‘അര്ജ്ജുന് ആയങ്കി ഒളിവില്‍ കഴിഞ്ഞത് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്കൊപ്പം’; അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ കസ്റ്റംസ് തെളിവെടുപ്പ്
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്ജ്ജുന് ആയങ്കി ഒളിവില്‍ കഴിഞ്ഞത് ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയ്ക്ക് ഒപ്പമെന്ന് റിപ്പോര്‍ട്ട്. അര്ജ്ജുന് ആയങ്കിയുമായി കണ്ണൂരില്‍ തെളിവെടുപ്പിന് എത്തിയ കസ്റ്റംസ് സംഘം മുഹമ്മദ് ഷാഫിയുടെ വീട്ടിലും തെളിവെടുപ്പ് നടത്തി. കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവര്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗമാണ് അര്ജ്ജുന് ആയങ്കിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഷാഫി സഹായിച്ചെന്ന് അര്ജ്ജുന് ആയങ്കിയും മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ടിപി വധക്കേസില്‍ പരോളിലാണ് […]
3 July 2021 5:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്ജ്ജുന് ആയങ്കി ഒളിവില്‍ കഴിഞ്ഞത് ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയ്ക്ക് ഒപ്പമെന്ന് റിപ്പോര്‍ട്ട്. അര്ജ്ജുന് ആയങ്കിയുമായി കണ്ണൂരില്‍ തെളിവെടുപ്പിന് എത്തിയ കസ്റ്റംസ് സംഘം മുഹമ്മദ് ഷാഫിയുടെ വീട്ടിലും തെളിവെടുപ്പ് നടത്തി. കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവര്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗമാണ് അര്ജ്ജുന് ആയങ്കിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഷാഫി സഹായിച്ചെന്ന് അര്ജ്ജുന് ആയങ്കിയും മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ടിപി വധക്കേസില്‍ പരോളിലാണ് നിലവില്‍ മുഹമ്മദ് ഷാഫി.
അതേസമയം, കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാകേസില്‍ അര്ജുന് ആയങ്കിയുമായുള്ള കസ്റ്റംസ് തെളിവെടുപ്പ് തുടരുകയാണ്. നിലവില്‍ നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങുന്ന അര്‍ജുന്റെ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. ഫോണ്‍ കളഞ്ഞ് പോയെന്ന ആര്ജുന് ആയങ്കിയുടെ മൊഴി യുക്തിരഹിതമാണെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഫോണ്‍ കൈമാറാതിരിക്കാന്‍ അര്ജുന് മനപൂര്‍വം കളവ് പറയുന്നുവെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇതിനിടെ തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ അര്‍ജുന്റെ ഭാര്യക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും കണ്ണൂരിലെത്തിച്ച അര്ജുന് ആയങ്കിയുമായി വളംപട്ടണം പുഴയുടെ സമീപത്താണ് കസ്റ്റംസിന്റെ ആദ്യ തെളിവെടുപ്പ് നടന്നത്. ഇവിടെയാണ് കാര്‍ ഒളിപ്പിച്ച നിലയില്‍ ആദ്യം കണ്ടെത്തിയത്. കാര്‍ ഒളിപ്പിച്ച് ഓടി പോകുന്നതിനിടെ ഫോണ്‍ കളഞ്ഞ് പോയെന്ന അര്ജുന് ആയങ്കിയുടെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. അരക്കൊപ്പം വെള്ളമുള്ള പുഴയില്‍ ഫോണ്‍ കളഞ്ഞുവെന്നായിരുന്നു ആദ്യമൊഴി. എന്നാല്‍ വെള്ളം തീരെ കുറവായ പുഴയില്‍ അതിനുള്ള സാധ്യതയില്ലെന്ന് കസ്റ്റംസിന് ബോധ്യമായിട്ടുണ്ട്.
കൂടുതല്‍ പരിശോധനക്കായി ആര്‍ജുന്റെ അഴീക്കലിലെ കപ്പക്കടവിലെ വീട്ടിലും പരിശോധന നടത്തി. കൂടുതല്‍ അന്വേഷണത്തില്‍ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച തെളിവുകളും ലഭിക്കുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്. അതേസമയം ഒളിവില്‍ പോയ അര്‍ജുന്റെ കൂട്ടാളികളെക്കുറിച്ചും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാനും കസ്റ്റംസ് നീക്കം നടത്തുന്നുണ്ട്.
വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഭാര്യയും സഹോദരനുമാണ് കഴിയുന്നത്. ഇവിടെ നേരത്തെ നടത്തിയ പരിശോധയില്‍ കൂടുതല്‍ രേഖകള്‍ കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്റെ ആധികാരികത അര്‍ജുനില്‍ നിന്നും കസ്റ്റംസ് തേടിയിട്ടുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം അര്ജുന് ആയങ്കിയുമായി കസ്റ്റംസ് സംഘം കൊച്ചിയിലേക്ക് മടങ്ങും.