Top

അർണബ് ഗോസ്വാമി: അപരന്റെ അനുഭവങ്ങൾ കോപ്പിയടിക്കുന്ന ആത്മഭാവനകളിലെ ഇതിഹാസ പുരുഷൻ

16 Jan 2021 5:36 AM GMT
റോൺജോന ബാനർജി

അർണബ് ഗോസ്വാമി: അപരന്റെ അനുഭവങ്ങൾ കോപ്പിയടിക്കുന്ന ആത്മഭാവനകളിലെ ഇതിഹാസ പുരുഷൻ
X

കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു പ്രസംഗത്തിനിടെ ടെലിവിഷൻ അവതാരകൻ അർണബ് ഗോസ്വാമി ഒരു കഥ പറഞ്ഞു. 2002ലെ ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്യുന്നതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപത്തുവെച്ച് ത്രിശൂലമേന്തിയ ഒരു കൂട്ടരിൽ നിന്നും അക്രമം നേരിട്ടതിന്റെ കഥയായിരുന്നു അത്. ഗംഭീര അനുഭവം. പക്ഷെ ഒരു ചെറിയ പ്രശ്‌നം. ഈ സംഭവം നടന്നിരുന്നു, പക്ഷെ അർണബിന് നേരെ ആയിരുന്നില്ലെന്ന് മാത്രം. രജ്‌ദീപ് സർദേശായി ഇങ്ങനെ ആക്രമിക്കപ്പെട്ടിരുന്നു, എൻഡിടിവിയിലെ മറ്റ് മാധ്യമപ്രവർത്തകർക്കും സമാന അനുഭവമുണ്ടായിരുന്നു. (രജ്‌ദീപ് സർദേശായി 2014-ൽ എഴുതിയ '2014: The Election that Changed India' എന്ന പുസ്‌തകത്തിൽ ഈ അനുഭവം വിവരിക്കുന്നുണ്ട്. അതിന് ശേഷമാണ് അർണബ് ഈ അവകാശവാദവുമായി രംഗത്തെത്തിയതെന്ന് ഓർക്കണം.)

അർണബിന്റെ പ്രഭാഷണത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്‌ത്‌ സർദേശായി തന്റെ ഞെട്ടൽ രേഖപ്പെടുത്തി. വീഡിയോ ഒരു തവണ പിൻവലിച്ചു, പിന്നീട് വീണ്ടും അപ്‌ലോഡ് ചെയ്തു. ട്വിറ്ററിലാകെ തല്ലായി. ബോസിനെ സംരക്ഷിക്കാൻ വേണ്ടി അർണബ് കലാപം റിപ്പോർട്ട് ചെയ്‌തിരുന്നു എന്ന് തെളിയിക്കാൻ റിപ്പബ്ലിക് ടിവി ജേർണലിസ്റ് ഒരു ഫോട്ടോഗ്രാഫ് വരെ കൊണ്ടുവന്നു. എന്നാൽ ഈ അവകാശവാദങ്ങളെ പൊളിച്ചടുക്കി അർണബിന്റെ മുൻ സഹപ്രവർത്തകർ തന്നെ രംഗത്തെത്തി.

അർണബിനെ ഗുജറാത്തിലേക്കയച്ചിരുന്നു, എന്നാൽ ഖേദയിലേക്കായിരുന്നു എന്നുമാത്രം. അതും സർദേശായിയുടെ കാർ അക്രമിക്കപ്പെട്ടതിന് ഒരാഴ്ച്ച കഴിഞ്ഞ്. ഫോട്ടോ എടുത്തത് അതുംകഴിഞ്ഞ്. അർണബ് പച്ചക്കള്ളം പറയുകയാണെന്ന സർദേശായിയുടെ ആരോപണത്തെ നിരവധി എൻഡിടിവി മാധ്യമപ്രവർത്തകർ തന്നെ പിന്താങ്ങി. ഗോസ്വാമിയുടെ സംരക്ഷണമേറ്റെടുത്തും സർദേശായിക്ക് അധിക്ഷേപവുമായും ആളുകൾ രംഗത്തെത്തി, ഇടയ്ക്കിടെ കേന്ദ്രസർക്കാരിന്റെയും, ഇപ്പോൾ അർണബിന്റെയും വക്താവിന്റെ കുപ്പായമെടുത്തിടുന്ന അനുപം ഖേർ ഉൾപ്പടെയുള്ളവർ.

ഇത്തരത്തിൽ പച്ചനുണകൾ ഉളുപ്പില്ലാതെ മൊഴിയാൻ ഒരാൾക്ക് എങ്ങനെ സാധിക്കുന്നു? 'വിചിത്രമോഹങ്ങളുടെ സ്വപ്നക്കൊട്ടാരത്തിൽ വസിക്കുന്നയാളെന്നാണ്', ഡെയ്‌ലി ഓ-യിൽ എഴുതിയ ലേഖനത്തിൽ മുതിർന്ന മാധ്യമപ്രവർത്തക സ്വാതി ചതുർവേദി അർണബിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യടുഡേയുടെ ചർച്ചക്കിടെ നിയമജ്ഞൻ സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞത് "അവരവരുടെ മനോമണ്ഡലങ്ങളിൽ ഇതിഹാസപുരുഷനായി" സ്വയംപ്രതിഷ്ഠിക്കാൻ ആർക്കും അവകാശമുണ്ടെന്നും.

