ആ വലിയ സമ്മാനം ലഭിച്ചിട്ടും കൈയില്‍ കിട്ടിയില്ല; തളരാതെ വീണ്ടും ഇറങ്ങി എജെയും കൂട്ടുകാരും

ലോകമെമ്പാടുമുളള സിനിമാ പ്രവര്‍ത്തകര്‍ സ്വപ്‌നം കാണുന്ന ഒരു വലിയ അംഗീകാരം നേടിയിട്ടും അത് കൈയില്‍ കിട്ടാതെ ആലപ്പുഴക്കാരായ എജെയും കൂട്ടുകാരും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലായ റോഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2019ലെ ഒന്നാം സമ്മാനം ഇവരുടെ ഷോര്‍ട്ട്ഫിലിം നേടിയിട്ടും പുരസ്‌ക്കാരം ഈ ചെറുപ്പക്കാര്‍ക്ക് കിട്ടാക്കനിയാകുകയാണ്. എജെ എന്നറിയപെടുന്ന അരുണ്‍ ജോസ് സംവിധാനം നിര്‍വ്വഹിച്ച സ്പിരിറ്റ് ഓഫ് കേരള എന്ന ഹ്രസ്വ ചിത്രത്തിനാണ് ഓസ്ട്രേലിയന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലായ റോഡ് റീലില്‍ ഒന്നാം സ്ഥാനം ലഭിച്ചത്.ക്യാമറ ചലിപ്പിച്ചിരുക്കുന്നത് അര്‍ജുനനാണ്. ഒരുപാട് ആശിച്ച സിനിമാ പുരസ്‌ക്കാരം ലോകമെങ്ങുമുള്ള 1680 മത്സരാര്‍ത്ഥികളുമായി പൊരുതിനേടിയെങ്കിലും 25 ലക്ഷം രൂപ വിലമതിയ്ക്കുന്ന സമ്മാനങ്ങളായ ഫിലിം മേക്കിങ് എക്യുപ്‌മെന്റ്സ് പാഴ്സല്‍ സര്‍വ്വീസിന്റെ അനാസ്ഥമൂലം ഒരു വര്‍ഷമായിട്ടും സിനിമാമോഹികളായ ഈ ചെറുപ്പക്കാരുടെ കൈയ്യിലെത്തിയിട്ടില്ല. ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന ഈ സമ്മാനം നിയമ കുരുക്കില്‍ പെട്ടു നഷ്ടമാവുന്ന സാഹചര്യത്തിലായിട്ടും ആത്മവിശ്വാസം കൈവിടാതെ വീണ്ടും ഇതേ മത്സരത്തിന് ഒരുങ്ങുകയാണ് എജെയും കൂട്ടുകാരും.

ഈ വര്‍ഷം ഹ്യൂമന്‍സ് ഓഫ് കേരള എന്ന ഷോര്‍ട്ട് ഫിലിമുമായി കൊറോണയ്‌ക്കെതിരെയുള്ള മലയാളിയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞാണ് ഈ ചെറുപ്പക്കാര്‍ ലോകവേദിയില്‍ പോരാടിയത്. 2019ലെ റോഡ് റീല്‍ അവാര്‍ഡ് ഏഷ്യയിലേക്ക് ആദ്യമായി കൊണ്ടുവന്ന് ചരിത്ര വിജയം കരസ്ഥമാക്കിയ ഈ ആലപ്പുഴക്കാര്‍ അന്നേ വാര്‍ത്തകളിലും സാമൂഹ്യമാധ്യമങ്ങളിലും ഇടം നേടിയിരുന്നു. സമ്മാനമായി 25 ലക്ഷം രൂപ വിലമതിക്കുന്ന സിനിമാനിര്‍മ്മാണത്തിനുളള ഉപകരണങ്ങളാണ് ഇവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത്.

