‘ഷേക്സ്പിയർ കയ്യടിക്കുക മാത്രമല്ല അങ്ങേയറ്റം പ്രിയപ്പെട്ട ദിലീഷിനെ ഒന്നുമ്മ വച്ചിരിക്കുകയും ചെയ്തു’; ജോജി വിഷയത്തിൽ സച്ചിദാനന്ദന് മറുപടിയുമായി അരുൺ സദാനന്ദൻ

ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം ജോജിയെ വിമർശിച്ച കവി സച്ചിദാനന്ദന് മറുപടിയുമായി സിനിമ പ്രവർത്തകനായ അരുൺ സദാനന്ദൻ. സച്ചിദാനന്ദൻ പറഞ്ഞത് പോലെ ഷേക്സ്പിയർ പൊട്ടിക്കരയുകയോ പൊട്ടിച്ചിരിക്കുകയോ ഒന്നുമല്ല, ജോജി കണ്ട ശ്യാം പുഷ്കരനേയും ദിലീഷ് പോത്തനേയും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുയാണെന്നാണ് അരുൺ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അരുൺ സദാനന്ദന്റെ വാക്കുകൾ

ഇന്നലെ വൈകുന്നേരം നല്ലൊരു വൈകുന്നേരമായിരുന്നു, നമ്മൾ ജോജിയിലെ ബ്രില്യൻസുകൾ അടുക്കി പെറുക്കി വെച്ചു. സ്ക്രീൻ ഡീറ്റെയിൽസിന് അപ്പുറത്ത് എന്നെ ആകർഷിച്ച രണ്ടു ബ്രില്യൻസുകൾ ആണ് ചുവടെ, ഇതെഴുതാൻ കാരണം സച്ചിദാനന്ദൻ സർ പറഞ്ഞത് പോലെ ഷേക്സ്പിയർ പൊട്ടിക്കരയുകയോ പൊട്ടിച്ചിരിക്കുകയോ ഒന്നുമല്ല, ജോജി കണ്ട ഷേക്സ്പിയർ മി. ശ്യാം പുഷ്കരനേയും മി. ദിലീഷ് പോത്തനേയും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുയാണെന്ന് പറഞ്ഞു വയ്ക്കാൻ കൂടിയാണ്.

കാര്യത്തിലേക്ക് കടക്കാം, സ്‌പോയിലേഴ്‌സ് സ്വാഭാവികം!
ഇന്നലെ നമ്മുടെ ജിഷ്ണു ഡോക്റ്റർ മാക്ബെത്തിലെ കീ ഡയലോഗിൽ ഒന്നാണ് ഇതെന്ന് നമുക്ക് പറഞ്ഞു തന്നു, ‘ഓ , നെവർ ഷാൾ സൺ ദാറ്റ് മോറോ സീ!യുവർ ഫേസ്, മൈ തെയിൻ, ഈസ് ആസ് എ ബുക്ക് വ്തെരെ മെൻ മെയ് റെയ്ഡ് സ്ട്രെങ്ക് മാറ്റേഴ്സ്. ടു ബേഗിൽ ദി ടൈം, ലുക്ക് ദി ടൈം. ബെയർ വെൽക്കം ഇൻ യുവർ ഐ, യുവർ ഹാൻഡ്, യുവർ ടങ്ക്. ലുക്ക് ദി ഇന്നസെന്റ് ഫ്ലവർ, ബട്ട് ബി ദി സെർപെന്റ അണ്ടർ ടി’.

മാക്ബത്തിനെ ആധാരമാക്കി എടുക്കപ്പെട്ട സിനിമകളിലും നാടകങ്ങളിലും ഒക്കെ ലേഡി മാക്ബത്തിന്റെ ഈ ഉപദേശം ഉണ്ടാവും. മി.ജയരാജ് ‘വീരം’ ചെയ്തപ്പോൾ അദ്ദേഹം ഈ പ്രസ്തുത ഡയലോഗിന് മൊഴി മാറ്റം വരുത്തുന്നത് ഇങ്ങനെയാണ്, “ഇങ്ങളെ ഈ മുഖം ആളോള് സംശയിക്കും. ഓറെ പറ്റിക്കുന്ന മുഖമാ വേണ്ടെ. കാഴ്ചയ്ക്ക് പൂ പോലെ, കാര്യത്തിന് പൂവിന്റെ അടിയിലെ പാമ്പ് പോലെ”. എഴുത്ത് ഭംഗികൊണ്ട് എനിക്ക് അങ്ങേയറ്റം പ്രിയപ്പെട്ട മലയാളം ആണിത്.

