Top

അര്‍ജുന്‍ ആയങ്കി എസ്‌കോര്‍ട്ട് പോയ സ്വര്‍ണ്ണം പൊട്ടിക്കാനെത്തിയത് പെരുമ്പാവൂര്‍ അനസിന്റെ ടീം?; പൊലീസിന് കുരുക്കുകളേറെ

മൊയ്തീന്റെ സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ ആയങ്കിയുടെ സംഘമെത്തിയിരുന്നോയെന്നും പരിശോധിക്കും.

25 Jun 2021 4:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അര്‍ജുന്‍ ആയങ്കി എസ്‌കോര്‍ട്ട് പോയ സ്വര്‍ണ്ണം പൊട്ടിക്കാനെത്തിയത് പെരുമ്പാവൂര്‍ അനസിന്റെ ടീം?; പൊലീസിന് കുരുക്കുകളേറെ
X

രാമനാട്ടുകര വാഹനപകടത്തിന് പിന്നാലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ള രണ്ട് ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ തേടി പൊലീസ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അര്‍ജുന്‍ ആയങ്കി, പാലക്കാട്, എറണാകുളം ജില്ലകളില്‍ വേരുള്ള ചരല്‍ ഫൈസല്‍, അനസ് പെരുമ്പാവൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെക്കുറിച്ചാണ് പൊലീസ് അന്വേഷണം.

രാമനാട്ടുകര അപകടത്തില്‍ മരിച്ച അഞ്ച് പേര്‍ ചെര്‍പ്പുള സ്വദേശിയായ ചരല്‍ ഫൈസലിന്റെ ഗ്യാഗില്‍പ്പെട്ടവരാണ്. ചരല്‍ ഫൈസലിന് ഗുണ്ടാത്തലവനായ അനസ് പെരുമ്പാവൂരുമായി അടുത്ത ബന്ധമുണ്ട്. രാമനാട്ടുകര ഓപ്പറേഷന്‍ അനസിന്റെ ആസൂത്രണത്തിലാണോ നടന്നതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ചരല്‍ ഫൈസലുമായി അടുപ്പമുള്ള അനസിന്റെ ഇടപെടല്‍ അതീവ ഗൗരവത്തോടെയാണ് പൊലീസ് പരിശോധിക്കുന്നത്.

അര്‍ജുന്‍ ആയങ്കിയുടെ സിപിഐഎം ബന്ധമാണ് പൊലീസ് അന്വേഷിക്കുന്ന മറ്റൊരു നിര്‍ണായക ഘടകം. ആയങ്കി ഉപയോഗിച്ച കാര്‍ ഒരു ഡിവൈഎഫ്‌ഐ നേതാവിന്റേതാണ്. കാര്‍ സംബന്ധിച്ച് ഉടമയായ പാർട്ടി നേതാവ് പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ക്യാരിയര്‍മാരില്‍ നിന്ന് സ്വര്‍ണം പൊട്ടിക്കുന്ന (തട്ടിയെടുക്കുന്ന) നിരവധി ഓപ്പറേഷനുകള്‍ ആയങ്കി നേരിട്ട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. താന്‍ കടത്തിയ സ്വര്‍ണ്ണം സ്ഥിരമായി തട്ടിയെടുക്കപ്പെട്ടതിനാലാണ് പ്രവാസിയായ മൊയ്തീന്‍ ചെര്‍പ്പുളശേരി ക്വട്ടേഷന്‍ സംഘത്തെ കരിപ്പൂരിലേക്ക് അയച്ചത്. മൊയ്തീന്റെ സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ ആയങ്കിയുടെ സംഘമെത്തിയിരുന്നോയെന്നും പരിശോധിക്കും.

സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തെക്കുറിച്ച് പൊലീസില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. നിയമവിരുദ്ധമായ പ്രവൃത്തിയായതിനാല്‍ ഇത്തരം സംഘങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നവരും കുടുങ്ങും, അതുകൊണ്ടു തന്നെ മൊയ്തീന്‍ ഉള്‍പ്പെടെ സ്വര്‍ണ്ണം പൊട്ടിക്കല്‍ ഇരകള്‍ക്ക് പരാതി നല്‍കാനാവില്ല. അനസിന്റെയും ചരല്‍ ഫൈസലിന്റെയും ആസൂത്രണത്തിലാണ് ചെര്‍പ്പുളശേരി സംഘം കരിപ്പൂരിലെത്തിയതെന്നാണ് സൂചന. മറുവശത്ത് ആയങ്കിയും സംഘവും ശക്തമായി നിലയുറപ്പിച്ചിരുന്നു. ക്യാരിയറായ ഷഫീഖിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതും അര്‍ജുന്‍ ആയങ്കി തന്നെയാണ്.

വിമാനത്തിനുള്ളില്‍ കയറുമ്പോള്‍ ഇട്ട വസ്ത്രം ധരിച്ച് പുറത്തേക്ക് വരരുതെന്ന് ആയങ്കി ഷഫീഖിന് നിര്‍ദേശം നല്‍കിയിരുന്നു. ബോംബെ അധോലോക സിനിമകള്‍ക്ക് സമാനമായ ആസൂത്രണമാണ് ആയങ്കി നടത്തിയതെന്നാണ് സൂചന. ആയങ്കി എത്തുന്നതിന് മുന്‍പ് തന്നെ ഷഫീഖിനെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കാന്‍ ചെര്‍പ്പുളശേരി സംഘത്തിന് നിര്‍ദേശം ലഭിച്ചിരുന്നു.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള വിദഗ്ദ്ധരുടെ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് അന്വേഷണ ചുമതല. പൊട്ടിക്കല്‍ സംഘവും, സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമെല്ലാം അന്വേഷണ പരിധിയില്‍പ്പെടും. ആയങ്കിയും ചരല്‍ ഫൈസലും ഉള്‍പ്പെടെയുള്ള എല്ലാ ക്വട്ടേഷന്‍ സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. പ്രവാസികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങളും അന്വേഷിക്കും.

Next Story