‘പോസ്റ്റ് വിവാദമാക്കേണ്ട, നേതൃത്വത്തെ ഞാന്‍ കുറ്റപ്പെടുത്തിയില്ല, കോണ്‍ഗ്രസ് മൂല്യങ്ങള്‍ പണയം വെക്കില്ലെന്നാണ് പറഞ്ഞത്’; വിശദീകരണവുമായി ആര്യാടന് ഷൗക്കത്ത്
പോസ്റ്റ് വിവാദമായതോടെ കോണ്‍ഗ്രസിന് ഒരു പൈതൃകം ഉണ്ട് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും മറ്റെന്തിനേക്കാളും പ്രധാനം അതാണെന്നും ഷൗക്കത് വിശദീകരണം നല്‍കുകയായിരുന്നു.

പദവികള്‍ക്കുവേണ്ടി മതേതര മൂല്യങ്ങള്‍ അടിയറവ് വെക്കില്ലെന്ന ഫേസ്ബുക്ക് വിവാദമായതിന് പിന്നാലെ തന്റെ വാക്കുകള്‍ക്ക് വിശദീകരണവുമായി ആര്യാടന് ഷൗക്കത്. തന്റെ പോസ്റ്റ് വിവാദമാക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി ഒന്നുംതന്നെ പറഞ്ഞിട്ടില്ലെന്നും ആര്യാടന് ഷൗകത് വിശദീകരിച്ചു. ന്യൂസ് 18 മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡിസിസി അധ്യക്ഷന്‍ വിവി പ്രകാശ് നിലമ്പൂര്‍ സ്ഥാനാര്‍ഥിയായപ്പോള്‍ ഷൗക്കതിന് നല്കിയ താല്‍ക്കാലിക ചുമതല തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചെടുത്തതിന്റെ വിമര്‍ശനമായാണ് ഷൗക്കത് കഴിഞ്ഞ ഗിവസം ഫേസ്ബുക്ക് പോസ്റ്റിട്ടതെന്ന് പരക്കെ വിലയിരുത്തലുണ്ടായിരുന്നു. പോസ്റ്റ് വിവാദമായതോടെ കോണ്‍ഗ്രസിന് ഒരു പൈതൃകം ഉണ്ട് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും മറ്റെന്തിനേക്കാളും പ്രധാനം അതാണെന്നും ഷൗക്കത് വിശദീകരണം നല്‍കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ ഒളിയമ്പാണെന്ന വാദവും ആര്യാടന് ഷൗക്കത് തള്ളി.
ആര്യാടന് ഷൗക്കത്ത് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്:
പിന്നില്‍ നിന്നും കഠാരയിറക്കി കീഴ്പ്പെടുത്തി കഴിവ്കെട്ട യോദ്ധാവെന്ന് മുദ്രകുത്താം. പദവികളുടെ പടി വാതിലടച്ച് പുറത്ത് നിര്‍ത്താം. പദവികള്‍ക്ക് വേണ്ടി മതേതര മൂല്യങ്ങള്‍ പണയം വെച്ച്, മതാത്മക രാഷ്ട്രീയത്തിന്റെ ഉപജാപങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയുന്നവര്‍ അറിയുക. ഇനിയും ഒരുപാട് തോറ്റാലും ശരി, നാടിന്റെ മോചനം സാധ്യമാക്കിയ ദേശീയ കുലത്തിന്റെ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്പ്പെടാനില്ല. ഇനിയും നടക്കാനേറെയുണ്ട്. ഒട്ടേറെ സൂര്യോദയങ്ങള്‍ കാണാനുണ്ട്.