‘മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യം കേരളത്തിലുണ്ടാവില്ല’; പ്രതിസന്ധി മുന്നില്‍ കണ്ട് എല്ലാ സംവിധാനങ്ങളും തയ്യാറാണെന്ന് ആര്യാ രാജേന്ദ്രന്
കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ കൃത്യമായി സംസ്കരിക്കാന്‍ സാധിക്കുന്നുണ്ടെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. തിരുവനന്തപുരം ശാന്തികവാടത്തില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ തിരക്ക് കൂടുകയാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ആര്യ. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ കാണുന്നത് പോലെ മൃതദേഹങ്ങള്‍ തെരുവില്‍ കിടക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും പ്രതിസന്ധി മുന്നില്‍ കണ്ട് എല്ലാ സംവിധാനങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്നും ആര്യ റിപ്പോര്‍ട്ടര്‍ ടിവി മൂന്നു മണി ചര്‍ച്ചയില്‍ പറഞ്ഞു. ആര്യ രാജേന്ദ്രന്റെ വാക്കുകള്‍: ”മൂന്നു തരത്തിലുള്ള സംവിധാനങ്ങളിലാണ് ശാന്തികവാടം ശ്മശാനം പ്രവര്‍ത്തിക്കുന്നത്. ഗ്യാസ്, ഇലക്ട്രിക്, വിറക് […]

കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ കൃത്യമായി സംസ്കരിക്കാന്‍ സാധിക്കുന്നുണ്ടെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. തിരുവനന്തപുരം ശാന്തികവാടത്തില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ തിരക്ക് കൂടുകയാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ആര്യ. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ കാണുന്നത് പോലെ മൃതദേഹങ്ങള്‍ തെരുവില്‍ കിടക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും പ്രതിസന്ധി മുന്നില്‍ കണ്ട് എല്ലാ സംവിധാനങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്നും ആര്യ റിപ്പോര്‍ട്ടര്‍ ടിവി മൂന്നു മണി ചര്‍ച്ചയില്‍ പറഞ്ഞു.
ആര്യ രാജേന്ദ്രന്റെ വാക്കുകള്‍: ”മൂന്നു തരത്തിലുള്ള സംവിധാനങ്ങളിലാണ് ശാന്തികവാടം ശ്മശാനം പ്രവര്‍ത്തിക്കുന്നത്. ഗ്യാസ്, ഇലക്ട്രിക്, വിറക് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊവിഡ് ബാധിതരുടെ മൃതദേഹങ്ങളും കൃത്യമായി സംസ്കരിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലേക്ക് നമ്മള് പോയിട്ടില്ല. നഗരസഭ അതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും നേരത്തെ ചെയ്തിട്ടുണ്ട്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ കാണുന്നത് പോലെ മൃതദേഹങ്ങള്‍ തെരുവില്‍ കിടക്കേണ്ട സാഹചര്യം ഞങ്ങളിവിടെയുള്ളപ്പോള്‍ ഉണ്ടാവില്ല. പ്രതിസന്ധി മുന്നില്‍ കണ്ട് എല്ലാ സംവിധാനങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ട്. കഴക്കൂട്ടത്ത് ഒരു ശ്മശാനത്തിന്റെ നിര്‍മാണം നടക്കുന്നുണ്ട്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. കൊവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കാരിക്കാന്‍ മുന്‍ഗണന നല്‍കും വിധത്തിലാണ് സംവിധാനങ്ങള്‍. മരണപ്പെട്ടവര്‍ക്ക് പൂര്‍ണ ആദരവ് നല്കി തന്നെയായിരിക്കും സംസ്കാരം നടത്തുക.”
ശ്മശാന നിര്‍മാണ വിഷയത്തില്‍ തന്നെ പരിഹസിച്ചവര്‍ പിന്നീട് ക്ഷമ ചോദിച്ചെന്നും ആര്യ രാജേന്ദ്രന് പറഞ്ഞു.
”ട്രോളുകള്‍ പോസ്റ്റു ചെയ്തവര്‍ എന്നെ വിളിച്ച് ക്ഷമ ചോദിച്ച സാഹചര്യമുണ്ടായി. നമ്മളെ ബാധിക്കുന്ന പ്രശ്നങ്ങളെ മുന്‍കൂട്ടി കാണുക. അതൊരു കരുതല്‍ എന്ന ഭാഗത്ത് നിന്ന്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് ഇങ്ങനെയൊരു സംവിധാനവും ചെയ്ത് വച്ചത്. അതൊന്നും ശ്രദ്ധിക്കാതെ ചിലര്‍ രാഷ്ട്രീയ കാഴ്ചപാടുകളോടെ വിമര്‍ശിക്കണമെന്ന് മാത്രം കണ്ടുകൊണ്ടാണ് രംഗത്തെത്തിയത്. മറ്റു സംസ്ഥാനങ്ങളിലെ പോലെയുള്ള അവസ്ഥയല്ല കേരളത്തില്‍. മികച്ച പ്രതിരോധ സംവിധാനങ്ങളുണ്ട്. ആരോഗ്യസംവിധാനങ്ങളുണ്ട്. എല്ലാവരെയും രക്ഷിക്കുക എന്നതാണ് ലക്ഷ്യം. തിരുവനന്തപുരം നഗരസഭ എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്. വിമര്‍ശിച്ചവരെല്ലാം ആ വാര്‍ത്തകള്‍ കണ്ടിട്ടുണ്ടാകും. ആരും മരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ അല്ല നമ്മള്. എന്നാല്‍ മരിച്ചു കഴിഞ്ഞാല്‍ മൃതദേഹം സംസ്കരിക്കുക എന്നത് ഉത്തരവാദിത്വമാണ്.”