Top

സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ സ്വര്‍ണ്ണ പരിശോധകരുമായി അര്‍ജുന്‍ ആയങ്കിക്ക് അടുത്ത ബന്ധം; തെളിവായി ചിത്രങ്ങള്‍

കണ്ണൂരിലെ ബാങ്കുകളിലെ സ്വർണ്ണ പരിശോധകരുമായി ആകാശ് തില്ലങ്കേരിയും അടുത്ത ബന്ധം പുലർത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.

27 Jun 2021 10:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ സ്വര്‍ണ്ണ പരിശോധകരുമായി അര്‍ജുന്‍ ആയങ്കിക്ക് അടുത്ത ബന്ധം; തെളിവായി ചിത്രങ്ങള്‍
X

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കണ്ടെത്തിയ അർജുൻ ആയങ്കിക്ക് സഹകരണ ബാങ്കുകളിലെ സ്വർണ്ണ പരിശോധകരുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് സൂചന. ബാങ്കുകളിലെ സ്വർണ്ണപരിശോധകരും അർജുൻ ആയങ്കിയുടെ സംഘവും തമ്മിൽ അടുത്ത ബന്ധമാണെന്നതിൽ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ സ്വർണ്ണ പരിശോധകരുമായാണ് അർജുൻ അടുത്ത ബന്ധം പുലർത്തുന്നത്. ഇന്നലെ പാർട്ടി പുറത്താക്കിയ സജേഷ് കൊയ്യോട് ബാങ്കിലെ സ്വർണ്ണപരിശോധകനായിരുന്നു. ഇതിന് പിന്നാലെ ടൗൺ സഹകരണ ബാങ്കിലെ സ്വർണ്ണ പരിശോധകനുമായി അർജുൻ ആയങ്കി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളും പുറത്തുവരികയാണ്. ഈ ബാങ്കിലെ സ്വർണ്ണ പരിശോധകനായ ശ്രീജേഷുമായി അർജുൻ ആയങ്കി അടുത്ത ബന്ധമാണ് പുലർത്തുന്നതെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു. ശ്രീജേഷും അർജുൻ ആയങ്കിയും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തായിട്ടുണ്ട്. കണ്ണൂരിലെ ബാങ്കുകളിലെ സ്വർണ്ണ പരിശോധകരുമായി ആകാശ് തില്ലങ്കേരിയും അടുത്ത ബന്ധം പുലർത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.

അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി അര്‍ജുന്‍ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് അര്‍ജുന് നോട്ടീസ് അയച്ചിരുന്നു. അര്‍ജുന്‍ ആയങ്കിക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. അര്‍ജുന്‍ ആയങ്കിയുടെ സംഘം 22 തവണ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. കൂടുതലും കൊടുവള്ളി സംഘത്തിന്റെ സ്വര്‍ണ്ണമാണ് തട്ടിയെടുത്തിട്ടുള്ളത്. ആറരക്കോടിയോളം രൂപയുടെ സ്വര്‍ണ്ണം അര്‍ജുന്റെ സംഘം തട്ടിയെടുത്തിട്ടുണ്ടെന്ന വിവരമാണ് കസ്റ്റംസിന്റെ കൈവശമുള്ളത്.

Next Story

Popular Stories