കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: ടിപി വധക്കേസ് പ്രതിയും അര്ജുന് ആയങ്കിയും തമ്മിലുള്ള ബന്ധത്തിന് കസ്റ്റംസ് മതിയായ തെളിവുകള്‍ നല്‍കിയെന്ന് ഹൈക്കോടതി
കഴിഞ്ഞ ദിവസം കസ്റ്റംസ് സമര്‍പ്പിച്ച തെളിവുകളാണ് ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ പര്യാപ്തമാമെന്ന് കോടതി അറിയിച്ചത്.
9 July 2021 9:02 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കിയും ടിപി വധക്കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ കസ്റ്റംസ് സമര്‍പ്പിച്ചതായി ഹൈക്കോടതി. കഴിഞ്ഞ ദിവസം കസ്റ്റംസ് സമര്‍പ്പിച്ച തെളിവുകളാണ് ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ പര്യാപ്തമാമെന്ന് കോടതി അറിയിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം കസ്റ്റംസിന് ഹൈക്കോടതിയ്ക്ക് മുന്നില്‍ തെളിയിക്കാനായെങ്കിലും അര്ജുന് ആയങ്കിയെ നാലുദിവസം കൂടി കസ്റ്റഡിയില്‍ വാങ്ങാനുള്ള കസ്റ്റംസ് നീക്കം പാളി. അര്‍ജുനേയും ഷാഫിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റംസ് അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ കിട്ടുന്നതിനായി അപേക്ഷ നല്‍കിയത്. എന്നാല്‍ എറണാകുളം സാമ്പത്തിക കുറ്റങ്ങള്‍ക്കുള്ള കോടതി കസ്റ്റംസിന്റെ ഈ ആവശ്യം തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസവും കസ്റ്റംസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതി തള്ളിയിരുന്നു.
കസ്റ്റഡിയില്‍ എടുത്ത രണ്ടാം ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് അര്ജുന് ആയങ്കി മുന്‍പ് കോടതിയ്ക്കുമുന്നില്‍ പറഞ്ഞിരുന്നു. അര്ജുന് ആയങ്കിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ വാദിച്ചിരുന്നു. ടിപി വധക്കേസ് പ്രതികളായ കൊടി സുനിയും, മുഹമ്മദ് ഷാഫിയുമാണ് അര്ജുന് ആയങ്കിയെ സംരക്ഷിക്കുന്നതെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തല്‍. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് ഷാഫിയേയും അര്‍ജുനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങിയത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കണ്ണൂര്‍ സംഘത്തിന് സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് വാദിക്കുന്നത്. മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്ന് ഇലക്ട്രോണിക് തെളിവുകള്‍ കിട്ടി. ആഡംബര ജീവിതമാണ് അര്ജ്ജുന് നടത്തിയിരുന്നത്. നിയമ വിരുദ്ധമായ വരുമാനത്തിന്റെ തെളിവാണിത്. സ്വര്‍ണക്കടത്തിന്റെ ആസുത്രകന്‍ ആണ് അര്ജ്ജുന് ആയങ്കിയാണെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മറയാക്കി സ്വര്‍ണക്കടത്ത് നടത്തിയെന്ന ഗുരുതരമായ ആരോപണവും കസ്റ്റംസ് കസ്റ്റഡി അപേക്ഷയില്‍ ഉന്നയിക്കുന്നുണ്ട്. ഈ ബന്ധം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയില്‍ ഉള്‍പ്പെടെ നിറഞ്ഞു നില്ക്കുന്ന പ്രതികള്‍ യുവാക്കളെ സ്വാധീനിക്കാനും ഇത് ഉപയോഗിച്ചു എന്നും കസ്റ്റംസ് ആരോപിച്ചിരുന്നു.