
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് കയറ്റുമതിയില്‍ പ്രധാനമന്ത്രിയ്ക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചതിന് അറസ്റ്റുചെയ്യപ്പെട്ടവരുടെ വാക്കുകള്‍ ട്വിറ്റര്‍ ട്രന്റിംഗില്‍ ഒന്നാമത്. എന്നെയും അറസ്റ്റുചെയ്യൂ എന്ന ഹാഷ്ടാഗോടെയാണ് റീട്വീറ്റുകള്‍ ട്രന്റിംഗാകുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള പ്രമുഖര്‍ ട്വിറ്ററില്‍ ഇത് പങ്കുവെച്ചിട്ടുണ്ട്.

ട്വിറ്ററിന് പുറമെ മറ്റ് സോഷ്യല്‍ മീഡിയകളിലും പോസ്റ്ററിലെ വാക്കുകള്‍ ഏറ്റെടുത്ത് പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ പോസ്റ്ററിനൊപ്പം
‘മോദിജി ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള വാക്സിന് എന്തിനാണ് വിദേശത്തേക്ക് കൊടുത്തയച്ചത്’, എന്നെഴുതിയ പോസ്റ്റര്‍ ഡല്‍ഹി നഗരത്തിന്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയായിരുന്നു ഡല്‍ഹി സ്പെഷല്‍ ബ്രാഞ്ച് ഡല്‍ഹി പോലീസ് കമ്മീഷണര്‍ വിഷയത്തില്‍ ഇടപെട്ടതും പതിനഞ്ചോളം പേരെ പൊലീസ് അറസ്റ്റുചെയ്തതും. ഇവരില്‍ ഭൂരിഭാഗവും രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത കൂലിപ്പണിക്കാരായിരുന്നു.
ഇതുവരെ സംഭവത്തില്‍ ഇരുപത്തഞ്ചോളം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. മുപ്പത് വയസ്സുകാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍, 61 കാരനായ മരപ്പണിക്കാരന് എന്നിവരടക്കമുള്ളവരെയാണ് ഡല്‍ഹി പൊലീസ് പോസ്റ്റര്‍ സംഭവത്തില്‍ അറസ്റ്റു ചെയ്തത്. തൊഴില്‍രഹിതരായ യുവാക്കളും അറസ്റ്റുചെയ്യപ്പെട്ടവരിലുണ്ട്. സംഭവത്തിന്റെ രാഷ്ട്രീയ പ്രധാന്യം പോലും അറിയാത്തവരാണ് അവരില്‍ പലരുമെന്നും ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് പറയുന്നു.
സംഭവത്തില്‍ കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നും അറസ്റ്റുചെയ്യപ്പെട്ട 24കാരന് പറയുന്നത് ഇത്തരത്തിലുള്ള പോസ്റ്റര്‍ പതിപ്പിക്കാന്‍ തന്നെ ഏല്‍പ്പിച്ചത് എഎപി എംഎല്‍എ ധീരേന്ദ്രകുമാറാണ് എന്നാണ്. പോസ്റ്റര്‍ ഒന്നിന് 600രൂപ വെച്ച് 15 പോസ്റ്ററുകള്‍ പതിപ്പിക്കാനാണ് തന്നെ ഏല്‍പ്പിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ച ധീരേന്ദ്രകുമാര്‍ പോസ്റ്ററിലെ അതേ വാചകങ്ങള്‍ തന്നെ പിന്നീട് ട്വീറ്റ് ചെയ്ത് പോസ്റ്റിനെ അനുകൂലിക്കുകയും ചെയ്തു.