Top

ഇടതാണ് ശരി, ശരിയേതെന്ന് മനസിലാക്കിയാണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത്; കരുത്ത് പകര്‍ന്നത് എസ്എഫ്‌ഐയാണെന്നും ആര്യ

ഇടതുപക്ഷം തന്നെയാണ് ശരിയെന്നും ശരിയേതെന്ന് മനസിലാക്കിയാണ് താന്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതെന്നും തിരുവനന്തപുരം മേയറായി സിപിഐഎം നിശ്ചയിച്ച ആര്യ രാജേന്ദ്രന്‍.ഇടതാണ് ശരിയെന്ന് ചെറുപ്രായത്തില്‍ തന്നെ മനസിലാക്കിയാണ് ബാലസംഘത്തിനൊപ്പവും എസ്എഫ്‌ഐയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ചു തുടങ്ങിയതെന്നും ആര്യ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അച്ഛന്‍ സിപിഐഎം പ്രവര്‍ത്തകനാണ്. അദ്ദേഹത്തിലൂടെയാണ് പാര്‍ട്ടിയെ അറിഞ്ഞത്. എസ്എഫ്‌ഐയില്‍ താന്‍ സുരക്ഷിതയാണെന്ന വിശ്വാസം അച്ഛനുണ്ടെന്നും ആര്യ പറഞ്ഞു. വിദ്യാര്‍ഥിയെന്ന നിലയില്‍ ഭരണഘാടന മൂല്യങ്ങള്‍ ഉയര്‍ത്തി രാഷ്ട്രീയപ്രവര്‍ത്തനം നടത്തണമെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍. 21-ാം വയസില്‍ നേടിയ പക്വതയ്ക്ക് കാരണം […]

25 Dec 2020 6:13 AM GMT

ഇടതാണ് ശരി, ശരിയേതെന്ന് മനസിലാക്കിയാണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത്; കരുത്ത് പകര്‍ന്നത് എസ്എഫ്‌ഐയാണെന്നും ആര്യ
X

ഇടതുപക്ഷം തന്നെയാണ് ശരിയെന്നും ശരിയേതെന്ന് മനസിലാക്കിയാണ് താന്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതെന്നും തിരുവനന്തപുരം മേയറായി സിപിഐഎം നിശ്ചയിച്ച ആര്യ രാജേന്ദ്രന്‍.
ഇടതാണ് ശരിയെന്ന് ചെറുപ്രായത്തില്‍ തന്നെ മനസിലാക്കിയാണ് ബാലസംഘത്തിനൊപ്പവും എസ്എഫ്‌ഐയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ചു തുടങ്ങിയതെന്നും ആര്യ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അച്ഛന്‍ സിപിഐഎം പ്രവര്‍ത്തകനാണ്. അദ്ദേഹത്തിലൂടെയാണ് പാര്‍ട്ടിയെ അറിഞ്ഞത്. എസ്എഫ്‌ഐയില്‍ താന്‍ സുരക്ഷിതയാണെന്ന വിശ്വാസം അച്ഛനുണ്ടെന്നും ആര്യ പറഞ്ഞു. വിദ്യാര്‍ഥിയെന്ന നിലയില്‍ ഭരണഘാടന മൂല്യങ്ങള്‍ ഉയര്‍ത്തി രാഷ്ട്രീയപ്രവര്‍ത്തനം നടത്തണമെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍. 21-ാം വയസില്‍ നേടിയ പക്വതയ്ക്ക് കാരണം എസ്എഫ്‌ഐയും ബാലസംഘവുമാണ്. ഇങ്ങനെ സംസാരിക്കാന്‍ സാധിക്കുന്നതും അതുകൊണ്ടാണ്. ജീവിതത്തില്‍ കരുത്ത് പകര്‍ന്നതും എസ്എഫ്‌ഐയും ബാലസംഘവുമാണ്. ആ സംഘടനപ്രവര്‍ത്തനം കൊണ്ടാണ് ധൈര്യപൂര്‍വ്വം തെരഞ്ഞെടുപ്പിനെ നേരിട്ടാന്‍ സാധിച്ചതെന്നും ആര്യ പറഞ്ഞു.

വിദ്യാര്‍ഥിയെന്ന രീതിയിലും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ എന്ന രീതിയിലും നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് വിശ്വാസം. യുവജനങ്ങള്‍ക്ക് തൊഴില്‍ എന്നത് വലിയൊരു ലക്ഷ്യമാണ്. അവരാണ് നാടിനെ നല്ല രീതിയില്‍ നയിക്കേണ്ടത്. എല്ലാ മേഖലയിലും ജനങ്ങളെ ഒരുപോലെ കണ്ട് വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ആര്യ പറഞ്ഞു. തിരുവനന്തപുരം മേയറായി തന്നെ തീരുമാനിച്ചെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പാര്‍ട്ടി ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജന്ദ്രന്‍. 21കാരിയായ ആര്യയെ തിരുവനന്തപുരം മേയറായി ഇന്നത്തെ സിപിഐഎം ജില്ല സെക്രട്ടറിയേറ്റാണ് തീരുമാനിച്ചത്.
മുടവന്‍മുഗളില്‍ നിന്നുള്ള കൗണ്‍സിലറാണ് ആര്യ. തുടക്കത്തില്‍ ജമീല ശ്രീധരനെയായിരുന്നു മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്. നഗരത്തില്‍ യുവ മേയര്‍ വരുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ബാലസംഘം സംസ്ഥാന പ്രസിഡണ്ട്, എസ്എഫ്ഐ സംസ്ഥാന സമിതി അംഗം, സിപിഐഎം കേശവ്ദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും ആര്യ പ്രവര്‍ത്തിക്കുന്നു. ആള്‍ സെയിന്റ്സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാര്‍ത്ഥിയാണ് ആര്യ.

രാജ്യമൊട്ടാകെ ഉറ്റു നോക്കിയ തെരഞ്ഞെടുപ്പായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലേത്. ഹൈദരാബാദിലെ മുന്നേറ്റത്തിന്റെ ചുവട് പിടിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനും പിടിച്ചെടുക്കാം എന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ കോര്‍പറേഷനില്‍ ഒരു സീറ്റ് കൂടിയാതല്ലാതെ അട്ടിമറി വിജയം എന്ന സ്വപ്നം ബിജെപിക്ക് അന്യമായി. കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ കേവലഭൂരിപക്ഷം നേടിയാണ് ഇടതുമുന്നണി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തിയത്.

വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ സ്വന്തമാക്കിയ മേല്‍ക്കെ അത് പൂര്‍ത്തിയാകുമ്പോഴും എല്‍ഡിഎഫ് കൈവിടാതെ കാത്തു. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോര്‍പ്പറേഷന്‍ ഭരിച്ച ഇടതുമുന്നണി ഇത്തവണ കേവലഭൂരിപക്ഷം സ്വന്തമാക്കിയാണ് അധികാരത്തുടര്‍ച്ച നേടിയെടുത്തത്. ആകെയുള്ള 100 ല്‍ 52 സീറ്റുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കി. 2015ല്‍ പിന്നിലേക്ക് പോയ മേഖകളിലൊക്കെ മുന്നേറ്റം ഉണ്ടാക്കാന്‍ ഇടതിന് കഴിഞ്ഞു. സിറ്റിംഗ് സീറ്റുകള്‍ ചിലത് കൈവിട്ടും അതിലേറെ പിടിച്ചെടുത്തുമാണ് മിന്നും വിജയം കരസ്ഥമാക്കിയത്.

Next Story