സമ്മാന ഉപകരണങ്ങള്‍ ഒരു വര്‍ഷം മുന്‍പേ ഇന്ത്യയിലെത്തുകയും സൗജന്യമായി ലഭിക്കേണ്ടതുമായിരുന്നു. എന്നാല്‍ പാഴ്സല്‍ സര്‍വീസിന്റെ കടുത്ത അനാസ്ഥയും നിരുത്തരവാദിത്വവും മൂലം ഈ സമ്മാനങ്ങള്‍ ഇന്നും ഇവരുടെ പക്കലെത്തിയിട്ടില്ല. തങ്ങള്‍ക്ക് ലഭിച്ച ഈ സമ്മാനങ്ങള്‍ ഇറക്കുമതി നിയമപ്രകാരം ലക്ഷക്കണക്കിന് രൂപ നികുതിയായി അടച്ചാല്‍ മാത്രമെ ലഭിക്കുളളു എന്നാണ് പാഴ്‌സല്‍ സര്‍വ്വീസ് പറയുന്നത്. അര്‍ഹതപ്പെട്ട ഈ സമ്മാനം നേടാന്‍ ഏതറ്റം വരെ പോകാനും എജെയും കൂട്ടരും തയാറാണ്. പ്രഖ്യാപിത സമ്മാനത്തില്‍ ക്യാമറ, ജിംബല്‍സ്, ഓഡിയോ എക്യുപ്പമെന്റസ് എന്നിങ്ങനെ 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് ഉള്‍പ്പെടുന്നത്.

ഈ ഉപകരണങ്ങള്‍ ലഭിച്ച് കഴിഞ്ഞാല്‍ ഉടന്‍ ആരംഭിക്കാനുളള കഥയും തിരക്കഥയും ഒക്കെ തയാറാക്കി നോക്കി ഇരിക്കുകയാണ് എജെയും ടീമും. ഒരു രൂപ പോലും സമ്മാനം കൈപ്പറ്റുന്നവര്‍ നല്‍കേണ്ടതില്ല എന്ന് റോഡ് ഇന്റര്‍നാഷണല്‍ വ്യക്തമാക്കിയിരുന്നു. മുടക്കിയ തുകയേക്കാള്‍ കൂടുതല്‍ തുക നികുതി ഇനത്തില്‍ ചുമത്തിയതിനാല്‍ അവാര്‍ഡ് നല്‍കിയ റോഡ് ഇന്റര്‍നാഷണലും ഇവരെ കയ്യൊഴിഞ്ഞിരിക്കുകയാണ്. ഈ സമ്മാനങ്ങള്‍ ഇപ്പോഴും ബാംഗ്ലൂര്‍ കംസ്റ്റസിന്റെ വെയര്‍ഹൗസില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇത്രയും തുക നികുതി നല്‍കി സാധനം കൈപ്പറ്റാത്തതിനെത്തുടര്‍ന്ന് ഇവരുടെ സമ്മാനങ്ങള്‍ ഇരുകൂട്ടര്‍ക്കും ഇല്ലാതെ ലേലത്തിന് വെക്കാനൊരുങ്ങുകയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍. ഈ ദുരവസ്ഥയില്‍ എജെയും സുഹൃത്തുക്കളും അര്‍ഹിക്കുന്ന ഭീമമായ സമ്മാനം കൈവെടിയേണ്ട അവസ്ഥയിലാണ്.

ഒരു ക്യാമറയും രണ്ട് ലെന്‍സും മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച് മൂന്ന് മിനുട്ട് ദൈര്‍ഘ്യം ഉളള സ്പിരിറ്റ്‌സ് ഓഫ് കേരള എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ഈ ചെറുപ്പക്കാര്‍ ഇത്രയും വലിയ പ്രശസ്തി നേടിയത്. ഇങ്ങനെയുളള തങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ അര്‍ഹിച്ച സമ്മാന ഉപകരണങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഒരുപാട് നല്ല സിനിമകള്‍ ചെയ്യാനാവുമെന്ന് ബോധ്യം ഉണ്ടെന്ന് എജെ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. എജെ എന്ന അരുണ്‍ ജോസ് സംവിധാനം നിര്‍വ്വഹിച്ച സ്പിരിറ്റ് ഓഫ് കേരള എന്ന ഹ്രസ്വ ചിത്രത്തിനാണ് ഓസ്‌ട്രേലിയന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലായ റോഡ് റീലില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. എല്ലാവരില്‍ നിന്നും വ്യത്യസ്ഥമായി റോ സൗണ്ട് ഉപയോഗിച്ച് വളളം കളിയുടെ മനോഹാരിത ക്യാമറയില്‍ ഒപ്പിയെടുത്താണ് ഈ വിജയത്തിന് ഇവര്‍ അര്‍ഹരായത്. 2019 ഒക്ടോബര്‍ നാലിനാണ് ഇവര്‍ സമ്മാനത്തിനര്‍ഹരായത്. കഴിവുളളവരെ മുന്‍ധാരയിലേക്കെത്തിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഈ ഫെസ്റ്റിവല്‍ നടത്തുന്നത്.

