Top

എല്ലാ ജില്ലകളിലും ഓക്സിജൻ കോൺസെൻട്രേറ്റർ ബാങ്കുകളുമായി അരവിന്ദ് കെജ്‌രിവാൾ; വേണ്ടവർക്ക് ഹോം ഡെലിവറിയും

ഹോം ഐസൊലേഷനിലുള്ള കൊവിഡ് രോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഹോംഡെലിവെറി വഴി എത്തിക്കാൻ ആവശ്യപ്പെടാം.

15 May 2021 6:03 AM GMT

എല്ലാ ജില്ലകളിലും ഓക്സിജൻ കോൺസെൻട്രേറ്റർ ബാങ്കുകളുമായി  അരവിന്ദ് കെജ്‌രിവാൾ; വേണ്ടവർക്ക് ഹോം ഡെലിവറിയും
X

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓക്സിജൻ കോൺസെൻട്രേറ്റർ ബാങ്കുകൾ ആരംഭിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഹോം ഐസൊലേഷനിലുള്ള കൊവിഡ് രോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഹോംഡെലിവെറി വഴി എത്തിക്കാൻ ആവശ്യപ്പെടാം. കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് കരുത്ത് പകരാനാണ് ഈ ശ്രമങ്ങൾ എന്ന് അദ്ദേഹം സൂചിപ്പിച്ചു.

‘ഇന്ന് മുതൽ വളരെ പ്രധാനപ്പെട്ട ഒരു സേവനം ഞങ്ങൾ ആരംഭിക്കുകയാണ് – ഞങ്ങൾ ഓക്സിജൻ കോൺസെൻട്രേറ്റർ ബാങ്കുകൾ സ്ഥാപിക്കുന്നു’ എന്ന് തുടങ്ങിയ ടെലിവിഷൻ അറിയിപ്പിൽ എല്ലാ ജില്ലയിലും 200 ഓക്സിജൻ കോൺസെൻട്രേറ്ററുകളുള്ള ഒരു ബാങ്ക് ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

‘ആവശ്യമുള്ള സന്ദർഭങ്ങളിൽ ഓക്സിജൻ നൽകാൻ സാധിക്കാത്തതിനെ തുടർന്ന് കൊവിഡ് രോഗികൾക്ക് പലപ്പോഴും ഐസിയു സേവനം എടുക്കേണ്ടി വരുന്നുണ്ട്. ചിലപ്പോൾ രോഗികൾ മരിച്ചു പോകുന്നു. ഈ പ്രശ്നങ്ങൾ ഒഴിവാക്കാനായാണ് തങ്ങൾ ഓക്‌സിജൻ ബാങ്കുകൾ സ്ഥാപിക്കുന്നത് ‘, അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

‘ഹോം ഐസൊലേഷനിലുള്ള ഏതെങ്കിലും രോഗിക്ക് മെഡിക്കൽ ഓക്സിജൻ ആവശ്യമുണ്ടെങ്കിൽ, ഞങ്ങളുടെ ടീം രണ്ട് മണിക്കൂറിനുള്ളിൽ അവരുടെ വീട്ടുവാതിൽക്കൽ ഉണ്ടാകും. രോഗിയെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുന്നതിനായി സാങ്കേതിക ജ്ഞാനമുള്ള ഒരു വ്യക്തിയും ടീമിൽ കാണും’, അദ്ദേഹം കൂട്ടിച്ചേർത്തു.

ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടതും എന്നാൽ ഇപ്പോഴും മെഡിക്കൽ ഓക്സിജൻ ആവശ്യമുള്ളതുമായ രോഗികൾക്കും ഈ സൗകര്യം ഉപയോഗിക്കാം. രോഗികൾ സുഖം പ്രാപിക്കുന്നതുവരെ ഡോക്ടർമാർ അവരുമായി ബന്ധപ്പെടും. അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെങ്കിൽ സമയബന്ധിതമായി തന്നെ നടപടിയെടുക്കാം’, കെജ്‌രിവാൾ പറഞ്ഞു.

‘ഈ സേവനത്തിനായി ഏത് രോഗിക്കും 1031 എന്ന ഹെൽപ്പ് ലൈൻ നമ്പർ ഉപയോഗിക്കാം. ഹോം ഐസൊലേഷനിലുള്ള രോഗികൾക്കും ഈ സേവനം ലഭ്യമാണ്. അതേസമയം നിങ്ങൾ യഥാർത്ഥത്തിൽ ആവശ്യക്കാരനാണോ എന്ന് ഞങ്ങളുടെ ടീം ഉറപ്പാക്കും’, മുഖ്യമന്ത്രി പറഞ്ഞു.

സമീപകാലത്ത് മെഡിക്കൽ ഓക്സിജൻ ലഭിക്കാതെ ഡൽഹിയിലെ ആശുപത്രികൾ നേരിട്ട ദുരിതക്കാഴ്ചകൾ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാജ്യതലസ്ഥാനത്തെ ഓക്സിജൻ പ്രതിസന്ധി സുപ്രീം കോടതിയിലും ദില്ലി ഹൈക്കോടതിയിലും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Next Story

Popular Stories