
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചതിന്റെ പേരില്‍ 12 പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ ട്വിറ്ററില്‍ കോണ്‍ഗ്രസിന്റെ വ്യാപക പ്രതിഷേധം. പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്യുമെങ്കില്‍ തങ്ങളേയും വന്ന് അറസ്റ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് അനുഭാവികളുടെ പോസ്റ്റ്. എന്നെയും അറസ്റ്റ് ചെയ്യൂ എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പ്രതിഷേധം ഏറ്റെടുത്തുകൊണ്ട് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. മോദിജീ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുള്ള വാക്സിന് വിദേശത്ത് അയയ്ക്കുന്നത് എന്തിനാണെന്നായിരുന്നു രാഹുലിന്റെ ചോദ്യം.
രാഹുല്‍ ഗാന്ധിയ്ക്ക് തൊട്ടുപിന്നാലെ ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവ് പവന് ഖേരയും രംഗത്തെത്തി. പ്രധാനമന്ത്രിയോട് വാക്സിന് ചോദിച്ചാല്‍ അറസ്റ്റ് ചെയ്യുമെങ്കില്‍ എന്നെയും അറസ്റ്റ് ചെയ്തുകൊള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധ പോസ്റ്റുകള്‍.
കൊവിഡ് വാക്സിന് കയറ്റുമതിയില്‍ പ്രധാനമന്ത്രിയ്ക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചതിന് അറസ്റ്റുചെയ്യപ്പെട്ടരില് ഏറെ പേരും രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത കൂലിപ്പണിക്കാരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഓട്ടോഡ്രൈവറും കൂലിപ്പണിക്കാരുമുള്പ്പെടുന്ന സാധാരണക്കാരാണ് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും. മുപ്പത് വയസ്സുകാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍, 61 കാരനായ മരപ്പണിക്കാരന് എന്നിവരടക്കമുള്ളവരെയാണ് ഡല്‍ഹി പൊലീസ് പോസ്റ്റര്‍ സംഭവത്തില്‍ അറസ്റ്റു ചെയ്തത്.
‘മോദിജി ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള വാക്സിന് എന്തിനാണ് വിദേശത്തേക്ക് കൊടുത്തയച്ചത്’, എന്നെഴുതിയ പോസ്റ്റര്‍ ഡല്‍ഹി നഗരത്തിന്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞയാഴ്ച്ചയാണ്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് ഡല്‍ഹി സ്പെഷല്‍ ബ്രാഞ്ച് ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് വിവരം നല്‍കുകയായിരുന്നു. വ്യാഴാഴ്ച്ചയാണ് പോസ്റ്റര്‍ സംഭവത്തില്‍ പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്യുന്നത്.