീക്കം സൗരോര്‍ജ്ജത്തിന്റെയും ഇലക്ട്രിക് ഊര്‍ജ്ജത്തിന്റേയും വ്യാപകമായ ഉപയോഗത്തിന് വഴിവെക്കുമെന്നും അത് ഭാവിയില്‍ വലിയ പ്രയോജനം ചെയ്യുമെന്നുമാണ് വിശ്വാസ് സാരംഗിന്റെ നിരീക്ഷണം. ആഗോളതലത്തില്‍ത്തന്നെ എണ്ണവിലയുടെ നിയന്ത്രണത്തിന് ഇന്ത്യയ്ക്ക് പ്രധാനപങ്ക് വഹിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തിയതിന് ഞാന്‍ മോദിയെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. ഭാവിയിലേക്കായി സൗരോര്‍ജത്തേയും വൈദ്യുതോര്‍ജത്തേയും പ്രോത്സാഹിപ്പിക്കാനുള്ള ഒരു നീക്കമായി വേണം ഇതിനെ കാണാന്‍. ഇന്ധന ഉപഭോഗം ഇങ്ങനെ കുഞ്ഞുവരുന്നതിനൊപ്പം അന്താരാഷ്ട്രതലത്തില്‍ തന്നെ എണ്ണ വില ഇടിയും. ആഗോളതലത്തിലെ എണ്ണ വില നിയന്ത്രണത്തിന് ഇന്ത്യയ്ക്ക് അനിഷേധ്യമായ പങ്ക് വഹിക്കാനാകും’. മന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ. എന്തുകൊണ്ട് സംസ്ഥാനം നികുതി കുറയ്ക്കുന്നില്ല എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഈവിധത്തില്‍ വിശദീകരണം നല്‍കിയത്.

അതേസമയം സംസ്ഥാനത്ത് ഇന്ധനവില പതിവുപോലെ ഇന്നും ഉയര്‍ന്നു. പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 92.07 രൂപയായി. ഡീസലിന് 86.60 രൂപയുമായി ഉയര്‍ന്നു. തുടര്‍ച്ചയായി 12-ാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധനവില ഉയരുന്നത്.കൊച്ചിയിലും പെട്രോളിന്റെ വില 90 കടന്നു. കൊച്ചിയില്‍ നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.36 ആണ് വില. ഡീസല്‍ ലിറ്ററിന് 85.05 രൂപയായി ഉയര്‍ന്നിട്ടുമുണ്ട്. കഴിഞ്ഞ 10 ദിവസത്തിനിടെ പെട്രോളിന് 2.9 രൂപയും ഡീസല്‍ ലിറ്ററിന് 3.31 രൂപയും വര്‍ധിച്ചിട്ടുണ്ട്. രാജ്യത്ത് രാജസ്ഥാന് പിന്നാലെ മധ്യപ്രദേശിലും മഹാരാഷ്ട്രയിലും പെട്രോള്‍ വില നൂറുകടന്നു. ഇന്ധനവില ഉയരുന്നതോടെ രാജ്യത്തെ ആവശ്യസാധനങ്ങളുടെ വിലയും വര്‍ധിച്ചേക്കും.

Next Story