
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ഭരണനിര്‍വ്വഹണ പാഠങ്ങളുമായി പ്രത്യേക സര്‍ട്ടിഫിക്കറ്റ് കോഴ്സ്. വികേന്ദ്രീകരണം, പ്രാദേശിക ഭരണം മുതലായ വിഷയങ്ങളില്‍ ഊന്നിക്കൊണ്ടുള്ള കോഴ്സില്‍ ആദ്യ പഠിതാവായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് ചേരും. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയും കിലയും കേരള ഡിജിറ്റര്‍ സര്‍വ്വകലാശാലയും സംയുക്തമായാണ് കോഴ്സ് നടത്തുന്നത്.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ലാസുകള്‍ ഭൂരിഭാഗവും ഓണ്‍ലൈനായിട്ടായിരിക്കും നടത്തപ്പെടുന്നത്. കോഴ്സിന്റെ പ്രവേശനോത്ഘാടനം ഇന്ന് 12 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം വഴുതക്കാട് സ്റ്റേറ്റ് മുന്‍സിപ്പല്‍ ഹൗസില്‍ നടക്കുന്ന ചടങ്ങളില്‍ മന്ത്രി എസി മൊയ്തീന് അധ്യക്ഷനാകും. മന്ത്രി കെടി ജലീലാകും മുഖ്യപ്രഭാഷണം.
ജനപ്രതിനിധികള്‍ക്ക് ഭരണനിര്‍വ്വഹണത്തിന് കൂടുതല്‍ ഉള്‍ക്കാഴ്ച്ച നല്‍കുക എന്നതാണ് കോഴ്സിന്റ ലക്ഷ്യമെന്ന് സര്‍വ്വകലാശാല പ്രതിനിധികള്‍ പറയുന്നു. കില നടത്തിവരുന്ന പരിശീലന പരിപാടികള്‍ക്ക് അടിത്തറ ഒരുക്കുകയെന്നതും കോഴ്സിന്റെ ലക്ഷ്യമാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രന് മുടവന്മുഗള് വാര്‍ഡില്‍ നിന്നുമാണ് വിജയിച്ചത്. 549 വോട്ടിന്റെ ഭൂരിപക്ഷം ആര്യയ്ക്കുണ്ടായിരുന്നു.