
റിപ്പബ്ലിക് ചാനലിന്റെ ഹിന്ദി പതിപ്പായ റിപ്പബ്ലിക് ഭാരതിന് യുകെ ബ്രോഡ്കാസ്റ്റ് റെഗുലേറ്റര്‍ ചുമത്തിയ 20 ലക്ഷം രൂപ പിഴ ഒഴിവാക്കാന്‍ അര്‍ണബ് ഗോസ്വാമി മാപ്പെഴുതി നല്‍കിയത് 280 തവണ. ബ്രിട്ടീഷ് മീഡിയ വാച്ച്ഡോഗായ ഓഫ് കോം തന്നെയാണ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 ഫെബ്രുവരി 26 മുതല്‍ ഏപ്രില്‍ 9 വരെയുള്ള കാലയളവില്‍ ചാനല്‍ 280 തവണ ക്ഷമാപണം നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. റിപ്പോര്‍ട്ട് പരസ്യമായതോടെ അര്‍ണബ് ഗോസ്വാമിയ്ക്കെതിരെ ട്വിറ്ററില്‍ ട്രോള്‍ പെരുമഴ പെയ്യിക്കുകയാണ് നെറ്റിസണ്‍സ്. ഹിന്ദുത്വ നേതാവ് സവര്‍ക്കറിന്റെ മാപ്പ് പറയല്‍ റെക്കോര്‍ഡ് അര്‍ണബ് മറികടന്നു എന്ന മട്ടിലാണ് ട്രോളുകള്‍.
2019 സെപ്റ്റംബര്‍ മാസത്തില്‍ റിപബ്ലിക് ചാനല്‍ പ്രക്ഷേപണം ചെയ്ത ഒരു പ്രോഗ്രാം പ്രക്ഷേപണ ചട്ടം ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുകെ ബ്രോഡ്കാസ്റ്റ് റെഗുലേറ്റര്‍ 20000 പൗണ്ട് പിഴയിട്ടത്. ഇന്ത്യന്‍ രൂപയില്‍ 19.73 ലക്ഷം രൂപയോളം വരുമിത്. ചാനല്‍ പ്രക്ഷേപണ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പരിപാടിയില്‍ അര്‍ണാബ് മോശമായ ഭാഷ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുകെ ബ്രോഡ്കാസ്റ്റ് റെഗുലേറ്ററിന്റെ നടപടി. വിദ്വേഷ പരാമര്‍ശം, വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മതവിഭാഗങ്ങള്‍ക്കുമെതിരെ മോശമായ ഭാഷയില്‍ സംസാരിക്കുന്നു എന്ന് യുകെ കമ്മ്യൂണിക്കേഷന്‍ റെഗുലേറ്റര്‍ കണ്ടെത്തി. സംഭവത്തില്‍ മാപ്പുപറയുകയും ഇത് ചാനല്‍ സംപ്രേഷണം ചെയ്യണമെന്നും ഇവര്‍ റിപബ്ലിക് ടിവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൂച്ച്താ ഹെയ് ഭാരത് എന്ന പ്രോഗ്രാമില്‍ അര്‍ണാബ് ഉപയോഗിച്ച ഭാഷ ചട്ടലംഘനമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ ചാന്ദ്രയാന്‍ 2 പദ്ധതിയോടനുബന്ധിച്ച് അര്‍ണാബ് ഗോസാമി നടത്തിയ ചര്‍ച്ചയായിരുന്നു ഈ പ്രോഗ്രാം. ചര്‍ച്ചയില്‍ പാകിസ്താന് ജനങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ അര്‍ണാബ് പരാമര്‍ശം നടത്തിയിരുന്നു. പാകിസ്താനിലെ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരുമെല്ലാം തീവ്രവാദികളാണെന്നായിരുന്നു അര്‍ണാബ് പറഞ്ഞത്. ചര്‍ച്ചയില്‍ പങ്കെടുത്ത അതിഥികളും സമാനപരാമര്‍ശം നടത്തിയിരുന്നു.
- TAGS:
- Arnab Goswami
- Republic TV