Top

അര്‍ജുന്റെ അഭിഭാഷകന്റെ പാര്‍ട്ടി ബന്ധം ചൂണ്ടിയും വിവാദം; റമീസിന് പി ജയരാജനുമായി അടുത്ത ബന്ധമെന്ന് ആരോപണം

അര്‍ജുന്‍ ആയങ്കിയുടെ അഭിഭാഷകനായ അഡ്വക്കേറ്റ് പികെ റമീസ് മുന്‍ എസ്എഫ്‌ഐ സംസ്ഥാന നേതാവാണെന്നത് ഉയര്‍ത്തിക്കാട്ടിയാണ് വിവാദം. റമീസ് പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗവും ഇരിട്ടി ഏരിയ സെക്രട്ടറിയുമായിരുന്നെന്ന സൂചനയും ഉയരുന്നുണ്ട്

29 Jun 2021 5:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അര്‍ജുന്റെ അഭിഭാഷകന്റെ പാര്‍ട്ടി ബന്ധം ചൂണ്ടിയും വിവാദം; റമീസിന് പി ജയരാജനുമായി അടുത്ത ബന്ധമെന്ന് ആരോപണം
X

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്കുവേണ്ടി ഹാജരായ അഭിഭാഷകന്റെ രാഷ്ട്രീയ ചായ്‌വ് ചൂണ്ടിയും വിവാദം പുകയുന്നു. അര്‍ജുന്‍ ആയങ്കിയുടെ അഭിഭാഷകനായ അഡ്വക്കേറ്റ് പികെ റമീസ് മുന്‍ എസ്എഫ്‌ഐ സംസ്ഥാന നേതാവാണെന്നത് ഉയര്‍ത്തിക്കാട്ടിയാണ് വിവാദം. റമീസ് പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗവും ഇരിട്ടി ഏരിയ സെക്രട്ടറിയുമായിരുന്നെന്ന സൂചനയും ഉയരുന്നുണ്ട്. റമീസ് പി ജയരാജനുമായി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നതെന്നും വിവരമുണ്ട്. മനോരമ ന്യൂസാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

അര്‍ജുന്‍ കുറ്റം ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ തെളിവ് നശിപ്പിക്കേണ്ടകാര്യമില്ലെന്നും അര്‍ജുന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. സ്വര്‍ണ്ണം കടത്തുന്ന കാര്യം അറിയാമെന്ന വിധത്തില്‍ യാതൊരു മൊഴിയും കസ്റ്റംസിന് മുന്നില്‍ നല്‍കിയിട്ടില്ല. അര്‍ജുന്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ് സ്ഥീരീകരിച്ചിട്ടില്ലെന്നും അര്‍ജുന്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നുമായിരുന്നു റമീസിന്റെ പ്രതികരണം.

തനിക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കില്ലെന്നും നിരപരാധിയാണെന്നും അര്‍ജുന്‍ ആയങ്കിയും പ്രതികരിച്ചിരുന്നു. പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും മാധ്യമങ്ങളും കസ്റ്റംസും ചേര്‍ന്ന് പലതും കെട്ടിച്ചമക്കുകയാണെന്നും അര്‍ജ്ജുന്‍ ആയങ്കി പറഞ്ഞു.‘എന്റെ നിരപരാധിത്വം ഞാന്‍ തെളിയിച്ചോളും. നിങ്ങള്‍ പാര്‍ട്ടിയെ ഇതിലേക്ക് വഴിച്ചിഴക്കരുത്.’ അര്‍ജ്ജുന്‍ ആയങ്കി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം അര്‍ജുന്‍ ആയങ്കി കളവ് പറയുന്നുവെന്നാണ് കസ്റ്റംസിന്റെ പ്രതികരണം. അര്‍ജുന്റെ മൊഴി വിശ്വാസത്തില്‍ എടുക്കാന്‍ കഴിയില്ല. മുഹമ്മദ് ഷഫീക്ക് നേരത്തെ വാങ്ങിയ പണം വാങ്ങാനാണ് താന്‍ വിമാനതാവളത്തില്‍ എത്തിയതെന്നാണ് അര്‍ജുന്‍ പറയുന്നത്. അര്‍ജുന്‍ ഫോണ്‍ അടക്കമുള്ള തെളിവുകള്‍ നശിപ്പിച്ചുവെന്നും കസ്റ്റംസ് പറഞ്ഞു.

Next Story