അതൊക്കെവിട്ട് സാധാരണ ഭാഷയിൽ പറഞ്ഞാൽ തികഞ്ഞ കോപ്പിയടിയാണ് ഇത്. എഴുത്തുകാർ വാക്കുകൾ കോപ്പിയടിക്കും. എഴുതാൻ കഴിയാത്തവർ അനുഭവങ്ങൾ കോപ്പിയടിക്കും. സത്യമെന്ന് കേൾക്കുന്നയാർക്കും തോന്നുന്ന തരത്തിൽ വ്യക്തിപരമായ അനുഭവങ്ങളുമൊക്കെ ചേർത്തായിരുന്നു അർണബിന്റെ കള്ളക്കഥ. ഐഡി കാർഡ് ഇല്ലാത്തതിനാൽ പേടിച്ചുവിരണ്ട ഡ്രൈവർ, മുൻസീറ്റിലിരുന്ന അർണബ് ഗോസ്വാമി, ആൾക്കൂട്ടത്തിന്റെ ബഹളവും കോലാഹലവും അങ്ങനെയങ്ങനെ. ഈ കഥ, ശെരിക്കും തനിക്ക് തന്നെ സംഭവിച്ചതാണെന്ന് അർണബ് നിഷ്‌കളങ്കമായി കരുതുന്നുമുണ്ടാകാം. മനശ്ശാസ്ത്രത്തിൽ അങ്ങനെ പലതും സംഭവിക്കും.

ഒരുപക്ഷെ ഇങ്ങനെയൊക്കെ സംഭവിച്ചിരുന്നെകിൽ എന്ന് അർണബ് കൊതിച്ചിട്ടുണ്ടാകാം. സ്റ്റുഡിയോജാതനാണ് അർണബ് ഗോസാമി. ടൈംസ് നൗ ചാനലിന്റെ ഡെസ്‌കിലിരുന്നാണ് അസാമാന്യനായി അർണാബ് പടർന്നത്. അതിനുമുൻപ് അയാൾ ചെയ്‌തതൊന്നും ഓർത്തുവെക്കാനുംമാത്രം ഒന്നുമില്ല.

ഒരുപക്ഷെ, സംഭവിച്ചിട്ടില്ലാത്ത തന്റെ ഭൂതകാലത്തിലെ 'നിർഭയനായ മാധ്യമപ്രവർത്തകനെ' അർണബ് ഇപ്പോഴും മനസിൽ താരാട്ടുപാടി കൊണ്ടുനടക്കുന്നുണ്ടാകാം. അങ്ങേയറ്റം ആപത്കരവും സ്തോഭജനകവുമായ വാർത്തകൾ പുറത്തെത്തിച്ച അസാധ്യ മാധ്യമപ്രവർത്തകനായി തന്റെ പൂർവാശ്രമം സങ്കൽപ്പിച്ച് രതിമൂർച്ച അടയുന്നുണ്ടാകാം. എന്നാൽ സ്വന്തമായി ഒന്നുമില്ലാത്തപ്പോൾ മറ്റുള്ളവരുടെ ജീവിതാനുഭവങ്ങൾ മോഷ്ടിക്കുകയല്ലാതെ അർണബ് എന്തുചെയ്യാൻ! ചിലപ്പോൾ കടമെടുത്തതാകാം, തിരികെ നൽകാൻ പിന്നീട് മറന്നും പോയിട്ടുണ്ടാകും. "കലാപം ഞാൻ റിപ്പോർട്ട് ചെയ്‌തിരുന്നു, എന്നാൽ ഈ ഭാഗമായിരുന്നില്ല എനിക്ക് വേണ്ടിയിരുന്നത്. അതുകൊണ്ട് ഞാൻ കരുതി നിങ്ങളുടെ റിപ്പോർട്ടിങ് ഒന്ന് ശ്രമിക്കാമെന്ന്. എങ്ങനെയുണ്ടെന്ന് ഒന്ന് അറിയാമല്ലോ."

ഒട്ടനവധി ജേർണലിസം വിഭാഗങ്ങളിൽ ഒന്നുമാത്രമാണ് റിപ്പോർട്ടിങ്. പക്ഷെ അർണബ് തന്റെ ഭൂതകാലത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ധീരനാകണം അതിന്. മുബൈയിലെ മഴക്കാലത്തുപോലും ഒരു കുടയും പിടിച്ച് തുളസി പൈപ്പ് റോഡിലെ മേൽപ്പാലത്തിന് താഴെ നിൽക്കാൻ മെനക്കെടാത്തയാളാണ് അർണബ്.

പകരം റായ്‌ഗഡിൽ ചുറ്റിത്തിരിഞ്ഞ് ഷീന ബോറ വധക്കേസിന്റെ മാറാലകളെണ്ണാം അർണബിന്. അല്ലെങ്കിൽ ലീല പാലസ് ഹോട്ടലിൽ പോയി സുനന്ദാ പുഷ്‌കറിന്റെ മരണത്തിന്റെ കുരുക്കഴിക്കാം. അല്ലെങ്കിൽ സുശാന്ത് സിങ് രാജ്പുത്തിന്റെ.

എന്നാൽ എന്തെങ്കിലും ഒരുതരത്തിലുള്ള ജേർണലിസം അർണബ് ഗോസാമി അവസാനിപ്പിച്ചിട്ട് കുറച്ചധികം കാലമായി. പക്ഷെ ഇതാണ് 'പുതിയ ഇന്ത്യ'. ഇവിടെ ഇങ്ങനെയൊക്കെയാണ്.

(റിപ്പബ്‌ളിക് ടിവി എഡിറ്റർ അർണബ് ഗോസാമിയും ബാർക് തലവനുമായുള്ള വാട്ട്സ്ആപ്പ് ചാറ്റുകൾ പുറത്തായതോടെ അദ്ദേഹത്തിന്റെ ജേർണലിസത്തെക്കുച്ച്‌ വലിയ ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ മുതിർന്ന മാധ്യമപ്രവർത്തക റോൺജോന ബാനർജി ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.)

Next Story

Popular Stories