Top

ആര്യനാട് യുവതി തീകൊളുത്തി മരിച്ച് കേസ്: പ്രതിയെ പൊലീസ് വനിതാ ബറ്റാലിയനില്‍ നിയമിച്ച് സംരക്ഷിക്കുന്നുവെന്ന് പരാതി; വിവാദം

സരിത തീകൊളുത്തി ആത്മഹത്യ ചെയ്തതിനുശേഷം രണ്ട് വര്‍ഷമായിട്ടും വിനോദിനെതിരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

28 Jun 2021 12:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്യനാട് യുവതി തീകൊളുത്തി മരിച്ച് കേസ്: പ്രതിയെ പൊലീസ് വനിതാ ബറ്റാലിയനില്‍ നിയമിച്ച് സംരക്ഷിക്കുന്നുവെന്ന് പരാതി; വിവാദം
X

ഗാര്‍ഹിക പീഢനങ്ങളെത്തുടര്‍ന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വീണ്ടും പൊതുസമൂഹം സജീവമായി ചര്‍ച്ചചെയ്യുന്ന സന്ദര്‍ഭത്തില്‍ ആര്യനാട് യുവതി തീകൊളുത്തി മരിച്ച കേസ് വീണ്ടും വിവാദത്തില്‍. ആര്യനാട് ഗാര്‍ഹിക പീഢനത്തെത്തുടര്‍ന്ന് സരിത എന്ന യുവതി തീകൊളുത്തി മരിച്ച കേസിലെ പ്രതിയായ ഭര്‍ത്താവിനെ പൊലീസിന്റെ വനിതാ ബറ്റാലിയനില്‍ നിയമിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. പൊലീസില്‍ സീനിയര്‍ ക്ലര്‍ക്കായിരുന്ന വിനോദിന്റെ പീഢനം മൂലമാണ് സരിത ആത്മഹത്യ ചെയ്തതെന്ന് ആത്മഹത്യാ കുറിപ്പില്‍ നിന്നും വ്യക്തമായിരുന്നു. ഈ പശ്ചാത്തലത്തില്‍ വിനോദിന് പ്രിവിലേജുള്ള പദവി നല്‍കി സംരക്ഷിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സരിത തീകൊളുത്തി മരിച്ച കേസ് പൊലീസിന്റെ ഉന്നത സ്വാധീനത്താല്‍ അട്ടിമറിക്കപ്പെടുകയാണെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സരിത തീകൊളുത്തി ആത്മഹത്യ ചെയ്തതിനുശേഷം രണ്ട് വര്‍ഷമായിട്ടും വിനോദിനെതിരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടില്ല. വിനോദിനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ സരിതയുടെ കുടുംബത്തെ ഉന്നത സ്വാധീനമുപയോഗിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമങ്ങള്‍ നടന്നതായും സരിതയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നുണ്ട്. ചേട്ടന്‍ ഇഷ്ടപ്പെട്ട പെണ്ണുമായി ജീവിച്ചോളൂ, ഇനിയും ചേട്ടന്റെ അടിയും ചവിട്ടും കൊള്ളാന്‍ എനിക്ക് വയ്യ എന്ന് കുറിപ്പെഴുതിയാണ് സരിത ആത്മഹത്യ ചെയ്തത്.

വിനോദിനെതിരെ കേസെടുത്തെങ്കിലും നടപടിയെടുക്കാത്തതില്‍ സരിതയുടെ കുടുംബം ശക്തമായ പ്രതിഷേധമറിയിച്ചാണ് ഇപ്പോള്‍ രംഗത്തെതിതിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ സീനിയര്‍ ക്ലര്‍ക്ക് എന്ന സ്വാധീനമുപയോഗിച്ച് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതുവരെ വിനോദിന്റെ അറസ്റ്റ് വൈകിപ്പിച്ചെന്നും കുടുംബത്തിന് പരാതിയുണ്ട്. ഗാര്‍ഹിക പീഢനക്കേസിലെ പ്രതിയായിട്ടും ഇയാള്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ ഒന്നുമുണ്ടായില്ല എന്നത് വിചിത്രമാണെന്നും കുടുംബം പരാതിപ്പെട്ടു.

Next Story