സ്വന്തം അദ്ധ്വാനത്തില്‍ മത്സരിച്ച് വിജയം നേടിയ ഈ കലാകാരന്‍മാര്‍ നാടിന് തന്നെ അഭിമാനമാണ്. ഇവര്‍ക്ക് ചരിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്ന് ഒരിക്കല്‍ തെളിയിച്ച് കഴിഞ്ഞു. പറന്നുയരും മുന്‍പേ ചിറകുകള്‍ ഒടിയാന്‍ ഇവരെ തളളിവിടരുത്. ചോദിച്ച് വാങ്ങിയ നേട്ടമല്ല അദ്ധ്വാനിച്ച് നേടിയ വിജയമാണ്. ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയിട്ടും സമ്മാനങ്ങള്‍ എത്തിക്കാത്തത് വളരെ സങ്കടകരമായ കാര്യമാണ്. സിനിമ സ്വപ്‌നം കണ്ട ഒരു കൂട്ടം ചെറുപ്പക്കാര്‍ ഇതിനായി പോരാടുകയാണ്. എന്നാല്‍ ഒരു വര്‍ഷമായി മൗനം പാലിച്ച് അര്‍ഹതപ്പെട്ട സമ്മാനങ്ങള്‍ സുരക്ഷിതമായി കൈയിലെത്തും എന്ന പ്രതീക്ഷയില്‍ ഇരുന്നവര്‍ ഇപ്പോള്‍ മൗനം വെടിഞ്ഞ് രംഗത്തിറങ്ങിയിരിക്കുകയാണ്.

ലോകം മുഴുവന്‍ കൊറോണ മഹാമാരിയില്‍ സ്തംഭിച്ച് നിന്നപ്പോള്‍ ചലച്ചത്രമേഖലയെയും അത് ഒരുപാട് ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് അര്‍ഹതപ്പെട്ട ഈ സമ്മാനങ്ങള്‍ ഇവരുടെ കൈകളിലേക്കെത്തിയാല്‍ ഒരുപാട് നല്ല സിനിമകള്‍ ചെയ്യാനാവുമെന്നാണ് ഇവരുടെ വിശ്വാസം. ഈ ദുരവസ്ഥയില്‍ എജെയും സുഹൃത്തുക്കളും അവരുടെ അഭിമാനം അടിയറവ് വെച്ച് അര്‍ഹിക്കുന്ന ഭീമമായ സമ്മാനം കൈവെടിയേണ്ട അവസ്ഥയിലാണ്. സിനിമ എന്ന ഹാര്‍ഡ് റിയാലിറ്റിയിലേക്കെത്തപ്പെടാന്‍ അരുണും ഏഴ് സുഹൃത്തുക്കളും ചേര്‍ന്ന് പോരാടുകയാണ്. കൂടാതെ സിനിമയെന്ന അടങ്ങാത്ത ലഹരിയുമായി അലയുന്ന മറ്റു കഴിവുള്ള ചെറുപ്പക്കാരെ സപ്പോര്‍ട്ട് ചെയ്യാനും പ്രധാനമായി സിനിമയെ പറ്റി കൂടുതല്‍ അറിയാനും പഠിക്കാനും പരസ്പരം അറിവുകള്‍ പങ്കുവെയ്ക്കാനും DIY ഫിലിംസ്‌കൂള്‍ എന്ന ആശയത്തില്‍ കേരളമെങ്ങും ഫിലിംഫെറി എന്ന ഓണ്‍ലൈനും ഓഫ്ലൈനുമായ കൂട്ടായ്മയും ഇവര്‍ നടത്തുന്നുണ്ട്.

കൊറോണയും കേരളവും എന്ന അതിജീവനത്തിന്റെ കഥയുമായി, കേരളം എന്ന പേര് ലോകത്തിന്റെ കൊടുമുടിയില്‍ എത്തിക്കുക എന്ന ഇവരുടെ ലക്ഷ്യത്തില്‍ ഓരോ മലയാളികളും ഇവരെ പിന്തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് ഈ ചെറുപ്പക്കാര്‍. ഒപ്പം അംഗീകാരം ലഭിച്ചിട്ടും അര്‍ഹതപ്പെട്ട സമ്മാനങ്ങള്‍ അന്യ നിന്ന് പോവാതിരിക്കാന്‍ അധികാരികള്‍ ഇവരെ സഹായിക്കുമെന്നും ഈ കാര്യത്തില്‍ ഇടപെടുമെന്നും ഈ ചെറുപ്പക്കാര്‍ പ്രതീക്ഷിക്കുന്നു.

Covid 19 updates

Latest News