Top

കണ്ടുകിട്ടിയ അര്‍ജുന്‍ ആയങ്കിയുടെ കാര്‍ അരമണിക്കൂറിനുള്ളില്‍ വീണ്ടും അപ്രത്യക്ഷമായി; പൊലീസ് മാറ്റിയതെന്നും ആക്ഷേപം

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടേയില്ലെന്ന് എസ്പി ഓഫീസ് മറുപടി നല്‍കുകയായിരുന്നു.

24 Jun 2021 5:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ടുകിട്ടിയ അര്‍ജുന്‍ ആയങ്കിയുടെ കാര്‍ അരമണിക്കൂറിനുള്ളില്‍ വീണ്ടും അപ്രത്യക്ഷമായി; പൊലീസ് മാറ്റിയതെന്നും ആക്ഷേപം
X

രാമനാട്ടുകര സ്വര്‍ണ്ണക്കടത്തുകേസില്‍ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കണ്ടുകിട്ടിയെന്ന റിപ്പോര്‍ട്ടിന് തൊട്ടുപിന്നാലെ അഴീക്കോടെത്തിയിട്ടും കാര്‍ കണ്ടെത്താന്‍ കഴിയാതെ കസ്റ്റംസ് സംഘം. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ചിത്രങ്ങളിലും മറ്റും കാണുന്ന അഴീക്കോട്ടെ പൂട്ടിയ കപ്പല്‍ പൊളി ശാലയില്‍ രിശോധന നടത്തിയിട്ടും കാറിന്റെ പൊടിപോലും കണ്ടെത്താനായില്ലെന്നാണ് കസ്റ്റംസ് അറിയിക്കുന്നത്. റിപ്പോര്‍ട്ടും ചിത്രങ്ങളും പുറത്തുവന്ന ശേഷം അരമണിക്കൂറിനുള്ളില്‍ തങ്ങള്‍ കപ്പല്‍ പൊളി ശാലയിലെത്തിയെന്ന് കസ്റ്റംസ് പറയുന്നു. ഈ സമയത്തിനുള്ളില്‍ കാര്‍ മാറ്റിയതാരാണ് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. ഇതും കേസിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.

കസ്റ്റംസിന്റെ ഡിആര്‍ഐ സംഘം അന്വേഷിച്ച് വരുന്നതിന് മുന്‍പ് പൊലീസ് തന്നെയാകാം കാര്‍ മാറ്റിയതെന്ന് വ്യാപകമായ ആക്ഷേപം ഉയരുന്നതായി ട്വന്റി ഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ ആക്ഷേപത്തിന് തൊട്ടുപിന്നാലെ കണ്ണൂര്‍ എസ്പി ഓഫീസില്‍ കസ്റ്റംസ് കാര്‍ അന്വേഷിച്ചുപോയിട്ടും നിരാശ തന്നെയായിരുന്നു ഫലം. അര്‍ജുന്‍ ആയങ്കിയുടെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടേയില്ലെന്ന് എസ്പി ഓഫീസ് മറുപടി നല്‍കുകയായിരുന്നു. രാമനാട്ടുകര സ്വര്‍ണ്ണക്കടത്തുകേസിലെ തൊണ്ടി കൂടിയായ ഈ കാര്‍ അര്‍ജുന്‍ ആയങ്കിയുടെ ക്വട്ടേഷന്‍ ടീമംഗങ്ങള്‍ മാറ്റിയതാകാം എന്ന സാധ്യതയാണ് അന്വേഷണസംഘം ഇപ്പോള്‍ പരിഗണിക്കുന്നത്.

അര്‍ജുന്‍ ആയങ്കിയേയും സുഹൃത്ത് ആകാശ് തില്ലങ്കേരിയേയും തള്ളി സിപിഐഎം രംഗത്തെത്തിയിരുന്നു. ഇരുവര്‍ക്കെതിരേയും പ്രാദേശികമായി പ്രചരണം നടത്താനാണ് സിപിഐഎമ്മിന്റെ തീരുമാനം. സമൂഹമാധ്യമങ്ങളില്‍ സിപിഐഎം പ്രചാരണത്തിന് ക്വട്ടേഷന്‍ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ജൂലൈ അഞ്ചിന് കണ്ണൂര്‍ ജില്ലയിലെ 3800 കേന്ദ്രങ്ങളില്‍ പ്രചരണ പരിപാടി സംഘടിപ്പിക്കുമെന്നും ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വ്യക്തമാക്കി.

സിപിഐഎം രാഷ്ട്രീയ പ്രചരണത്തിന് വേണ്ടിയാണ് സമൂഹമാധ്യമ ഇടങ്ങളെ ഉപയോഗിക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. ക്വട്ടേഷന്‍ സംഘത്തിലെ ഒരാളേയും സൈബര്‍ പ്രവര്‍ത്തനത്തിന് പാര്‍ട്ടി ഏല്‍പ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ജയരാജന്‍ ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കില്ലെന്നും അറിയിച്ചു.

Next Story