ഇനി ജോജിയിലേയ്ക്ക് വരുമ്പോൾ ബിൻസി റാന്നി സെന്റ് തോമസ് കോളേജിൽ നിന്നും ബി എ ഇംഗ്ലീഷ് കഴിഞ്ഞതാണോ എന്ന് തിട്ടമില്ല, പക്ഷെ കഥ മാക്ബെത്ത് ആവുമ്പോൾ മേൽപ്പറഞ്ഞ ഡയലോഗ് ബിൻസി പറഞ്ഞു തന്നെ ആകണം. അവിടെയാണ് ബിൻസി ഒറ്റ വരിയിൽ ‘മാസ്‌ക്ക് എടുത്ത് വയ്ക്കൂ’ എന്ന് പറയുന്നത്. ആളുകളെയാണ് പറ്റിക്കേണ്ടത്, ആൾക്കൂട്ടം – ചാക്കാലയ്ക്ക് വന്നവർ – നമ്മളെ കാണിച്ചതിന് ശേഷമാണ് ഈ ഡയലോഗ്. പ്രിയപ്പെട്ട ശ്യാമിനെ എഴുനേറ്റ് നിന്ന് കയ്യടിച്ച് ഞാൻ ആദരിച്ച ഒരു നിമിഷം. തന്റെ വർക്കിന്റെ ഇത്രയും ഗംഭീരമായ – അവസരോചിതമായ (കോവിഡ്‌) – ഒരു മാറ്റിയെഴുത്ത് കണ്ടാൽ ഷേക്സ്പിയറും കയ്യടിക്കും.

എഴുതി വയ്ക്കുന്നത് വെറുതെ പകർത്തി വയ്ക്കുന്ന ഒരു സംവിധായകനല്ല മി.ദിലീഷ്. കാഴ്ചയിൽ പൂവ് പോലെ ആവണം, പക്ഷെ കാര്യത്തിന് നീ പൂവിനടിയിലെ പാമ്പാവണം എന്ന് ബിൻസി ജോജിയോട് പറഞ്ഞു കഴിഞ്ഞു. ഇനി അറിയേണ്ടത് ജോജി പാമ്പായോ എന്നാണ്, ആയെങ്കിൽ തന്നെ കഥയുടെ ഏത് പോയിന്റിൽ, അതെങ്ങനെ ദിലീഷ് പോത്തൻ നമുക്ക് കാണിച്ചു തന്നു?
ഷർട്ടിടാതെ ഗേറ്റ് ചാരുന്ന ജോമോൻ അപ്പന്റെ മിനിയേച്ചർ ആണെന്ന് ജോജി കാണുന്ന ആ നിമിഷം. അടുത്ത ഷോട്ടിന് സ്‌ക്രീൻ ഷോട്ട് നോക്കൂ. പൂവിനടിയിലെ പാമ്പിനെ കണ്ടോ? വെറുതെ ആർട്ട് ഡയറക്റ്റർ വിരിച്ചു കൊടുത്ത ഒരു ബെഡ് ഷീറ്റ് അല്ലത്! ജോജി ജോമോനെ കൊത്തും എന്ന് ഞാനുറപ്പിച്ച നിമിഷമായിരുന്നുവത്! ഇത് വരെ കൊച്ചു കൊച്ചു ബ്രില്യൻസുകൾ കളിച്ചു നടന്ന മി. ദിലീഷ് പോത്തന്റെ ബ്രില്യൻസിന്റെ ടവറിങ് പോയിന്റ്.

ഇത് കണ്ട ഷേക്സ്പിയർ കയ്യടിക്കുക മാത്രമല്ല അങ്ങേയറ്റം പ്രിയപ്പെട്ട ദിലീഷിനെ ഒന്നുമ്മ വച്ചിരിക്കുകയും ചെയ്തു എന്ന് ഞാൻ പറഞ്ഞാൽ സച്ചിദാനന്ദൻ സാറിന് എങ്ങനെ തർക്കിച്ചു ജയിക്കാൻ പറ്റും?

കഴിഞ്ഞ ദിവസമായിരുന്നു കവി സച്ചിദാനന്ദൻ ചിത്രത്തെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ‘ദിലീഷ് പോത്തന്റെ ‘ജോജി’ കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. നിരൂപണവും കണ്ടിരുന്നു. തുടക്കത്തില്‍ തന്നെ മക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ “മക്ബൂല്‍” പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്റർടെയ്‌നർ പോലും ആകാന്‍ കഴിഞ്ഞില്ല. ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ്‌ മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്കാരമായി ചുരുങ്ങി.( ആ പ്രേത ദര്‍ശനം തരക്കേടില്ല.) ഏതു ധനികഗൃഹത്തിലും നടക്കാവുന്ന , അനേകം സിനിമ കളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും പ്ലെയിങ് ഔട്ട് മാത്രം. പ്രശ്നം വിശദാംശങ്ങളില്‍ അല്ല, കോൺസെപ്റ്റിൽ തന്നെയാണ്, അതിനാല്‍ അഭിനേതാ ക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല’, സച്ചിദാനന്ദന്റെ കുറിപ്പ്.

വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശിയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Covid 19 updates

Latest News